കാസര്‍കോട്: അയോധ്യയിലെ രാമജന്മഭൂമി ഹിന്ദുസമൂഹത്തിനു അവകാശപ്പെട്ടതാണെന്ന സുപ്രീംകോടതി വിധിക്കു ശേഷവും ബാബറി മസ്ജിദിനു വേണ്ടിയുള്ള വിദ്വേഷപ്രചരണം അപലപനീയമാണെന്നും പൊതുസമൂഹവും ഭരണകൂടവും ഈ വിഷയത്തില്‍ കൂടുതല്‍ ജാഗ്രത കാട്ടണമെന്നും യുവമോര്‍ച്ച കാസര്‍കോട് ജില്ലാ അദ്ധ്യക്ഷന്‍ ധനഞ്ജയന് മധൂര്‍ പറഞ്ഞു.
വിദ്യാലയങ്ങളില്‍ മതത്തിന്റെ പേരില്‍ വിദ്വേഷ പ്രചരണം നടക്കുകയാണ്. കേരളത്തിലെ പല ജില്ലകളിലും ഡിസംബര്‍ 6ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വിദ്യാലയങ്ങള്‍ക്കു മുന്നില്‍ ‘ഞാന്‍ ബാബറി’ ക്യാമ്പയിന് സംഘടിപ്പിക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി ജില്ലയിലെ കുമ്പള ഗവ.എച്ച്എസ്എസിനു മുന്നിലും വിദ്വേഷക്യാമ്പയിന് നടന്നതായി വാര്‍ത്തകള്‍ വന്നിരിക്കുന്നു. ഇത്തരം പ്രചരണപരിപാടികള്‍ക്ക് പിന്നില്‍ കൃത്യമായ ആസൂത്രണമുണ്ടെന്നത് തീര്‍ച്ചയാണ്.
കേരളത്തിലെ ന്യൂനപക്ഷ സമൂഹത്തിനിടയില്‍ ഭീതിപരത്താന്‍ അടുത്തിടെ ചില തീവ്ര ഇസ്ലാമിക സംഘടനകളുടെ നേതൃത്വത്തില്‍ വലിയ ശ്രമം നടക്കുകയാണ്. ഇവര്‍ക്കെതിരെ സ്വസമുദായത്തില്‍ നിന്നും തന്നെ ചെറുത്ത് നില്പ്പുയരേണ്ടതുണ്ട്. അല്ലാത്തപക്ഷം എതിര്‍ശബ്ദങ്ങളെ ഇസ്ലാമോഫോബിസ്റ്റുകള്‍ എന്നു മുദ്രകുത്തി നിശബ്ദരാക്കാന്‍ ശ്രമമുണ്ടാകും. ഈ രാഷ്ട്രത്തിന്റെ അഖണ്ഡതയെയും ജനാധിപത്യസംവിധാനത്തെയും ഭരണഘടനയെയും തകര്‍ക്കാനുള്ള നീക്കം യുവമോര്‍ച്ചയ്ക്ക് കൈയ്യും കെട്ടി നോക്കി നില്‍ക്കാനാവില്ല.
സംഘപരിവാര്‍ സംഘടനകളാണ് തങ്ങളുടെ ശത്രുക്കളെന്നാണ് ഇത്തരം ജിഹാദി സംഘടനകളുടെ പ്രചരണമെങ്കിലും വാസ്തവത്തില്‍ തങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കാത്ത മുഴുവന്‍ സംഘടനകളെയും ഇവര്‍ ശത്രുക്കളായി കാണുന്നു. ഈ ശക്തികളുടെ വോട്ടുബാങ്കിനെ ഭയന്ന് സംസ്ഥാന സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നും ധനഞ്ജയന് മധൂര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: