ന്യൂദല്‍ഹി: കോവിഡ് മഹാമാരി നല്കിയ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍, ഭാവിയിലെ ജോലി സാഹചര്യങ്ങള്‍ മുന്നില്‍കണ്ട് ‘വര്‍ക് ഫ്രം ഹോം’ സംവിധാനത്തിന് നിയമപരമായ മാര്‍ഗരേഖ തയാറാക്കാനുള്ള ആലോചനയുമായി കേന്ദ്ര സര്‍ക്കാര്‍. വീട്ടിലിരുന്നു ജോലി ചെയ്യുന്ന തൊഴിലാളികളുടെ കാര്യത്തില്‍ തൊഴിലുടമയുടെ ഉത്തരവാദിത്തം വ്യക്തമാക്കുന്ന വ്യവസ്ഥയും ഉണ്ടാകും.
വീട്ടിലെ ജോലിസമയം, അവധി, അതിവേഗ ഇന്റര്‍നെറ്റ് ലഭ്യത, വൈദ്യുതി, ഇന്റര്‍നെറ്റ് എന്നിവയുമായി ബന്ധപ്പെട്ട അധികച്ചെലവുകള്‍, മറ്റു സേവന/വേതന വ്യവസ്ഥകള്‍ തുടങ്ങിയവ കണക്കിലെടുത്തുള്ള നിയമ വ്യവസ്ഥകളാണ് ഉദ്ദേശിക്കുന്നത്. രൂപരേഖ തയാറാക്കാന്‍ കണ്‍സല്‍റ്റന്‍സിയെ നിയോഗിക്കുന്നതും പരിഗണനയിലുണ്ട്. സേവനമേഖലയിലെ വര്‍ക്ക് ഫ്രം ഹോം സംവിധാനം ഈ വര്‍ഷം ജനുവരിയില്‍ കേന്ദ്രസര്‍ക്കാര്‍ ഔപചാരികമാക്കിയിരുന്നു. മുന്നൂറിലേറെ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്കു ബാധകമായ സ്റ്റാന്‍ഡിങ് ഓര്‍ഡറാണ് തൊഴില്‍മന്ത്രാലയം പുറത്തിറക്കിയത്. ജീവനക്കാരും തൊഴിലുടമകളും തമ്മില്‍ പരസ്പര ധാരണയില്‍ ജോലിസമയവും മറ്റും നിശ്ചയിക്കാനാണ് ഇതില്‍ നിര്‍ദേശിച്ചത്.
എല്ലാ മേഖലയിലെയും തൊഴില്‍ സ്വഭാവവും സാഹചര്യങ്ങളും പരിഗണിച്ചായിരിക്കും പുതിയ മാര്‍ഗരേഖ തയ്യാറാക്കുന്നത്. നേരത്തെ പോര്‍ച്ചുഗല്‍ സര്‍ക്കാര്‍ ഇത്തരത്തില്‍ തൊഴില്‍നിയമം ഭേദഗതി ചെയ്തിരുന്നു. വീട്ടിലിരുന്നു ജോലി ചെയ്യുന്നവരുടെ ഇന്റര്‍നെറ്റ്, വൈദ്യുതി ചിലവ് കമ്പനികള്‍ വഹിക്കാനും നിര്‍ദേശമുണ്ട്. കമ്പനികളുടെ സൗകര്യം പരിഗണിച്ചു ‘വര്‍ക് ഫ്രം ഹോം’ തീരുമാനിക്കുന്നതാണ് ഇപ്പോഴത്തെ രീതി. പുതിയ നിയമം വരുന്നതോടെ ഇത് മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: