പത്തനംതിട്ട: സ്കൂള്‍ വിദ്യാര്‍ഥികളെ വഴിയില്‍ തടഞ്ഞുനിര്‍ത്തി നെഞ്ചത്ത് ഞാന്‍ ബാബറി എന്ന സ്റ്റിക്കര്‍ പതിപ്പച്ച സംഭവത്തില്‍ കേസെടുത്ത് പോലീസ്. മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിക്കുക, മതസൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിക്കുക എന്നീ കുറ്റങ്ങള്‍ ചുമത്തി ചുങ്കപ്പാറ സ്വദേശി മുനീര്‍ ഇബ്നു നസീര്‍, കണ്ടാലറിയാവുന്ന മറ്റു രണ്ടുപേര്‍ എന്നിവര്‍ക്കെതിരേയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇവര്‍ ഒളിവിലാണ്. ഇവരുടെ വീടുകളില്‍ പോലീസ് റെയ്ഡ് നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. എസ്ഡിപിഐയുടെ പ്രധാന പ്രവര്‍ത്തകരാണ് മൂന്നു പേരും. കുട്ടികളുടെ രക്ഷിതാക്കളടക്കമുള്ളവരുടെ പരാതികളും ലഭിച്ചിട്ടുണ്ടെന്നു പെരുമ്പെട്ടി പോലീസ് അറിയിച്ചു. ഇവര്‍ മുന്‍പും ഇത്തരത്തിലുള്ള മതസ്പര്‍ദ്ദ വളര്‍ത്തുന്ന വിഷയങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രചരിപ്പിക്കുന്നവരാണെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൊച്ചുകുട്ടികള്‍ ബാഡ്ജുമായി സ്കൂളില്‍ എത്തിയപ്പോഴാണ് വിവരമറിയുന്നതെന്നു ഹെഡ്മാസ്റ്റര് ജോസ് മാത്യു പറഞ്ഞു. അപ്പോള്‍ത്തന്നെ ബാഡ്ജ് നീക്കം ചെയ്യാന്‍ കുട്ടികളോട് ആവശ്യപ്പെട്ടിരുന്നു. ഉച്ചകഴിഞ്ഞു ചേര്‍ന്ന പിടിഎ കമ്മിറ്റിയോഗം പെരുമ്പെട്ടി പോലീസില്‍ പരാതി നല്കി. സ്കൂള്‍ മാനേജരെയും തിരുവല്ല ഡിഇഒയെയും വിവരം അറിയിച്ചതായും ഹെഡ്മാസ്റ്റര് അറിയിച്ചു.
അതേസമയം, ബാഡ്ജ് ധരിപ്പിച്ച സംഭവത്തില്‍ സംഘര്‍ഷം സൃഷ്ടിക്കാനുള്ള ചില സംഘടനകളുടെ ആസൂത്രിത നീക്കമുണ്ടെന്നാണ് പോലീസ് കരുതുന്നത്. ചുങ്കപ്പാറ കോട്ടാങ്ങല്‍ സെന്റ് ജോര്‍ജ് ഹൈസ്കൂളിലെ കുട്ടികളെയാണ് തിങ്കളാഴ്ച രാവിലെ സ്കൂള്‍ കവാടത്തിനു സമീപം ചിലര്‍ വഴിയില്‍ തടഞ്ഞു വസ്ത്രത്തില്‍ ബാഡ്ജുകള്‍ കുത്തിയത്. ‘ഐ ആം ബാബറി’ എന്നെഴുതിയ ബാഡ്ജാണ് ധരിപ്പിച്ചത്.
ആണ്‍കുട്ടികളുടെ ഷര്‍ട്ടില്‍ ബാഡ്ജ് കുത്തുകയും പെണ്‍കുട്ടികള്‍ക്കു കൈയില്‍ നല്‍കുകയുമായിരുന്നു. ചുങ്കപ്പാറ സ്വദേശിയായ ഒരാളുടെ പേരിലുള്ള സമൂഹമാധ്യമ അക്കൗണ്ടില്‍ ബാഡ്ജ് കുത്തിക്കൊടുക്കുന്നതും കുട്ടികള്‍ ഇതുമായി നില്ക്കുന്നതുമായ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതോടെയാണ് വിവാദമുണ്ടായത്.
വിവിധ മതസ്ഥരായ കുട്ടികളെ നിര്‍ബന്ധിച്ചു ബാബറിയുടെ ബാഡ്ജ് ധരിപ്പിച്ചതില്‍ നടപടിയുമായി ദേശീയ ബാലാവകാശ കമ്മീഷനും വിശദീകരണം തേടി. സംഭവത്തില്‍ പത്തനംതിട്ട പോലീസ് മേധാവിയോടു റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നു കമ്മീഷന് ചെയര്‍പേഴ്സണ്‍ പ്രിയങ്ക് കനുംഗോ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: