ചാലക്കുടി: കൊവിഡ് തീര്‍ത്ത ദുരിതത്തെ തുടര്‍ന്ന് മൂന്ന് നേരവും റസ്ക് മാത്രം കഴിച്ച് ജീവന് നിലനിര്‍ത്തി വയോധിക ദമ്പതികള്‍. ചാലക്കുടിക്കടുത്ത് അന്നനാട് അന്തിക്കാടന്‍ വീട്ടില്‍ ഫ്രാന്‍സിസും ഭാര്യ ത്രേസ്യയുമാണ് വിധിയെ തോല്‍പ്പിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്.
രണ്ടാം വയസില്‍ കാഴ്ച നഷ്ടമായ ഫ്രാന്‍സിസിന് ലോട്ടറി വില്‍പ്പനയായിരുന്നു. സഹായത്തിനായി മക്കളോ, അടുത്ത ബന്ധുക്കളോ ഒന്നും തന്നെയില്ലെങ്കിലും കഴിഞ്ഞ ലോക്ഡൗണ്‍ വരെ ഇരുവര്‍ക്കും ജീവിതം സുഖമായിരുന്നു. പ്രായമായ ഭാര്യ ത്രേസ്യയെ ഒറ്റമുറി വാടക വീട്ടില്‍ പൂട്ടിയിട്ടാണ് ലോട്ടറി വില്‍പ്പനക്കായി രാവിലെ ഇറങ്ങുന്നത്. ദിവസും 500 രൂപയ്ക്കടുത്ത് ലഭിച്ചിരുന്നതായി ഫ്രാന്‍സിസ് പറയുന്നു.
ഹൃദ്രോഗിയായ ഭാര്യ ത്രേസ്യക്ക് എല്ലാ മാസവും മൂവായിരത്തോളം രൂപയുടെ മരുന്ന് വേണം, വീടിന്റെ വാടക, ഭക്ഷണം എല്ലാം ലോട്ടറി വില്‍പ്പനയില്‍ നിന്നാണ് കണ്ടെത്തിയിരുന്നത്. എന്നാല്‍ കൊവിഡ് പ്രതിസന്ധി എല്ലാം തകര്‍ത്തു. പിന്നീട് ഏകാശ്രയം 1600 രൂപയുടെ പെന്‍ഷനായിരുന്നു. ഇപ്പോള്‍ ചുരുക്കം ചിലരുടെ സഹായത്തോടെയാണ് ജീവിതം മുന്നോട് പോവുന്നത്.
അറുപത്തിയാറുകാരനായ ഫ്രാന്‍സിസിന് കാഴ്ച ശക്തിയില്ലെങ്കിലും 10-ാം ക്ലാസിന് ശേഷം തൊഴിലധിഷ്ഠിത കോഴ്സുകള്‍ പാസായിട്ടുണ്ടായിരുന്നു. ഇതിന്റെ ഫലമായി തൊണ്ണൂറുകളില്‍ ബന്ധുക്കളുമായി ചേര്‍ന്ന് ആണി നിര്‍മാണ യൂണിറ്റ് തുടങ്ങിയെങ്കിലും അത് പരാജയപ്പെട്ടതോടെയാണ് ഉണ്ടായതെല്ലാം നഷ്ടമായതെന്ന് ഫ്രാന്‍സീസ് പറഞ്ഞു. ഏകദേശം 10 വര്‍ഷത്തോളമായി അന്നനാട്ടില്‍ എത്തിയിട്ട്. കാഴ്ചയില്ലെങ്കിലും ഭാര്യക്കുള്ള മരുന്നും ഭക്ഷണവുമെല്ലാം എടുത്ത് വെച്ചിട്ടായിരുന്നു ലോട്ടറി കച്ചവടത്തിനിറങ്ങിയിരുന്നത്.
എന്നാല്‍ ഈ അടുത്ത് വീണ് കൈയുടെ എല്ല് കൂടി പൊട്ടിയതോടെ ദൈനംദിന കാര്യങ്ങള്‍ വരെ ഫ്രാന്‍സിസിന് വെല്ലുവിളിയായ അവസ്ഥയാണ്. ഭക്ഷണം കഴിക്കണമെന്നാഗ്രഹമുണ്ടെങ്കിലും പാചകം ചെയ്യാന്‍ സാധിക്കാത്തതിനാലാണ് 50 രൂപയുടെ റസ്ക്കില്‍ ജീവിതം മൂന്നോട്ട് കൊണ്ടുപോകുന്നത്. ഒരു പാക്കറ്റ് റസ്ക്ക് കൊണ്ട് മൂന്ന് ദിവസം കഴിച്ചു കൂട്ടും. സ്ഥിരമായി റസ്ക്ക് കഴിക്കുന്നതിനാല്‍ വായയുടെ അകത്തെ തൊലി പോകുന്നുണ്ടെങ്കിലും മറ്റ് വഴിയില്ലെന്ന് ഫ്രാന്‍സീസ് പറയുന്നു.
മാസങ്ങളായി വാടക കുടിശിക കാരണം വീട്ടുടമ വീട് മാറാന്‍ ആവശ്യപ്പെട്ടിരിക്കുകയാണെങ്കിലും എവിടെ പോകുമെന്നറിയാതെ ബൂദ്ധിമുട്ടുകയാണ് ഫ്രാന്‍സിസും ഭാര്യ ത്രേസ്യയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: