തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ നിന്ന് വന്‍തോതില്‍ വെള്ളം ഒഴുക്കിവിടുന്ന തമിഴ്നാടിന്റെ നടപടി ഒരിക്കലും അംഗീരിക്കാന്‍ കഴിയില്ലെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്.
“മുല്ലപ്പെരിയാറിന്റെ ഒന്‍പത് ഷട്ടറുകള്‍ തുറന്ന സാഹചര്യത്തില്‍ ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റും. പക്ഷെ രാത്രികാലങ്ങളില്‍ മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിടരുതെന്ന് പലതവണ കേരളം തമിഴ്നാടിനെ അറിയിച്ചതാണ്. ഈ നടപടി ഒരിക്കലും അംഗീരിക്കാന്‍ കഴിയില്ല. സാഹചര്യം സുപ്രിംകോടതിയെ അറിയിക്കും”- മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു.
നിലവില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്ന സാഹചര്യത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി വണ്ടിപ്പെരിയാറിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അണക്കെട്ടിന്റെ 9 ഷട്ടറുകള്‍ 120 സെന്റിമീറ്റര്‍ വീതമാണ് തുറന്നിരിക്കുന്നത്. സെക്കന്‍ഡില്‍ 12,654 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ഈ വര്‍ഷം ഇതാദ്യമായാണ് ഇത്രയധികം വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്. വരും മണിക്കൂറുകളില്‍ വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞാല്‍ മാത്രമേ പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് കുറയുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: