തൊടുപുഴ: തീരദേശവാസികളുടെ ആശങ്കയ്ക്കും കേരളത്തിന്റെ അഭ്യര്‍ഥനയ്ക്കും പുല്ലുവില. ഒരു മുന്നറിയിപ്പും നല്‍കാതെ തമിഴ്നാട് വീണ്ടും മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന് വലിയ തോതില്‍ വെള്ളം തുറന്നുവിട്ടു. ഇതോടെ അനവധി വീടുകളില്‍ വീണ്ടും വെള്ളം കയറി. ആയിരക്കണക്കിനാളുകള്‍ ഭീതിയിലായി. സെക്കന്‍ഡില്‍ 12,654 ഘനയടി വെള്ളം (3,58,326 ലിറ്റര്‍) ആണ് പെരിയാറിലേക്ക് ഒഴുക്കുന്നത്. സീസണില്‍ തന്നെ ആദ്യമായാണ് ഇത്തരത്തില്‍ വെള്ളം വിടുന്നത്. ജലനിരപ്പ് 142 അടിയില്‍ നിര്‍ത്താനുള്ള തമിഴ്നാടിന്റെ ആസൂത്രിത ശ്രമത്തിന്റെ ഭാഗമായി 27 മണിക്കൂറിനിടെ എട്ടു തവണയാണ് ഡാം തുറന്നത്.
ഞായറാഴ്ച വൈകിട്ട് നേരത്തെ തുറന്ന ഒരു ഷട്ടര്‍ കൂടാതെ എട്ട് ഷട്ടറുകള്‍ കൂടി ഉയര്‍ത്തി സെക്കന്‍ഡില്‍ 7800 ഘനയടി വെള്ളമൊഴുക്കി. പിന്നീട് ഒരു ഷട്ടറൊഴികെ ബാക്കിയെല്ലാം അടച്ചു. ഇന്നലെ പുലര്‍ച്ചെ നാലിന് നാല് ഷട്ടര്‍ കൂടി 30 സെ.മീറ്റര്‍ വീതമുയര്‍ത്തി. പിന്നാലെ 4.30ന് നാലെണ്ണം കൂടി ഉയര്‍ത്തി 5700 ഘനയടി വെള്ളം ഒഴുക്കിവിടാന്‍ തുടങ്ങി. രാവിലെ 8.30ന് നാല് ഷട്ടറുകള്‍ അടച്ചു. ഇതോടെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. തുടര്‍ന്ന് ഷട്ടറുകള്‍ 30 സെ.മീറ്ററില്‍ നിന്ന് 60 ആക്കി ഉയര്‍ത്തി. ഉച്ചയ്ക്ക് 1.30ന് ഇത് വീണ്ടും 30 സെ.മീറ്ററാക്കി കുറച്ചു. നാല് മണിക്ക് വീണ്ടും ജലനിരപ്പ് ഉയര്‍ന്നതോടെ ഈ ഷട്ടറുകളെല്ലാം വീണ്ടും ഉയര്‍ത്തി 60 സെ.മീറ്ററാക്കി.
രാത്രി ഏഴിന് നാല് ഷട്ടറുകള്‍ കൂടി തുറന്നു, 7.45ന് ഒമ്പത് ഷട്ടറുകളുടേയും ഉയരം 60 സെ.മീറ്ററാക്കി, 8.15ന് 90 മീറ്ററായും 8.30യോടെ 1.2 മീറ്റര്‍ വീതമാക്കിയും ഉയര്‍ത്തി. രാത്രി ഒന്‍പതു മണിയോടെ വീടുകളില്‍ വലിയ തോതില്‍ വെള്ളം കയറി. ജനങ്ങള്‍ പരിഭ്രാന്തരായി വീടു വിട്ട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി ഡാം തുറക്കരുതെന്ന് കാട്ടി മുഖ്യമന്ത്രി തമിഴ്നാടിന് കത്തയച്ചിരുന്നു. ഇതിന് പുല്ലുവില നല്‍കിയാണ് തമിഴനാട് സര്‍ക്കാര്‍ ഇന്നു രാത്രിയിലും ഡാം തുറന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: