ചിറ്റൂര്‍: ടിടി വാക്സിന് പോലുമില്ലാതെ ചിറ്റൂര്‍ താലൂക്ക് ആശുപത്രി. താലൂക്കിലെ ഏറ്റവും വലുതും നിത്യേന നൂറുകണക്കിന് രോഗികള്‍ എത്തുന്നതുമായ ഈ ആശുപത്രിയുടെ സ്ഥിതി അതീവ ദയനീയമാണ്. പാവപ്പെട്ടവര്‍ക്ക് ഏക ആശ്രയമാണ് താലൂക്കാശുപത്രി. മുറിവ് വൃത്തിയാക്കുന്ന ഹൈഡ്രജന്‍ പെറോക്സൈഡ് ലായനിപോലും ഇവിടെയില്ല എന്നു പറയുമ്പോള്‍ത്തന്നെ ആശുപത്രിയുടെ ശോചനീയാവസ്ഥ മനസിലാക്കാം.
ഡോക്ടര്‍മാര്‍ എഴുതിത്തരുന്ന മരുന്നുകള്‍ പുറത്തുനിന്ന് വാങ്ങുകയേ നിവര്‍ത്തിയുള്ളൂ. നിരവധി രോഗികള്‍ ഡോക്ടര്‍മാരുടെ കുറിപ്പുമായി മരുന്നുവാങ്ങാന്‍ എത്തുമ്പോഴാണ് അവ ഇല്ലെന്ന വിവരം അറിയുന്നത്. പിന്നീട് സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളിലേക്ക് പോകേണ്ട അവസ്ഥയാണ്. ഇതുസംബന്ധിച്ച് നഴ്സുമാരോട് ചോദിച്ചാല്‍ വളരെ മോശമായ രീതിയിലാണ് പെരുമാറുന്നതെന്നും ആരോപണമുണ്ട്. അപഹാസ്യവാക്കുകളും ഉപയോഗിക്കും.
സര്‍ക്കാര്‍ ആശുപത്രിയുടെ ഒരവസ്ഥയാണിത്. ചുരുങ്ങിയ വിലക്ക് കിട്ടേണ്ട മരുന്നുകള്‍പോലും ഇവിടെയില്ല. ജില്ലാ ആശുപത്രിക്ക് സമാനമായി മാതൃകാ ആശുപത്രിയായി ഉയര്‍ത്തിയെന്ന് പ്രഖ്യാപിക്കുകയും കോടിക്കണക്കിന് രൂപയുപയോഗിച്ച് കെട്ടിടങ്ങള്‍ നിര്‍മിക്കുകയും ചെയ്യുന്നു. അതേസമയം നാമമാത്രമായ വിലക്കുള്ള മരുന്നുപോലും സാധാരണക്കാരന് നല്കാന് കഴിയുന്നില്ല.
ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കിയതായി പൊതുപ്രവര്ത്തകന് എസ്. ഗുരുവായൂരപ്പന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: