മക്കളേ,
നമുക്കു ചുറ്റുമുള്ളവരെ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ഒരു കാര്യം വ്യക്തമാകും, എത്രയോപേര്‍ നിരാശയും ദുഃഖവും പേറിയാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്. അത് ഒടുവില്‍ കടുത്ത ദുഃഖത്തില്‍ കലാശിക്കുകയും ചെയ്യുന്നു. എന്നാല്‍ ആത്മീയതത്വങ്ങള്‍ ഉള്‍ക്കൊണ്ടാല്‍ ജീവിതഭാരങ്ങളെ ഇറക്കിവെയ്ക്കാനും ശരിയായ ശാന്തിയും വിശ്രാന്തിയും അനുഭവിക്കാനും കഴിയും. അതിനുള്ള മാര്‍ഗ്ഗമാണ് നമ്മള് തേടേണ്ടത്.
ഒരിടത്ത് വളരെ ധനികനായ ഒരാളുണ്ടായിരുന്നു. സുഖജീവിതത്തിനാവശ്യമായ സകലതും അയാള്‍ സ്വന്തമാക്കിയിരുന്നു. എന്നിട്ടും അവയോടുള്ള ആഗ്രഹത്തിന് യാതൊരു കുറവുമുണ്ടായില്ല. ആയിരം വര്‍ഷം ജീവിക്കാന്‍ കഴിഞ്ഞാല്‍ അത്രയും നാള് സകലസുഖങ്ങളും അനുഭവിച്ചുകൊണ്ടിരിക്കാം എന്നയാള്‍ ആഗ്രഹിച്ചു. ആയുസ്സ് നീട്ടിക്കിട്ടുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ തേടി അയാള്‍ പല പുണ്യസ്ഥലങ്ങളും സന്ദര്‍ശിച്ചു. അങ്ങനെയിരിക്കെ ഒരിക്കല്‍ ഹിമാലയപര്‍വ്വതത്തിലുള്ള പുരാതനമായ ഒരു ഗുഹയെക്കുറിച്ച് ആരോ അയാളോടുപറഞ്ഞു. ആ ഗുഹയ്ക്കുള്ളില്‍ ചെറിയൊരു അരുവിയുണ്ട്; അതിലെ ജലം ദിവ്യൗഷധമാണ്. അതു കുടിക്കുന്ന വ്യക്തി ആയിരം വര്‍ഷം ജീവിക്കും. ഇതുകേട്ടയുടനെ അയാള്‍ ഹിമാലയത്തിലേയ്ക്കു യാത്രയായി. ഏറെ നാളത്തെ അന്വേഷണത്തിനുശേഷം അവിടെ ആ പുരാതനഗുഹയും അതിനുള്ളിലെ നീരുറവയും കണ്ടെത്തി. അയാളുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. അയാള്‍ രണ്ടുകൈകള്‍കൊണ്ടും ആ വെള്ളംകോരിയെടുത്തു കുടിക്കാനാരംഭിച്ചു.
പെട്ടെന്ന് ഒരു സ്വരം കേട്ടു, ‘ഈ വെള്ളംകുടിക്കല്ലേ. കുടിക്കുന്നതിനുമുമ്പ് നന്നായി ചിന്തിക്കൂ.’ അയാള്‍ തലയുയര്‍ത്തിചുറ്റും നോക്കി. അവിടെ ഒരു കാക്കയെയാണ് കണ്ടത്. അയാള്‍ ആ കാക്കയോടു ചോദിച്ചു, ‘എന്താണു കാര്യം?’ കാക്ക പറഞ്ഞു, ‘ഞാന്‍ പറഞ്ഞതിനുകാരണമുണ്ട്. ഞാനും ഒരിക്കല്‍ നിങ്ങളെപ്പോലെ ദീര്‍ഘകാലം ജീവിച്ചിരിക്കാനുള്ള ആഗ്രഹം കാരണം ഇവിടെയെത്തി. ഈ അരുവിയിലെ വെള്ളംകുടിച്ചു. ഇപ്പോള്‍ എന്റെ ജീവിതം ഒരു അവസാനവുമില്ലാതെ തുടരുകയാണ്. പക്ഷെ, ഞാന്‍ തികച്ചും അസന്തുഷ്ടനും അസംതൃപ്തനുമാണ്. ജീവിതത്തില്‍ എന്തൊക്കെ നേടാമോ അതെല്ലാം ഞാന്‍ നേടി. ഞാന്‍ കാക്കകളുടെയെല്ലാം രാജാവായി. പേര്, പ്രശസ്തി, അധികാരം, വിജയം, സ്നേഹം, ആദരവ് അങ്ങനെ പലതും ഞാന്‍ അനുഭവിച്ചു. അതുപോലെതന്നെ പരാജയം, ദുഃഖം, അപമാനം എന്നിവയും ഞാന്‍ അനുഭവിച്ചു. എനിക്ക് അനേകം ഭാര്യമാരുണ്ട്, അനേകം മക്കളുണ്ട്. എന്നാല്‍ ഇന്നെനിക്ക് എല്ലാം മടുത്തുകഴിഞ്ഞു. ഈ ജീവിതം എങ്ങനെയെങ്കിലും അവസാനിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷെ എനിക്കതിനു കഴിയുന്നില്ല. ആത്മഹത്യചെയ്യാന്‍ പോലും ഞാന്‍ പല തവണശ്രമിച്ചു. അതും പരാജയപ്പെട്ടു. കാരണം എനിക്കു മരിക്കണമെങ്കില്‍ ഈ വെള്ളംകുടിച്ചതിന്റെ ഫലമായി നീട്ടിക്കിട്ടിയ ആയുസ്സുതീരുന്നതുവരെ കാത്തിരിക്കേണ്ടിവരും. നിങ്ങളോടു സത്യം തുറന്നു പറയാം, ഞാന്‍ ഇന്ന് അസഹ്യമായ ദുഃഖത്തിലാണ്. എന്റെ അപേക്ഷ ശ്രദ്ധിച്ചുകേള്‍ക്കൂ, നിങ്ങള്‍ ഈ വെള്ളംകുടിക്കരുത്.’ കാക്കയുടെ വാക്കുകള്‍കേട്ട് ധനികന്റെ കണ്ണുതുറന്നു. ദീര്‍ഘായുസ്സു നല്കുന്ന ദിവ്യജലം കുടിക്കാതെ അയാള്‍ ഗുഹയില്‍നിന്നു പുറത്തിറങ്ങി.
ഈ കഥ നല്കുന്ന പാഠമെന്താണ്? ബാഹ്യലോകത്തു നിന്നു സുഖം ലഭിക്കും എന്ന നമ്മുടെ ധാരണ അബദ്ധമാണ്. ശാശ്വതസുഖത്തിനായി ലോകവസ്തുക്കളെ ആശ്രയിക്കുന്നത്, മരുഭൂമിയില്‍ ദാഹജലത്തിനായി കിണര്‍ കുഴിക്കുന്നതു പോലെയാണ്.
ജീവിതത്തില്‍ യാതൊരു ആഗ്രഹങ്ങളും പാടില്ലെന്നോ, സ്വത്തുവകകള്‍ ഒന്നും സ്വന്തമാക്കരുതെന്നോ അല്ല ഇതുകൊണ്ടുദ്ദേശിക്കുന്നത്. നമുക്ക് ആവശ്യമായ വസ്തുക്കള്‍ സ്വന്തമാക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ അവയില്‍നിന്ന് യഥാര്‍ത്ഥ സുഖംകിട്ടുമെന്നു കരുതരുത്. ശാശ്വതമായ സുഖത്തിന്റെ, ആനന്ദത്തിന്റെ യഥാര്‍ത്ഥ സ്രോതസ്സ് നമ്മുടെ ഉള്ളില്‍ത്തന്നെയാണ്. എത്രകാലം ജീവിച്ചു, എത്രസുഖഭോഗങ്ങള്‍ അനുഭവിച്ചു എന്നതിനേക്കാള്‍ പ്രധാനം നമ്മുടെ ഉള്ളിലെ ആ ആനന്ദസ്രോതസ്സിനെ കണ്ടെത്തുക എന്നതാണ്. അതാണ് മനുഷ്യജീവിതത്തിന്റെ പരമമായ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: