ചേര്‍ത്തല: എസ്എന്‍ ട്രസ്റ്റിന്റേയും എസ്എന്‍ഡിപി യോഗത്തിന്റേയും അമരത്ത് കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്ന യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ആശംസകളുമായി ബിജെപി നേതാക്കള്‍. ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണന് എന്നിവരാണ് ഇന്നലെ വൈകിട്ടോടെ വെള്ളാപ്പള്ളി നടേശന്റെ കണിച്ചുകുളങ്ങരയിലെ വസതിയിലെത്തിയത്. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി നേതാക്കളെ സ്വീകരിച്ചു. തുടര്‍ന്ന് വെള്ളാപ്പള്ളി നടേശനെ പൊന്നാടയണിയിച്ച് ആദരിച്ചു.
ഈഴവ സമുദായത്തെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ പാതയിലേക്കെത്തിച്ചത് വെള്ളാപ്പള്ളി നടേശന്റെ സാരഥ്യമാണെന്ന് പി.കെ. കൃഷ്ണദാസ് പറഞ്ഞു. സാമുദായിക അസമത്വത്തിനും അനീതിക്കും പാര്ശ്വവത്ക്കരണത്തിനുമെതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്തുന്ന അദ്ദേഹത്തിന് കര്‍മ്മ മണ്ഡലത്തില്‍ ഇനിയും പ്രശോഭിക്കുവാന്‍ ഗുരുദേവകൃപയും ദീര്‍ഘായുസും ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാര്‍, മുന്‍ സംസ്ഥാന വക്താവ് അഡ്വ.പി.ആര്. ശിവശങ്കരന്, ജില്ലാ ട്രഷറര്‍ കെ.ജി. കര്‍ത്ത, ചേര്‍ത്തല മണ്ഡലം പ്രസിഡന്റ് അഭിലാഷ് മാപ്പറമ്പില്‍, മുഹമ്മ മണ്ഡലം പ്രസിഡന്റ് കെ. കൃഷ്ണകുമാര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: