ന്യൂദല്‍ഹി: കേരളത്തിലെ കൊവിഡ് വ്യാപനവും മരണങ്ങളും കൂടുകയാണെന്നും ജാഗ്രത വേണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന് ഖോബ്രഗഡേക്ക് അയച്ച കത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണാണ് കേരളത്തിലെ അവസ്ഥ കണക്കു സഹിതം ചൂണ്ടിക്കാട്ടുന്നത്. ലോകമെങ്ങും ഒമിക്രോണ്‍ പടരുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഡിസംബര്‍ മൂന്നു വരെയുള്ള ഒരു മാസം കൊണ്ട് കേരളത്തില്‍ 1,71,521 പുതിയ കൊവിഡ് കേസുകളുണ്ടായി. ഇത് രാജ്യത്തെ ആകെ പുതിയ രോഗികളുടെ 55.8 ശതമാനമാണ്. 13 ജില്ലകളിലും വലിയ തോതിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്. തിരുവനന്തപുരം (5541), എറണാകുളം (4976), കോഴിക്കോട് (3676), തൃശ്ശൂര്‍ (2903), കോട്ടയം (2478) ജില്ലകളിലെ സ്ഥിതിയാണ് കൂടുതല്‍ ആശങ്കാകരം. നാലു ജില്ലകളില്‍ പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ കൂടുതലാണ്. തിരുവനന്തപുരം (11.61 ശതമാനം), വയനാട് (11.25), കോഴിക്കോട് (11), കോട്ടയം (10.81) എന്നിങ്ങനെയാണ് കണക്ക്. ഒന്‍പതു ജില്ലകളില്‍ പോസിറ്റിവിറ്റി നിരക്ക് അഞ്ചിനും 10 ശതമാനത്തിനും ഇടയ്ക്കാണ്.
ഒരാഴ്ചയായി മരണം കൂടുതലാണ്. നവംബര്‍ 26ന് അവസാനിച്ച ആഴ്ചയില്‍ മരണം 1890 ആയിരുന്നു. എന്നാല്‍ ഡിസംബര്‍ മൂന്നിന് അവസാനിച്ച ആഴ്ച ഇത് 2118 ആയി. തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കൊല്ലം ജില്ലകളിലാണ് കൂടുതല്‍. ഈ സാഹചര്യത്തില്‍ പരിശോധനയും ചികിത്സയും വാക്സിനേഷനും ശക്തമാക്കണം. വ്യാപനവും മരണവും കുറയ്ക്കണം, കേന്ദ്രം നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: