കോഴിക്കോട്: മതത്തിലെ സ്വാധീനം ചോര്‍ന്നുപോകുന്നത് തടയാന്‍ മുസ്ലിം ലീഗ് പയറ്റുന്ന തന്ത്രങ്ങളോരോന്നും പാളുന്നത് മുതലാക്കി തീവ്രവാദസംഘടനകള്‍. ലീഗിനെ ഒതുക്കാനും മുസ്ലിം മതവിഭാഗത്തില്‍ നിന്നുള്ള വോട്ടുകള്‍ കൂട്ടാനും സിപിഎം വര്‍ഷങ്ങളായി എടുക്കുന്ന നിലപാടുകള്‍ മിക്കവയും തീവ്രവാദസംഘടനകള്‍ക്ക് ഗുണകരവും മുസ്ലിം ലീഗിന് ദോഷകരവുമായാണ് ഭവിക്കുന്നത്. മുസ്ലിം സംഘടനകളുടെ ഒരു ഐക്യമുന്നണി എന്ന നിലയില്‍ മുസ്ലിങ്ങളുടെ പൊതുവിഷയങ്ങളില്‍ സമരപരിപാടികള്‍ക്കും മറ്റും നേതൃത്വം നല്കി മതാനുയായികളുടെ പിന്തുണ കൂടുതലായി നേടുക എന്നതായിരുന്നു വഖഫ് നിയമനത്തിന് എതിരായ പ്രക്ഷോഭം ഏറ്റെടുക്കുമ്പോള്‍ ലീഗിന്റെ ലക്ഷ്യം. എന്നാല്‍ ലീഗിനെ നിയന്ത്രിക്കുന്ന മതസംഘടനയായ സമസ്തയുടെ നേതൃത്വം ഈ നീക്കം വിലക്കിയത് തിരിച്ചടിയായി.
മുഖ്യമന്ത്രി പിണറായി വിജയന് ഇടപെട്ടാണ് സമസ്തയുടെ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളെ കൊണ്ട് പള്ളികളിലെ പ്രതിഷേധ തീരുമാനത്തിനെതിരെ പ്രസ്താവനയിറക്കിച്ചത് എന്നതാണ് ശ്രദ്ധേയമായ കാര്യം. എസ്ഡിപിഐയെ കൂടെ നിര്‍ത്തുന്ന കാര്യത്തില്‍ വിജയിച്ച സിപിഎം ഇപ്പോള്‍ സമസ്തയിലും വലിയ സ്വാധീനമുണ്ടാക്കിയിരിക്കുന്നു. പള്ളികളിലെ പ്രതിഷേധം മാത്രമല്ല, ഏഴാം തീയതി മഹല്ലുകള്‍ കേന്ദ്രീകരിച്ച് പഞ്ചായത്ത് തലത്തില്‍ നടത്താന്‍ തീരുമാനിച്ച പ്രതിഷേധസംഗമവും മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം മതിയെന്ന നിലപാടിലാണ് സമസ്ത.
കേരളത്തിലെ മുസ്ലിം ജനതയില്‍ വലിയൊരു വിഭാഗത്തെ പ്രതിനിധീകരിക്കുന്ന ഇകെ സുന്നി വിഭാഗത്തിന്റെ രാഷ്ട്രീയ കക്ഷി എന്ന നിലയില്‍ മുസ്ലിം ലീഗിനുള്ള സ്വാധീനം കഴിഞ്ഞ കുറച്ചുകാലമായി നഷ്ടപ്പെടുകയാണെന്ന വിലയിരുത്തലുണ്ട്. ആ സ്ഥാനത്ത് തീവ്രനിലപാടുകളുള്ള എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി, കാന്തപുരം സുന്നി വിഭാഗം, ഐഎന്‍എല്‍ എന്നീ സംഘടനകളുമായുള്ള കൂട്ടുകെട്ടാണ് സിപിഎം പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. ഇതില്‍ ഐഎന്‍എല്‍ ഇടതുമുന്നണിയില്‍ ഘടകക്ഷിയാണിപ്പോള്. കാന്തപുരം സുന്നി വിഭാഗം ഏറെക്കാലമായി ഇടതുപക്ഷത്തെ സഹായിച്ചുകൊണ്ടിരിക്കുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ കക്ഷിയായ എസ്ഡിപിഐയുമായി രഹസ്യധാരണയിലാണ് സിപിഎം. സിപിഎമ്മുമായി മുന്‍കാലത്തുണ്ടായിരുന്ന അടുപ്പം ജമാഅത്തെ ഇസ്ലാമിക്ക് അടുത്തിടെയായി കുറഞ്ഞിട്ടുണ്ടെങ്കിലും സിപിഎം അവരെയും വരുതിയാലാക്കാനുള്ള ശ്രമങ്ങള്‍ തീവ്രമായി നടത്തിവരുന്നുണ്ട്.
ലീഗിനുണ്ടാകുന്ന പതര്‍ച്ചകളെ മുതലാക്കി സിപിഎമ്മിനൊപ്പം നിന്ന് തങ്ങളുടെ മതലക്ഷ്യങ്ങള്‍ സ്വായത്തമാക്കാനാണ് ഈ സംഘടനകള്‍ ശ്രമിക്കുന്നത്. ലീഗിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച മുസ്ലീം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി എന്ന മുസ്ലിം ഐക്യമുന്നണിയെ തകര്‍ത്ത് ഇടതുപക്ഷത്തിന് നിയന്ത്രണമുള്ള അത്തരമൊരു കൂട്ടായ്മയ്ക്ക് രൂപം കൊടുക്കുക എന്ന ലക്ഷ്യം സിപിഎമ്മിനുണ്ട്. മുസ്ലിം കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി പിരിച്ചുവിടണം എന്ന കെ.ടി. ജലീലിന്റെ ആവശ്യം അത്തരമൊരു ലക്ഷ്യത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: