തൊടുപുഴ: ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തതിന്റെ പേരില്‍ കെ.എസ്.ആര്.ടി.സി. കണ്ടക്ടറെ ബസില്‍ നിന്നും വലിച്ചിറക്കി മക്കളുടെ മുന്നില്‍ വച്ച് ക്രൂരമായി മര്‍ദിച്ചു. വണ്ണപ്പുറം മുള്ളരിങ്ങാട് താന്നിക്കല്‍ മനു സുദന്‍ (40) നാണ് മര്‍ദനമേറ്റത്. ഇന്നലെ രാവിലെ 11ന് മങ്ങാട്ട് കവലയില്‍ വച്ചാണ് സംഭവം. ആദിവാസി വിഭാഗത്തില്‍പ്പെട്ട മനു ആലുവ കെ.എസ്.ആര്.ടി.സി ഡിപ്പോയിലെ കണ്ടക്ടറാണ്.
കഴിഞ്ഞ ദിവസം ഇയാള്‍ ഫേയ്സ്ബുക്കില്‍ വന്ന മറ്റൊരാളുടെ പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു. ഇതിന് ശേഷം ഇന്നലെ രാവിലെ മുള്ളരിങ്ങാട്ടെ വീട്ടില്‍നിന്നും ബസില്‍ തൊടുപുഴയ്ക്ക് വരുന്ന വഴി ഫോണ്‍ വിളിച്ച് വണ്ണപ്പുറത്ത് ഇറങ്ങാന്‍ ചിലര്‍ അവശ്യപ്പെട്ടെങ്കിലും മനു അനുസരിച്ചില്ല. ബസ് മങ്ങാട്ടുകവല മുസ്ലിം പള്ളിക്ക് സമീപം എത്തിയപ്പോള്‍ ഏതാനും ആളുകള്‍ ബസില്‍ കയറി. ഇവര്‍ മനുവിനെ ബസില്‍ നിന്നും വലിച്ചിറക്കി ക്രൂരമായി മര്‍ദിച്ചു. കുട്ടികളുടെ മുന്നില്‍ വച്ചായിരുന്നു മര്‍ദനം. മക്കളുടെ കരച്ചിലും മറ്റു യാത്രക്കാരുടെ ബഹളവും കേട്ട് കൂടുതല്‍ ആളുകള്‍ എത്തിയതോടെയാണ് അക്രമികള്‍ പിന്തിരിഞ്ഞത്.
മര്‍ദനമേറ്റ മനുവിനെ ആദ്യം തൊടുപുഴയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് തൊടുപുഴയിലെ തന്നെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി തൊടുപുഴ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.സി. വിഷ്ണു കുമാര്‍ പറഞ്ഞു. ആക്രമിച്ചത് പോപ്പുലര്‍ ഫ്രണ്ട് ഗൂണ്ടകളാണെന്നും മതനിന്ദ ആരോപിച്ചാണ് മര്‍ദനമെന്നും പ്രദേശവാസികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: