കുന്നത്തൂര്‍: കൊല്ലം- തേനി ദേശീയപാതയും വണ്ടിപ്പെരിയാര്‍ ദേശീയപാതയും സംഗമിക്കുന്ന ഭരണിക്കാവ് ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ഇവിടം ബൈപ്പാസാക്കി നവീകരിക്കുമെന്ന വാഗ്ദാനം പാഴായി. മഴ കൂടി പെയ്തതോടെ ജീര്‍ണാവസ്ഥയിലായ റോഡ് പൊട്ടിപ്പൊളിഞ്ഞ നിലയില്‍.
മണക്കാട്ടുമുക്ക്- ഊക്കന്‍മുക്ക് റോഡ് ബൈപ്പാസാക്കുമെന്നു കോവൂര്‍ കുഞ്ഞുമോന് എംഎല്‍എയാണ് പ്രഖ്യാപിച്ചത്. അടൂര്‍, കൊട്ടാരക്കര ഭാഗങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ഈ പാതവഴി കൊല്ലം, കുണ്ടറ, കല്ലട ഭാഗങ്ങളിലേക്ക് ഭരണിക്കാവിലെ കുരുക്കില്‍പ്പെടാതെ പോകാനാകും. ഒരു കിലോമീറ്ററിലധികം ദൂരമുള്ള റോഡില്‍ നിറയെ കുഴികള്‍ രൂപപ്പെട്ട് മഴക്കാലത്ത് വെള്ളക്കെട്ടായി മാറുകയാണ്.
എട്ടുമീറ്ററോളം വീതിയുള്ള റോഡ് പിഡബ്ല്യൂഡി ഏറ്റെടുക്കുമെന്നും ബൈപ്പാസാക്കി ഉന്നത നിലവാരത്തില്‍ നവീകരിക്കുമെന്നും എംഎല്‍എ ഉറപ്പു നല്‍കിയതാണ്. ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് റോഡിനിരുവശവും 600 മീറ്ററോളം ദൂരം കോണ്‍ക്രീറ്റ് ചെയ്തതല്ലാതെ റോഡിലെ കുഴികള്‍ നികത്താന്‍ പോലും അധികൃതര്‍ തയ്യാറായില്ല. ഇപ്പോള്‍ ബാക്കിയുള്ള റോഡിന്റെ വശങ്ങളില് കൂടി കോണ്‍ക്രീറ്റ് ചെയ്യാനുള്ള നീക്കമാണ് ജില്ലാ പഞ്ചായത്ത് ചെയ്യുന്നത്.
റോഡിന്റെ വശങ്ങള് കോണ്‍ക്രീറ്റ് ചെയ്യാതെ റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതേ സമയം റോഡ് നിര്‍മാണത്തിന് 45 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് അനുവദിച്ചതായ പൊള്ളയായ വാഗ്ദാനവുമായി ജില്ലാ പഞ്ചായത്തംഗം രംഗത്തിറങ്ങിയിട്ടുണ്ട്. എന്നാല്‍ ഫണ്ട് അനുവദിപ്പിക്കാനുള്ള പ്രാരംഭ നടപടികള്‍ പോലുമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: