പി. രാജേന്ദ്രപ്രസാദ് ചേര്‍ത്തല
കോണ്‍ഗ്രസ് കക്ഷിയിലെ തൊഴില്‍ നഷ്ടപ്പെട്ടവരും, കമ്മ്യൂണിസ്റ്റ് കടലാസ് പുലികളും കര്‍ഷക സമരത്തിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരിന് എതിരെ സംഘടിച്ചുകൊണ്ട്, പ്രക്ഷോഭത്തിന്റെ മറവില്‍ നരേന്ദ്ര മോദി നയിക്കുന്ന കേന്ദ്രസര്‍ക്കാരിനെ തകിടം മറിക്കാന്‍ ഒത്തുചേര്‍ന്നു. എന്നാല്‍ കേരളത്തില്‍ നാളികേരവും മറ്റ് വിളകളും ഉല്പാദിപ്പിക്കുന്ന കര്‍ഷകര്‍ അനുഭവിക്കുന്ന അതീവ ഗുരുതരമായ ദുരവസ്ഥ കണ്ടില്ലെന്ന് നടിക്കുന്നു. ഏതാനും വര്‍ഷങ്ങളായി തുടരുന്ന കനത്ത വിലയിടിവില്‍ നാളികേര വിപണി തകര്‍ച്ചയിലാണ്. കിടപ്പാടം പണയപ്പെടുത്തി ബാങ്ക് വായ്പ എടുത്തും മറ്റ് തരത്തില്‍ കടബാധ്യതക്ക് വിധേയമായും തെങ്ങ് കൃഷി ചെയ്യുന്നവര്‍ ആത്മഹത്യയിലേക്ക് നീങ്ങുന്ന ദുരന്തത്തിന് കാരണക്കാര്‍ നിഷ്ക്രിയ സമീപനം പുലര്‍ത്തുന്ന പിണറായി സര്‍ക്കാരും കൃഷിമന്ത്രിയും ഉദ്യോഗസ്ഥ പ്രമുഖരും തന്നെ.
കേരകേദാരമായി കേള്‍വികേട്ട കേരളത്തില്‍ തെങ്ങ് കൃഷി നാശോന്മുഖമായ അവസ്ഥയിലാണ്. നാളികേരത്തിനും മറ്റെല്ലാവിധ കാര്‍ഷിക വിളകള്‍ക്കും ന്യായവില ലഭിക്കുന്ന സുസ്ഥിര സുരക്ഷിത വിപണി ഉറപ്പാക്കുക സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. നാൡകേരം, കൊപ്ര, വെളിച്ചെണ്ണ, കരിക്ക്, കള്ള് തുടങ്ങി വിവിധ കേരോത്പന്നങ്ങള്‍ സംഭരിക്കാനും സംസ്കരിക്കാനും, വിപണിയില്‍ എത്തിക്കാനും ഉപയുക്തമായ നിരവധി പൊതുമേഖലാ-സഹകരണ സ്ഥാപനങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു. ഇവയുടെ മൂലധനവും ശമ്പളം ഉള്‍പ്പെടെ നടത്തിപ്പ് ചെലവിനും മറ്റുമായി പൊതുഖജനാവില്‍ നിന്ന് കോടിക്കണക്കിന് രൂപയാണ് ചെലവാക്കുന്നത്. മന്ത്രി ഉള്‍പ്പെടെ കൃഷിവകുപ്പിന്റെ ഭരണ സംവിധാനവും, അതിന്റെ കീഴില്‍ തന്നെയുള്ള നാളികേര വികസന കോര്പ്പറേഷന്, സംസ്ഥാന നാളികേര കൗണ്‍സില്‍, കെല്‍പാം, ഓയില്‍ പാം, വിഎഫ്പിസികെ, ഹോര്‍ട്ടികോര്‍പ്പ്, അഗ്രോ ഇന്‍ഡസ്ട്രീസ് കോര്പ്പറേഷന്, ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന് എന്നിവയും സഹകരണ മേഖലയില്‍ സര്‍ക്കാര്‍ ഭരണ നിയന്ത്രണം നടത്തുന്ന 1000 ലേറെ പ്രാഥമിക സര്‍വീസ് സഹകരണ ബാങ്കുകള്‍, മാര്‍ക്കറ്റ് ഫെഡ്, കേരഫെഡ്, റെയ്ഡ്കോ, കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍, കൂടാതെ സിവില്‍ സപ്ലൈ കണ്‍സ്യൂമര്‍ ഫെഡ് ശൃംഖലയും തുടങ്ങിയ നിരവധി സ്ഥാപനങ്ങളും ഭക്ഷ്യ-കാര്‍ഷിക വിളകളുടെ സംഭരണ-വിതരണ മേഖലകളില്‍ വിപണി ഇടപെടല്‍ നടത്താന്‍ പര്യാപ്തമാണ്. എന്നാല്‍ വന്‍തോതില്‍ സാമ്പത്തികശേഷിയും ഉത്പാദന-വിപണന ശൃംഖലയും നിലവിലുള്ള മേല്പറഞ്ഞ സര്‍ക്കാര്‍-സഹകരണ സ്ഥാപനങ്ങള്‍ മുഖേന കേരോത്പ്പന്നങ്ങള് സംഭരിച്ച് വിറ്റഴിച്ച് കേരകര്‍ഷകരെ സംരക്ഷിക്കുവാന്‍ പിണറായി സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. കൊവിഡ് വ്യാപനം കാരണം കേരളത്തില്‍ പഴം, പച്ചക്കറി, മരച്ചീനി, പൈനാപ്പിള്‍ കര്‍ഷകര്‍ അനുഭവിച്ച അതിരൂക്ഷ വിലത്തകര്‍ച്ചയുടെ ദുരനുഭവം അനേകം വര്‍ഷങ്ങളായി അനുഭവിക്കുന്ന നാളികേര മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ കേരള സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.
വകുപ്പുമന്ത്രി ഇടതടവില്ലാതെ നാളികേര വികസന പദ്ധതികള്‍ പലതും പ്രഖ്യാപിക്കുന്നുണ്ട്. എന്നാല്‍ അതെല്ലാം മാധ്യമ പ്രസ്താവനകളും ഫോട്ടോ ഫിനിഷ് ഉദ്ഘാടനങ്ങളും മാത്രമാണ്. കേന്ദ്രസര്‍ക്കാര്‍ കാലാകാലങ്ങളില്‍ വര്‍ധിപ്പിച്ച് നിശ്ചയിക്കുന്ന തറവില നല്കി കൊപ്രാ സംഭരണം നടത്താന്‍ പോലും കേരളം തയ്യാറാകുന്നില്ല. പ്രമുഖ പത്ര-ദൃശ്യ മാധ്യമങ്ങളും, സാധാരണ കൃഷിക്കാരും സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ തെങ്ങ് കൃഷിയുടെ തകര്‍ച്ചയും കേരോല്‍പ്പന്നങ്ങള്‍ സംഭരിച്ച് വിപണി ഇടപെടല്‍ നടത്തുന്നതിന്റെ ആവശ്യകതയും ആവര്‍ത്തിച്ച് ഉന്നയിക്കുന്നു. എന്നാല്‍ കര്‍ഷകരുടെ ദീനരോദനം കാണാനും
കേള്‍ക്കാനും ആരുമില്ല. കൃഷിവകുപ്പും സര്‍ക്കാര്‍ മേധാവികളും തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നത്. രാഷ്ട്രീയ പാര്‍ശ്വവര്‍ത്തികള്‍ക്കും ബന്ധുപരിവാരത്തിനും ഉദ്യോഗസ്ഥ വിധേയര്‍ക്കും നിയമനവും തസ്തികയും സ്ഥാനക്കയറ്റവും തരപ്പെടുത്തി കൃഷിവകുപ്പിന് കീഴില്‍ ദിനംതോറും പുതിയ അനുബന്ധ സ്ഥാപനങ്ങള്‍ രൂപീകരിച്ച് പൊതുജനങ്ങളെ സാമ്പത്തിക ഭാരം അടിച്ചേല്‍പ്പിക്കുന്നു.
ദീര്‍ഘകാലം സുസ്ഥിര വരുമാനം ഉറപ്പായ തെങ്ങ് കൃഷിയെ അരക്ഷിതാവസ്ഥയില്‍ നിന്ന് കരകയറ്റാന്‍ കേരള സര്‍ക്കാരിന്റെ സത്വര കര്‍മ്മപദ്ധതി ആവശ്യമാണ്. ഇതിനായി കേര സംരക്ഷണ പദ്ധതിയാണ് അനിവാര്യം.
നിര്‍ദ്ദേശങ്ങള്‍
1) കൃഷി/വിളവെടുപ്പ് ചെലവ് അടിസ്ഥാനത്തില്‍ പച്ചതേങ്ങ-കൊപ്ര-വെളിച്ചെണ്ണ തുടങ്ങിയവ സംഭരിച്ച് വിപണി നിയന്ത്രിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കുക.
2) അപകട സാധ്യത, അധ്വാനഭാരം, ഉയര്‍ന്ന കൂലി, തൊഴിലാളി ദൗര്‍ലഭ്യം എന്നീ കാരണങ്ങള്‍ കൊണ്ട് വിളവെടുക്കാന്‍ ആളില്ലാതെയും, കൂലിച്ചെലവിന് പോലും തികയുന്ന വില കിട്ടാതെയും ലക്ഷക്കണക്കിന് തെങ്ങുകള്‍ പാഴ്മരങ്ങളായി നില്ക്കുന്നു. മൂപ്പെത്തുന്ന നാളികേരം യഥാസമയം തെങ്ങ് കയറി വെട്ടിയിറക്കാന്‍ പറ്റാത്ത സന്ദര്‍ഭത്തില്‍ ഉണങ്ങിയും കേടുപാട് വന്നും നഷ്ടം സംഭവിക്കുന്നു. ആദായകരമായി, അമിത കൂലി നല്‍കാതെ, അപകടഭീതി ഇല്ലാതെ തേങ്ങയും കരിക്കും കള്ളും ശേഖരിക്കാനും, കീടരോഗ പരിപാലനത്തിനും പരിചരണത്തിനും ഉപകരിക്കുന്ന സമ്പൂര്‍ണ്ണ സാങ്കേതിക മികവുള്ള തെങ്ങ് കയറ്റ യന്ത്രം വികസിപ്പിക്കണം. ഇതിനായി ഐഐടി, ദേശീയ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍, സ്വകാര്യ സംരംഭകര്‍ തുടങ്ങിയവയുടെ സഹായവും മാര്‍ഗ്ഗനിര്‍ദ്ദേശവും തേടണം.
3) അയല്‍ സംസ്ഥാനങ്ങള്‍ നാളികേര ഉല്പാദനത്തില് കേരളത്തേക്കാള്‍ മുന്നേറാന്‍ പ്രധാന കാരണം കൂടുതല്‍ മെച്ചപ്പെട്ട മികച്ച ഇനങ്ങള്‍ കൃഷി ചെയ്യുന്നത് തന്നെയാണ്. പഴം, പച്ചക്കറി മേഖലയില്‍ കേരളത്തില്‍ ഹൈബ്രീഡ്, ടിഷ്യൂകള്‍ച്ചര്‍, ഗ്രാഫ്റ്റിംഗ് ഉള്‍പ്പെടെ ഉല്പാദനക്ഷമത കൂടിയ പുതിയ ഇനം നടീല്‍ വസ്തുക്കള്‍ ലഭ്യമാണ്. എന്നാല്‍ കേരളത്തിലെ തെങ്ങ് കൃഷിക്കാര്‍ക്ക് നല്ല ഇനം തെങ്ങിന്‍തൈകള്‍ വിതരണം ചെയ്യാന്‍ സര്‍ക്കാരിനും കാര്‍ഷിക സര്‍വ്വകലാശാലക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും കഴിയുന്നില്ല. കൃഷിവകുപ്പും സര്‍വ്വകലാശാലയും തമിഴ്നാട്ടില്‍ നിന്ന് ഗുണനിലവാരം ഉറപ്പില്ലാത്ത സാധാരണ നാളികേരം സ്വകാര്യ സ്ഥാപനങ്ങള്‍ മുഖേന സംഭരിച്ച് കൃഷിക്കാരെ കബളിപ്പിച്ച് വിതരണം ചെയ്യുന്നു. ഉയര്‍ന്ന ഉല്പാദനശേഷിയും രോഗപ്രതിരോധ ശക്തിയുമുള്ള മികച്ച ഇനം തെങ്ങിന് തൈകള്‍ സുലഭമായി വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
4) നാളികേര കോര്പ്പറേഷന്, കേരഫെഡ് എന്നീ സര്‍ക്കാര്‍-സഹകരണ സ്ഥാപനങ്ങള്‍ ഇടനിലക്കാര്‍ മുഖേന അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് ഗന്ധകം പുകച്ചതും, ഗുണനിലവാരമില്ലാത്തതുമായ കൊപ്ര വന്‍തോതില്‍ സംഭരിച്ച് കേരളത്തില്‍ കൊണ്ടുവരുന്നു. ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ അധികാരികള്‍ ഉള്‍പ്പെടെയുള്ള ലാഭമോഹികളുടെ ഇടപെടല്‍ അവസാനിപ്പിച്ച് നെല്ല് സംഭരിക്കുന്ന മാതൃകയില്‍ സഹകരണ-സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് വേണ്ട കൊപ്ര പൂര്‍ണമായും കേരളത്തിലെ തെങ്ങ് കൃഷിക്കാരില്‍ നിന്ന് സംഭരിക്കണം.
‘കേരഗ്രാമം’ പദ്ധതിയില്‍ ഏതാനും ചില ഗ്രാമങ്ങളില്‍ തൈയും വളവും കൊടുത്താല്‍ മാത്രം സര്‍ക്കാരിന്റെ ഉത്തരവാദിത്വം തീരുന്നില്ല. മാധ്യമ പ്രചാരണം ഉന്നം പിടിച്ച് ഉദ്യോഗസ്ഥ മേധാവികള്‍ മോടിപിടിപ്പിച്ച് കൊടുക്കുന്ന പുതുപുത്തന്‍ പദ്ധതികള്‍ തുടര്‍ പ്രഖ്യാപനങ്ങളായി പടച്ചുവിടുക എന്നതില്‍ ഒതുങ്ങുന്നു കൃഷി വകുപ്പിന്റെ പ്രവര്‍ത്തനം. കൊട്ടിഘോഷിച്ച് കൊണ്ടുവന്ന കര്‍ഷക പെന്ഷന് ക്ഷേമനിധി പദ്ധതി പോലും ഇപ്പോഴും നടപ്പാക്കുന്നില്ല. കേരള സര്‍ക്കാര്‍ കണ്ണില്‍ ചോരയില്ലാതെ കര്‍ഷക വഞ്ചനയാണ് നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: