അലബാമ: അമേരിക്കയില്‍ അലബാമയിലെ സ്‌റ്റേറ്റ് തലസ്ഥാനമായ മോണ്ട് ഗോമറിയില്‍ തിരുവല്ല സ്വദേശി മറിയം സൂസന്‍ മാത്യു, (19) വെടിയേറ്റു മരിച്ചു. വീട്ടില്‍ ഉറങ്ങുകയായിരുന്നു മറിയം സൂസന്‍ മാത്യു. മുകളിലത്തെ നിലയില്‍ താമസിക്കുന്നയാളിന്റെ തോക്കില്‍ നിന്നുള്ള വെടിയുണ്ടകള്‍ സീലിംഗ് തുളച്ച് ശരീരത്തില്‍ പതിക്കുകയായിരുന്നു. തിരുവല്ല നോര്‍ത്ത് നിരണം ഇടപ്പള്ളി പറമ്പില്‍ വീട്ടില്‍ ബോബന്‍ മാത്യൂവിന്റെയും ബിന്‍സിയുടെയും മകളാണ്. ബിമല്‍, ബേസല്‍ എന്നിവര്‍ സഹോദരങ്ങളാണ്. നിരണം വടക്കുംഭാഗം സെന്റ് തോമസ് ഓര്‍ത്തോഡോക്‌സ് ഇടവകാംഗമായ ബോബന്‍ മാത്യൂ മലങ്കര ഓര്‍ത്തോഡോക്‌സ് സുറിയാനി സഭയുടെ അഹമ്മദാബാദ് ഭദ്രാസന കൗണ്‍സില്‍ അംഗമാണ്. മസ്‌ക്കറ്റ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തോഡോക്‌സ് ഇടവക സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
മലങ്കര ഓര്‍ത്തോഡോക്‌സ് സുറിയാനി സഭയുടെ അഹമ്മദാബാദ് ഭദ്രാസനത്തിനു വേണ്ടി മെത്രാപ്പോലീത്താ അഭിവന്ദ്യ ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് ഭദ്രാസന മെത്രാപ്പോലീത്താ അഗാധമായ ദുഃഖം രേഖപ്പെടുത്തി. അതേസമയം, അലബാമയിലെ വീട്ടില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ അയല്‍വാസിയുടെ വെടിയേറ്റുമരിച്ച തിരുവല്ല നോര്‍ത്ത് നിരണം ഇടപ്പള്ളി പറമ്പില്‍ മറിയം സൂസന്‍ മാത്യുവിന്റെ മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനു ഇന്ത്യയിലും അമേരിക്കയിലുമുള്ള എംബസ്സിയുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതുള്‍പ്പടെയുള്ള എല്ലാ സഹായവും ഫോമാ നല്‍കുമെന്ന് അറിയിച്ചു. മൃതദേഹം നാട്ടിലെത്തിക്കുന്നതുള്‍പ്പെടെയുള്ള എല്ലാ ചിലവുകളും വഹിക്കുവാന്‍ ഫോമാ തയ്യാറാണെന്ന് കുടുംബത്തെ അറിയിച്ചിട്ടുണ്ട്. വളരെ നിര്‍ഭാഗ്യകരവും,വേദനാജനകവുമായ സംഭവമാണ് ഉണ്ടായത്, നാല് മാസങ്ങള്‍ക്ക് മുന്‍പ് മാത്രം ഗള്‍ഫില്‍ നിന്നും അമേരിക്കയിലെത്തിയ കുടുംബത്തിനുണ്ടായ ദാരുണമായ സംഭവത്തില്‍ ഫോമ ദു:ഖം രേഖപ്പെടുത്തി.
കാലിഫോര്‍ണിയയിലും ടെക്‌സസ്സിലും അടുത്തിടെ മലയാളികള്‍ക്ക് നേരെയുണ്ടായ സമാന സംഭവങ്ങളില്‍ ദു:ഖിതരായ മലയാളികളെ വീണ്ടും കണ്ണീരിലാഴ്‌ത്തിയ മറിയം സൂസന്റെ മരണം ആകസ്മികമാണെന്ന് ഫോമാ വിശ്വസിക്കുന്നു. എന്നാല്‍ മലയാളികള്‍ക്ക് നേരെയുള്ള ഇത്തരം സംഭവങ്ങളില്‍ കുറ്റക്കാരെ ശിക്ഷിക്കുന്നതിനും മലയാളികളുടെ ജീവനും സ്വത്തിനും സുരക്ഷ നല്‍കാനും അധികൃതരുടെ ജാഗ്രതയും കരുതലും ഉണ്ടാകാനായി വിവരങ്ങള്‍ അധികൃതരെ അറിയിക്കുവാന്‍ ഫോമാ മുന്‍കൈ എടുക്കുമെന്ന് ഫോമാ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികളായ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി.ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവര്‍ അറിയിച്ചു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: