എ.വി. ഫര്‍ദിസ്
സുകുമാരക്കുറുപ്പ് എന്നു കേള്‍ക്കുമ്പോള്‍ ആദ്യം നമ്മുടെ മനസ്സിലേക്കോടിയെത്തുക എപ്പോഴും മുങ്ങി നടക്കുന്ന ഒരു പിടികിട്ടാപ്പുള്ളി എന്നതായിരിക്കും. കുറുപ്പ് സിനിമ ഇറങ്ങിയതോടെ അത് പുതുതലമുറക്കിടയിലും കൂടുതല്‍ പരിചിതമായി. എന്നാല്‍ ഏറെ ചര്‍ച്ച ചെയ്യുന്ന ‘കുറുപ്പ്’ സിനിമയുടെ പ്രധാന ബുദ്ധികേന്ദ്രമായ സംവിധായകന് ശ്രീനാഥ് രാജേന്ദ്രനും ഇതുപോലെ തന്നെയാണ് എന്നത് ഒരു യാദൃച്ഛികതയായിരിക്കാം!
ഒരു സിനിമ തീരുന്നതോടെ ശ്രീനാഥ് മുങ്ങുകയായി. കുറുപ്പ് ആഘോഷിക്കപ്പെടുമ്പോഴും അതിന്റെ ബഹളങ്ങളിലൊന്നും ഈ കോഴിക്കോട്ടുകാരനായ ചെറുപ്പക്കാരനെ നമ്മളാരും അധികം കണ്ടിട്ടില്ല. എന്തിനധികം കോഴിക്കാട്ടുകാരില്‍ തന്നെ ഈ സംവിധായകന് തങ്ങളുടെ നാട്ടുകാരനാണെന്നറിയുന്നവര്‍ ചുരുക്കം ചിലര്‍ക്ക് മാത്രമാണ്. മറിച്ച് കുറുപ്പിനെ പോലെ ക്യാമറകളില്‍ നിന്നും അതിന്റെ വെള്ളിവെളിച്ചത്തിലെ താരപ്രഭയില്‍ നിന്നുമെല്ലാം ബോധപൂര്‍വം മാറി നടക്കുകയാണ്.
ഇതിന് വ്യക്തമായ ഉത്തരവുമുണ്ട് ഈ യുവ സംവിധായകന്. അധികം ആളുകള്‍ അറിയപ്പെട്ട് കഴിഞ്ഞാല്‍ തന്റെ സ്വകാര്യത നഷ്ടപ്പെടും. അത് തന്നിലെ ഫിലിം മേക്കറുടെ ഇല്ലായ്മയിലേക്ക് കൊണ്ടുചെന്നെത്തിക്കും. ശ്രീനാഥ് ഓരോ സിനിമ കഴിയുമ്പോഴുമുള്ള ദീര്‍ഘയാത്രകളായിരിക്കും.
വീണ്ടും പുതിയ കഥാപാത്രങ്ങളെയും കഥാസന്ദര്‍ഭങ്ങളെയും തേടിയുള്ള ഒരു യാത്രയ്ക്കായുള്ള ഒരുക്കത്തിന്റെ ഒരു സായാഹ്നത്തില്‍ കോഴിക്കോട് ബീച്ചിനടുത്തെ ഒരു പഴയ പാണ്ട്യേലകളിലൊന്നില്‍ വെച്ച് കുറുപ്പിനെക്കുറിച്ചും കുറുപ്പിലേക്കെത്തിയ വഴികളെക്കുറിച്ചുമെല്ലാം മനസ്സ് തുറന്നു:
എങ്ങനെ സുകുമാരക്കുറുപ്പിനെക്കുറിച്ചുള്ള ഒരു സിനിമ എന്നതിലേക്കെത്തി?
ഒരു മിസ്റ്ററി ജോനറിലുള്ള സിനിമ എന്നതായിരുന്നു എന്റെ ലക്ഷ്യം. അതിനായുള്ള കഥ മലയാളത്തില്‍ ചെയ്യുമ്പോള്‍ ഇത്രയും ൗിശൂൗല ആയി കഥ പറയുവാന്‍ സുകുമാരക്കുറുപ്പിന്റെ കഥയെപ്പോലെ മറ്റൊന്നില്ല. കൂടാതെ ഇത്തരമൊരു കഥ വേറെ ആരും പറഞ്ഞിട്ടില്ല എന്നതുകൊണ്ട് കൂടിയാണ് ഇത് തെരഞ്ഞെടുത്തത്.
ഈ വിഷയത്തില്‍ മുന്‍പ് വന്ന NH47 സിനിമയെക്കുറിച്ച്?
സത്യം പറയാലോ. ഞാന്‍ ആ സിനിമ കണ്ടിട്ടു തന്നെയില്ല.
തുടക്കത്തില്‍ തന്നെ നായകനായി ദുല്‍ഖറിനെ തന്നെയാണോ ഉദ്ദേശിച്ചത്?
അതെ, 2012-ല്‍ തന്നെ ഇത് തീരുമാനിച്ചിട്ടുണ്ട്. അന്നേ ദുല്‍ഖര്‍ ഇതിന് തയ്യാറുമായിരുന്നു. എന്റെ ആദ്യ സിനിമയായ സെക്കന്റ് ഷോയുടെ സമയത്തേ ഉള്ള ഒരു സ്വപ്നമാണ് വലിയ ബജറ്റിലുള്ള ഇത്തരമൊരു സിനിമ. പക്ഷേ ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അത് പുറത്തു വരുന്നത്.
ഇങ്ങനെ ഹിന്ദിയടക്കമുള്ള ഭാഷകളെക്കൂടി ആദ്യം ലക്ഷ്യം വെച്ചിരുന്നുവോ?
എന്റെ ലക്ഷ്യം മലയാളത്തില്‍ ഒരു International Standard ലുള്ള സിനിമ എന്നുള്ളതായിരുന്നു. എന്നാല്‍ ഇതിനിടക്ക് ദുല്‍ഖര്‍ തമിഴ്, തെലുങ്ക്, ഹിന്ദിയിലടക്കം അഭിനയിച്ചു. ഇതോടെ ഒരു പാന്‍ ഇന്ത്യാ ആക്റ്റര്‍ എന്ന മുഖം ദുല്‍ഖറിന് കൈവന്നു. അതോടെ ഈ ഭാഷകളിലേക്കെല്ലാം ഡബ്ബ് ചെയ്ത് പുറത്തിറക്കുകയെന്നതിലേക്കെത്തുകയായിരുന്നു.
ഇതുപോലെ ഒരു തീയേറ്റര്‍ ക്രൗഡ് പുള്ളിങ് സിനിമയായിട്ടു തന്നെയാണോ കുറുപ്പിനെ ഉദ്ദേശിച്ചത്?
കെജിഎഫ് പോലെ ഒരു മാസ് സിനിമയായിട്ടല്ല ഞാന്‍ കുറുപ്പിനെ കണ്ടത്. അത് സിനിമ കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാകും. മറിച്ച് നല്ല ഒരു സിനിമ നല്ലതുപോലെ എടുത്താല്‍ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്നതിന് ഉദാഹരണമാണ് കുറുപ്പ്
കുറുപ്പ് ഒടിടിയിലായിരുന്നു എത്തിയിരുന്നതെങ്കില്‍ ഈ സ്വീകാര്യത കിട്ടുമായിരുന്നോ?
ഒരിക്കലും ഒടിടിക്ക് പറ്റിയ ഒരു സിനിമയല്ലിത്. തിയേറ്ററിനെക്കാള്‍ എത്രയോ ദൂരം ഒടിടിയിലൂടെയുടെയാകുമ്പോള്‍ സിനിമ സഞ്ചരിക്കും. തിങ്കളാഴ്ച നിശ്ചയവും മിന്നല്‍ മുരളി പോലെയുമുള്ള സിനിമകളെല്ലാം നൂറിലധികം രാജ്യങ്ങളിലെ പ്രേക്ഷകരുടെയടുത്താണ് ഒടിടിയിലൂടെ എത്തുന്നത്. ഇതു പോലുള്ള ഗുണങ്ങളുമുണ്ടതിന്. വരുംകാലത്ത് ഒടിടി പ്ലാറ്റ്ഫോമിനെ ആശ്രയിച്ചുകൊണ്ടുള്ള ധാരാളം സിനിമകളുണ്ടാകും. അതേപോലെ തീയേറ്റര്‍ ഓഡിയന്‍സിനായുള്ള സിനിമകളും ഉണ്ടാകും. ചിലപ്പോള്‍ മുന്‍പുള്ളതുപോലെ അത്ര സിനിമകള്‍ ഇറങ്ങിക്കൊള്ളണമെന്നുണ്ടാകില്ല. എണ്ണത്തില്‍ നല്ല വ്യാത്യാസം വന്നേക്കാം. എങ്കിലും തീയേറ്റര്‍ സിനിമ ഇല്ലാതാകുകയൊന്നുമില്ല.
സാധാരണ കാഴ്ചക്കാരന് പോലും കുറപ്പിന്റെ മേന്മയായി എണ്ണുന്നത് ഇതിലെ പശ്ചാത്തല സംഗീതവും കഥാപാത്രങ്ങള്‍ക്കനുയോജ്യമായ അഭിനേതാക്കളുടെ തെരഞ്ഞെടുപ്പുമാണ്?
സുശീലിന്റെ പ്രയത്നത്തിന്റെ ഫലമാണിത്. ആ കാലത്തിന്റെ Retro sound ഇന്നത്തെ കാലത്തിനനുയോജ്യമായി റീക്രിയേറ്റ് ചെയ്യുകയായിരുന്നു.
നല്ല കാസ്റ്റിങ്ങാണെങ്കില്‍ നമ്മുടെ വര്‍ക്കിന്റെ തൊണ്ണൂറ് ശതമാനം പണി കഴിഞ്ഞുവെന്ന് വേണമെങ്കില്‍ പറയാം. ശോഭിത, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരുടെയെല്ലാം കാര്യം ഇതിനുദാഹരണങ്ങളാണ്.
ഡിംഗിരി ഡിംഗിരി പാട്ട് ദുല്‍ഖറിനെക്കൊണ്ട് തന്നെ പാടിപ്പിച്ചത് ബോധപൂര്‍വം തന്നെയാണോ?
ആ കാലഘട്ടത്തിലെ ജീവിതത്തെ കാണിക്കുവാനുളള ശ്രമമാണതിലൂടെ. ഒരു ഗോവന്‍ ട്രാക്കിലൂടെയുള്ള പാട്ടാണത്. എന്റെ സുഹൃത്ത് സുലൈമാന്‍ എപ്പോഴും മൂളുന്ന ഒരു ട്യൂണാണത്. യാദൃച്ഛികമായി അത്തരമൊരു സന്ദര്‍ഭം വന്നപ്പോള്‍ അത് അവിടെ ഉപയോഗപ്പെടുത്തിയെന്നേയുള്ളൂ.
ആദ്യ സിനിമയായ സെക്കന്റ് ഷോയെക്കാളും രണ്ടാമത്തെ സിനിമയായ കൂതറെയെക്കാളും പ്രേക്ഷക ശ്രദ്ധ കുറുപ്പിനാണല്ലോ?
അത് ശരിയാണ്. പക്ഷേ ഈ മൂന്നും ഓരോ പരീക്ഷണങ്ങളായിരുന്നു. എല്ലാം പരീക്ഷണങ്ങളും വിജയിക്കണമെന്നില്ലല്ലോ. അതുകൊണ്ട് അതില്‍ നിന്ന് പിന്നാക്കം പോകുകയൊന്നുമില്ല. ഇനിയും പരീക്ഷണങ്ങള്‍ നടത്തുവാന്‍ തന്നെയാണ് എനിക്കിഷ്ടം.
അടുത്ത സിനിമ?
അത് ഇപ്പോഴും ഒരു സ്വപ്നം മാത്രമാണ്. പല വിഷയങ്ങളും മനസ്സിലുണ്ട്. പക്ഷേ അത് സിനിമ തന്നെയാകണമെന്നില്ല. പല ആര്‍ട്ട് ഫോമുകളുമുണ്ട്, നമുക്ക് പറയുവാനുള്ളത് പ്രകടിപ്പിക്കാനായിട്ട്. ചിലപ്പോള്‍ സിനിമയാകാം. നമ്മള് ആത്മാര്‍ഥമായി സിനിമയെ പ്രണയിച്ചാല്‍ നമുക്കതിന്റെ റിസള്‍ട്ട് തീര്‍ച്ചയായും കിട്ടുമെന്നതാണ് എന്റെ അനുഭവം. ഈ മേഖലയില്‍ സഞ്ചരിക്കുന്നവരുടെ മുന്നില്‍ എനിക്ക് വയ്ക്കുവാനുള്ളതു മിതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: