തിരുവനന്തപുരം: തന്റെ പേരില്‍ തുടങ്ങിയ ഫാന്‍സ് പേജുമായി തനിക്ക് ഒരു ഉത്തരവാദിത്വവുമില്ലെന്ന് മുന്‍ സിപിഎം എംഎല്‍എ എം. സ്വരാജ്. ഫാന്‍ സംസ്കാരത്തിന്റെ ‘ രാഷ്ട്രീയത്തോട് ഒട്ടും യോജിപ്പില്ല. ഇന്നോളം ആരെയും ആരാധിച്ചിട്ടില്ല. ആരാധ്യനാണെന്ന് ഒരു നിമിഷം പോലും സ്വയം തോന്നിയിട്ടുമില്ലെന്ന് സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം-
ഫാന്‍ സംസ്കാരത്തിന്റെ ‘ രാഷ്ട്രീയത്തോട് ഒട്ടും യോജിപ്പില്ല. ഇന്നോളം ആരെയും ആരാധിച്ചിട്ടില്ല.ആരാധ്യനാണെന്ന് ഒരു നിമിഷം പോലും സ്വയം തോന്നിയിട്ടുമില്ല. എന്റെ പേര് ഉപയോഗിച്ചു കൊണ്ട് ചില ഫേസ് ബുക്ക് പേജുകളും ഗ്രൂപ്പുകളും പ്രവര്‍ത്തിയ്ക്കുന്നതായി പലരും ചൂണ്ടിക്കാണിയ്ക്കുന്നുണ്ട്.
– ഫാന്‍സ് എന്ന പേരിലും അല്ലാതെയുമൊക്കെ – .എന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഇതൊക്കെ നടക്കുന്നത്.ഇതിനോടൊന്നും തെല്ലും യോജിപ്പുമില്ല. നവ മാധ്യമങ്ങളില്‍ പരിമിതമായ തോതില്‍ മാത്രമാണ് ഇടപെടാറുള്ളത്.എല്ലാ കാര്യങ്ങളെക്കുറിച്ചും എല്ലാ ദിവസവും ഫേസ്ബുക്കിലൂടെ പ്രതികരിയ്ക്കുകയെന്ന ശൈലി ഇതുവരെ സ്വീകരിച്ചിട്ടില്ല. വല്ലപ്പോഴും M Swaraj എന്ന വെരിഫൈഡ് FB പേജിലൂടെ മാത്രമാണ് കുറിപ്പുകള്‍ പോസ്റ്റ് ചെയ്യാറുള്ളത്.പ്രസ്തുത പേജിലെ ഓരോ വാക്കിനും മാത്രമല്ല കുത്തിനും കോമയ്ക്കും വരെ എനിയ്ക്ക് ഉത്തരവാദിത്തമുണ്ട്. അതിനു മാത്രമാണ് ഉത്തരവാദിത്വമുള്ളത്. എന്റെ പേരു കൂടി ചേര്‍ത്തു കൊണ്ട് ആരൊക്കെയോ ചേര്‍ന്ന് രൂപം കൊടുത്തിട്ടുള്ള ഫേസ് ബുക്ക് ഗ്രൂപ്പുകളിലും പേജുകളിലും വരുന്ന അഭിപ്രായങ്ങളുടെയും പ്രയോഗങ്ങളുടെയും ഉത്തരവാദിത്വം അതു ചെയ്യുന്നവര്‍ക്കു മാത്രമാണ്. ഇത്തരം കാര്യങ്ങള്‍ക്കെല്ലാം പരാതിയുമായി നടക്കാന്‍ കഴിഞ്ഞുവെന്നു വരില്ല. എന്നാല്‍ ഇക്കാര്യത്തിലെ നിലപാട് ഇവിടെ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: