തിരുവനന്തപുരം : മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ബേബി ഡാമിന് സമീപത്തെ മരങ്ങള്‍ മുറിക്കാന്‍ ഉത്തരവ് ഇറങ്ങിയതുമായി ബന്ധപ്പെട്ട് ഐഎഫ്എസുകാരായ ബെന്നിച്ചന് തോമസിനെ സസ്പെന്‍ഡ് ചെയ്തത് കേന്ദ്ര സര്‍ക്കാരിനെ അറിയിക്കാതെ. വിശദീകരണം തേടി കേന്ദ്രം സംസ്ഥാന സര്‍ക്കാരിന് കത്തയച്ചു. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യാനുള്ള അധികാരം സംസ്ഥാനത്തിനുണ്ടെങ്കിലും അത് കേന്ദ്രത്തെ അറിയിക്കേണ്ടതുണ്ട്.
ഒരു നടപടി ക്രമവും പാലിക്കാതെയാണ് സംസ്ഥാന സര്‍ക്കാര്‍ ബെന്നിച്ചന് തോമസിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥരുടെ കേഡര്‍ അതോറിട്ടിയായ കേന്ദ്രത്തിന് ബെന്നിച്ചനെ സസ്പെന്ഷന് ചെയ്തതിനുള്ള കാരണങ്ങളൊന്നും വ്യക്തമല്ല. അതിനാല്‍ എത്രയും വേഗം ഇതുസംബന്ധിച്ച ഫയലുകള്‍ ഹാജരാക്കാനും ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് ഫോറസ്റ്റ് എ.കെ. മൊഹന്തി ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. 24നാണ് കേന്ദ്രം കത്തയച്ചത്.
സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ സസ്പെന്ഷന് കാലാവധി നീട്ടുകയാണെങ്കിലും കേന്ദ്ര പഴ്സണല്‍ മന്ത്രാലയത്തെ അറിയിക്കേണ്ടതുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച മറച്ചു വെയ്ക്കുന്നതിനായി ഉദ്യോഗസ്ഥരെ ബലിയാടാക്കുകയാണെന്ന് ബെന്നിച്ചനെ സസ്പെന്‍ഡ് ചെയ്തതതോടെ ആരോപണം ഉയര്‍ന്നിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ കേന്ദ്രവും വിശദീകരണം തേടിയിരിക്കുന്നത്.
നവംബര്‍ 11ന് ആണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ബെന്നിച്ചന് തോമസിനെ സംസ്ഥാന സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തത്. ബെന്നിച്ചന് തോമസ് അഖിലേന്ത്യാ സര്‍വീസ് ചട്ടം ലംഘിച്ചെന്നും, സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടിനെതിരെ പ്രവര്‍ത്തിച്ചെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ബെന്നിച്ചനെ സസ്പെന്‍ഡ് ചെയ്യാന്‍ മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. ബെന്നിച്ചനെ സസ്പെന്‍ഡ് ചെയ്ത നടപടിക്കെതിരെ ഐഎഎസ്, ഐഎഫ്എസ് അസോസിയേഷനുകള്‍ രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: