പൂവാര്‍: വെള്ളവും വെളിച്ചവുമില്ലാതെ കീറിപ്പറിഞ്ഞ ടാര്‍പ്പാളിന്‍ കൊണ്ട് മേല്‍ക്കൂര മൂടിയ കുടുസുമുറിയില്‍ ഉടുതുണിക്ക് മറുതുണി ഇല്ലാതെ ജീവിക്കുന്ന വൃദ്ധ ദമ്പതികള്‍. കൂട്ടിന് പട്ടിണി മാത്രം. തണുത്തുവിറച്ച് കിടക്കാനിടമില്ലാതെ മുഖത്തോടുമുഖം നോക്കി നേരം വെളുപ്പിക്കുന്ന വൃദ്ധ ദമ്പതികള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ ഒരു ശൗചാലയം പോലുമില്ല. വര്‍ഷങ്ങളായി ആകെയുള്ള ഒന്നേമുക്കാല്‍ സെന്റില്‍ നിന്നുതിരിയാന്‍ ഇടമില്ലാതെ ജീവിക്കുന്നത് തിരുപുറം പഞ്ചായത്തിലെ 2-ാം വാര്‍ഡായ ഇരുവൈക്കോണത്തെ കല്ലുവിള പുത്തന്‍വീട്ടില്‍ മണിയന്‍ (88), ഭാര്യ സതിഭായി (67) എന്നിവരാണ്.
തകര്‍ന്നു വീഴാറായ കൂരയുടെ അടിയില്‍ പൊട്ടിപ്പൊളിഞ്ഞ കട്ടിലിനെ നോക്കി വിധിയെ ഓര്‍ത്ത് ജീവിതം തള്ളിനീക്കുകയാണിരുവരും. സിപിഎമ്മും എല്‍ഡിഎഫും ‘ലൈഫ്’ പദ്ധതി സമാനകളില്ലാത്ത നേട്ടമായി ആവര്‍ത്തിക്കുമ്പോഴാണ് ഭരണസിരാകേന്ദ്രമായ തലസ്ഥാനനഗരത്തിന്റെ പരിധിയില്‍ നിന്ന് അകലെയല്ലാതെ മനസ്സാക്ഷി മരവിപ്പിക്കുന്ന ഈ കാഴ്ച കാണാനാകുന്നത്. എല്ലാവര്‍ക്കും സുരക്ഷയും മാന്യമായ പാര്‍പ്പിട സംവിധാനവും ഒരുക്കുമെന്ന സര്‍ക്കാര്‍ വാദം ഇവിടെ പൊളിഞ്ഞിരിക്കുകയാണ്.
മണിയന്‍-സതിഭായി ദമ്പതികള്‍ക്ക് രണ്ടു പെണ്‍മക്കളാണുള്ളത്. വിവാഹശേഷം ഒരാള്‍ അര്‍ബുദ ബാധിതയായി അഞ്ചുവര്‍ഷം മുമ്പ് മരിച്ചു. ഒരു മകള്‍ സന്താനമില്ലാത്ത കാരണത്താല്‍ ഭര്‍ത്താവിനൊപ്പം ആത്മഹത്യ ചെയ്തതായി പ്രദേശവാസികള്‍ പറയുന്നു. ജീവിക്കാന്‍ മറ്റൊരു വഴിയുമില്ല ഈ വൃദ്ധ ദമ്പതികള്‍ക്ക്. ജോലി ചെയ്യാന്‍ ആരോഗ്യവുമില്ല. നിവൃത്തികേടുകൊണ്ട് അയല്‍ വീടുകളില്‍ ചില്ലറ പണിക്ക് പോകുന്ന സതി ഭായിക്ക് കിട്ടുന്ന ചില്ലറയാണ് ഇവരുടെ വരുമാനം. ഇതിനിടെ സേവാഭാരതി തിരുപുറം യൂണിറ്റ് കുറച്ച് മാസങ്ങളായി ഭക്ഷ്യക്കിറ്റ് വീട്ടില്‍ എത്തിക്കുന്നതായി ഭാരവാഹികള്‍ പറഞ്ഞു.
ഇടതും വലതും മത്സരിച്ച് മാറിമാറി ഭരിച്ചുവരുന്ന തിരുപുറം പഞ്ചായത്തില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റും മെമ്പറുമായ ക്രിസ്തുദാസിന്റെ വാര്‍ഡില്‍ വര്‍ഷങ്ങളായി താമസിക്കുകയാണ് ഇവര്‍. എന്നാല്‍ ഒരു പഞ്ചായത്തംഗവും ഇവര്‍ക്കുവേണ്ടി ഒരു ചെറുവിരല്‍ പോലും അനക്കിയില്ലെന്ന് അയല്‍വാസികള്‍ പറയുന്നു. പഞ്ചായത്തിലെ പാഥേയം പദ്ധതിയില്‍ നിന്നും ലഭിക്കുന്ന രണ്ടുപൊതി ചോറുകൊണ്ട് മൂന്നുനേരത്തെ ഭക്ഷണം ഒരു നേരമാക്കി ഇവര്‍ ജീവിതം കഴിച്ചുകൂട്ടുകയാണ്. വീടില്ലാത്തവര്‍ക്കായി വിഭാവനം ചെയ്തിട്ടുള്ള ‘മണ്ണും വീടും’ ‘ലൈഫ്’ തുടങ്ങിയതൊന്നും ഇവര്‍ക്കായി ആരും നല്‍കിയില്ല. നാട്ടുകാര്‍ പലതവണ വാര്‍ഡ് മെമ്പര്‍ക്കും പഞ്ചായത്ത് പ്രസിഡന്റിനും അപേക്ഷകള്‍ നല്‍കി. ഒന്നും നടന്നില്ല. വൃദ്ധരായ ഇവരെ വേട്ടയാടാത്ത രോഗങ്ങളില്ല. മരുന്നു വാങ്ങാനോ മറ്റ് ചികിത്സകള്‍ നടത്താനോ പണവുമില്ല. എന്തിന് ഉടുത്ത് പുറത്തിറങ്ങാന്‍ കീറിപ്പറിയാത്ത തുണിയുമില്ല. ഈ ദാരിദ്ര്യം കാണേണ്ട അധികാരികളുടെ കണ്ണുകള്‍ അടഞ്ഞിരിക്കുകയാണ്. ഇവരെ മറ്റുള്ളവരും തിരിഞ്ഞ് നോക്കാറില്ല. എന്തിനിങ്ങനെ ജീവിക്കുന്നെന്ന് വിലപിക്കുമ്പോഴും മണ്‍തറയില്‍ കിടക്കുന്ന ഇവര്‍ എല്ലാം ഉള്ളിലൊതുക്കി ആരോടും പരിഭവുമില്ലാതെ ജീവിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: