കൊച്ചി : സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് പരാതി അറിക്കാമെന്ന് ഹൈക്കോടതി. അഭിഭാഷകര്‍ അമിക്കസ് ക്യൂറിമാര്‍ എന്നിവാരാണ് ഇതുവരെ കോടതിയെ ഇക്കാര്യം അറിയിച്ചിരുന്നത്. ഇനി പൊതുജനങ്ങള്‍ക്ക് ഇക്കാര്യം നേരിട്ട് അറിയിക്കാം. സംസ്ഥാനത്തെ ഏത് റോഡ് സംബന്ധിച്ച് പരാതി ഡിസംബര്‍ 14ന് മുമ്പായി കോടതിയെ അറിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച് റിപ്പോര്ട്ടിന്മേലാണ് ഹൈക്കോടതി ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം കൊച്ചിയിലെ റോഡുകളെ ശോച്യാവസ്ഥ സംബന്ധിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് പരിഗണിക്കുന്നതിനിടെ കോടതി രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു. ഒരു മഴക്കാലത്തെ അതിജീവിക്കാന്‍ കഴിയുംവിധം റോഡ് ടാര്‍ചെയ്യാന്‍ കഴിയാത്ത എഞ്ചിനീയര്‍മാര്‍ രാജിവെച്ച് പോകണം. കഴിവുള്ളവര്‍ പുറത്തുണ്ട് അവര്‍ക്ക് അവസരം നല്‍കണമെന്നായിരുന്നു ഹൈക്കോടതിയുടെ പ്രസ്താവന.
ആറുമാസം നന്നായിക്കിടക്കും ആറുമാസം തകര്‍ന്ന് കിടക്കും എന്നതാണ് റോഡുകളുടെ സ്ഥിതി. അമിക്കസ്ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ കോടതി വിശദീകരണം തേടി. ഹര്‍ജി ഡിസംബര്‍ 14ന് വീണ്ടും പരിഗണിക്കും. ഈ തീയതിക്കുള്ളില്‍ പൊതുജനങ്ങള്‍ക്കും അഭിഭാഷകര്‍ക്കും അമിക്കസ് ക്യൂറിക്കും റോഡുകളുടെ ശോച്യാവസ്ഥയെക്കുറിച്ച് അറിയിക്കാം.
അതിനിടെ റോഡില്‍ കുഴിയെടുക്കുന്നതുമായി ബന്ധപ്പെട്ട് ജലസേചന വകുപ്പിനെ പഴിചാരി പൊതുമരാമത്ത് മന്ത്രി റിയാസ് രംഗത്ത് എത്തിയിരുന്നു. റോഡ് കുത്തിപ്പൊളിക്കുന്നവര്‍ക്ക് അത് പഴയപ്പടിയാക്കാനും ഉത്തരവാദിത്തമുണ്ടെന്ന് മന്ത്രി പറഞ്ഞു. ജല അതോറിറ്റി റോഡുകള്‍ കുത്തിപ്പൊളിക്കുകയാണെങ്കില്‍ അത് പഴയ നിലയിലാക്കണമെന്ന് 2017-ലെ സര്‍ക്കാര്‍ ഉത്തരവ് ചൂണ്ടിക്കാട്ടുന്നുണ്ടെന്നും മന്ത്രി റിയാസ് പ്രതികരിച്ചു.
പൊതുമരാമത്ത് മന്ത്രിയുടെ വിമര്‍ശനത്തോട് പ്രതികരിച്ച ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് റോഡുകള്‍ എളുപ്പം മൂടാന്‍ ജലവിഭവ വകുപ്പിന് ചില സാങ്കേതിക തടസങ്ങളുണ്ടെന്ന് പറഞ്ഞു. പൈപ്പിട്ട് കഴിഞ്ഞാല്‍ അതിന്റെ ടെസ്റ്റ് നടത്താതെ കുഴി മൂടാന്‍ സാധിക്കില്ല. പൈപ്പിട്ട ഉടനെ കുഴി മൂടിയാല്‍ പിന്നീട് പരിശോധന നടത്തുന്ന സമയത്ത് വീണ്ടും കുഴിക്കേണ്ടി വരുമെന്ന് മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു. റിയാസുമായി അടുത്ത ആഴ്ച കൂടിക്കാഴ്ച നടത്തുന്നുണ്ടെന്നും ആ സമയം ഈ പ്രശ്നം വിശദമായി ചര്‍ച്ച ചെയ്യുമെന്നും മന്ത്രി മറുപടി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: