തിരുവനന്തപുരം: കേരള സംസ്ഥാന പേലീസ് സേനയുടെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച് സിപിഐ മുഖപത്രം. പല സംഭവങ്ങളിലും പൊലീസ് ഉന്നതര്‍ സംശയനിഴലിലാണെന്നും വേലി തന്നെ വിളവുതിന്നുന്ന സ്ഥിതിയിലേക്ക് അധഃപതിക്കാന്‍ അനുവദിക്കരുതെന്നും ജനയുഗം വിമര്‍ശിച്ചു. ഒറ്റപ്പെട്ട അപഭ്രംശങ്ങള്‍ സര്‍ക്കാരിന്റെ പ്രതിഛായക്ക് മങ്ങലേല്‍പ്പിക്കുന്നത് ഖേദകരമാണ്. നിയമവാഴ്ച ഉറപ്പുവരുത്താന്‍ സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ടെന്നും സിപിഐ മുഖപത്രം ചൂണ്ടിക്കാട്ടി .
ആലുവയില്‍ നിയമ വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് ഇന്‍സ്പെക്ടറുടെ പേര് ആത്മഹത്യാ കുറിപ്പില്‍ സ്ഥാനംപിടിച്ചത് കേവലം യാദൃച്ഛികതയായി തള്ളിക്കളയാനാവില്ല. കൃത്യനിര്‍വഹണത്തില്‍ ഗുരുതര വീഴ്ചയും തൊഴില്‍പരമായ നിരുത്തരവാദിത്തവും മാത്രമല്ല അനധികൃത സ്വത്ത് സമ്പാദന ആരോപണവും ഇയാള്‍ക്കു നേരെ ഉന്നയിക്കപ്പെട്ടിരുന്നുവെന്നും ജനയുഗത്തിലെ ലേഖനത്തില്‍ വിമര്‍ശിച്ചു.
സമൂഹത്തില്‍ നിയമവാഴ്ച ഉറപ്പുവരുത്തേണ്ട പൊലീസ് സംവിധാനം ‘വേലി വിളവു തിന്നുന്ന’ സ്ഥിതിയിലേക്ക് അധഃപതിക്കാന്‍ അനുവദിച്ചുകൂട. കൊച്ചിയില്‍ വാഹനാപകടത്തില്‍ രണ്ട് യുവതികളടക്കം മൂന്നുപേര്‍ മരിക്കാനിടയായ സംഭവം, മോന്സണ് മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് എന്നിവയിലുള്‍പ്പെടെ പല സംഭവങ്ങളിലും പൊലീസ് ഉന്നതര്‍ സംശയത്തിന്റെ നിഴലിലാണ്. അത്തരം സംഭവങ്ങളും വിവാദങ്ങളും ആവര്‍ത്തിക്കുന്നത് നിയമവാഴ്ചയെപ്പറ്റിയും സുരക്ഷിതത്വത്തെപറ്റിയും പൗരജീവിതത്തില്‍ ആശങ്ക ഉണ്ടാക്കുന്നവെന്നും ലേഖനത്തില്‍ പറയുന്നു.
അതേ സമയം മൊഫിയ പര്‍വീണിന്റെ ആത്മഹത്യക്കേസില്‍ ആരോപണ വിധേയനായ ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷന് സിഐ സുധീര്‍ കുമാറിനെ സസ്പെന്‍ഡ് ചെയ്തു. വിഷയത്തില്‍ ആഭ്യന്തരവകുപ്പിന് നേരേ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ മുഖം രക്ഷിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന് ഇടപെട്ടാണ് സുധീറിന് സസ്പെന്‍ഡ് ചെയ്തത്. സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് സസ്പെന്ഷന് എന്ന് പോലീസ് മേധാവി വ്യക്തമാക്കി.
ഇന്നു രാവിലെ മന്ത്രി പി.രാജീവ് മൊഫിയയുടെ വീട് സന്ദര്‍ശിക്കുകയും മുഖ്യമന്ത്രി മൊഫിയയുടെ പിതാവിനെ ഫോണില്‍ വിളിക്കുകയും ചെയ്തിരുന്നു. സിഐക്ക് എതിരേ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. കൊച്ചി ഈസ്റ്റ് ട്രാഫിക് അസിസ്റ്റന്റ് കമ്മിഷണര്‍ സിഐ സുധീറിനെരായ ആരോപണങ്ങള്‍ അന്വേഷിക്കാനും ഉത്തരവിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: