തിരുവല്ല: കേന്ദ്ര സര്‍ക്കാര്‍ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന തുടരാന്‍ തീരുമാനിച്ചതോടെ സംസ്ഥാനത്തെ 1.53,46,462 കോടിയാളുകള്‍ക്ക് സൗജന്യ ഭക്ഷ്യധാന്യം തുടര്‍ന്നും ലഭിക്കും. സംസ്ഥാന സര്‍ക്കാര്‍ സൗജന്യ കിറ്റ് വിതരണം നിര്‍ത്തിയ സാഹചര്യത്തില്‍ ഇത് പാവങ്ങള്‍ക്ക് ആശ്വാസമാകും. ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്നതിനാല്‍ സംസ്ഥാനത്ത് കിറ്റ് വിതരണം അടഞ്ഞ അധ്യായമായിരിക്കുമെന്നാണ് ധനവകുപ്പ് നല്കുന്ന സൂചന. മുന്‍ വര്‍ഷത്തെക്കാള്‍ 1.02 ശതമാനം പൊതുകടം വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഇപ്പോള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന സൗജന്യ പദ്ധതികള്‍ നിര്‍ത്തണമെന്ന നിലപാടാണ് ധനവകുപ്പിന്. കിറ്റ് വിതരണണയിനത്തില് റേഷന്‍ വ്യാപാരികള്‍ക്ക് നല്‍കാനുള്ള 48 കോടി രൂപയുടെ ആനുകൂല്യം കൊടുക്കണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്.
പുതിയ കണക്കനുസരിച്ച് അന്ത്യോദയ, അന്നയോജന വിഭാഗത്തില്‍ 5,92,978 കാര്‍ഡുകളാണ് ഉള്ളത്. ഇതനുസരിച്ചാണെങ്കില്‍ 21,67,895 പേര്‍ക്കാണ് ഓരോ മാസവും അഞ്ച് കിലോ വീതം ധാന്യം ലഭിക്കുന്നത്. അഞ്ച് പേരുള്ള കുടുംബത്തിന് 25 കിലോ ഭക്ഷ്യധാന്യം ലഭിക്കും. മുന്‍ഗണനാ വിഭാഗത്തില്‍ സംസ്ഥാനത്ത് 33,64,265 കാര്‍ഡുകളാണ് ഉള്ളത്. 1,31,78,567 പേരാണ് ഈ വിഭാഗത്തിലുള്ളത്. ഇതിനായി ഓരോ മാസവും 77,000 ടണ്‍ ഭക്ഷ്യധാന്യമാണ് അധികമായി സംസ്ഥാനത്തിന് ലഭിക്കുന്നത്. 1.25 ലക്ഷം ടണ്‍ ഭക്ഷ്യധാന്യമാണ് സാധാരണ ഒരുമാസത്തേക്ക് കേന്ദ്രം അനുവദിക്കുന്നത്.
സൗജന്യകിറ്റ് നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും ചില വിഭാഗങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുന്നത് ആലോചിക്കുന്നുവെന്നും കഴിഞ്ഞ ദിവസം ഭക്ഷ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ഇനിയും കിറ്റ് നല്കാന് കഴിയില്ലെന്ന നിലപാടിലാണ് ധനവകുപ്പ്. ഓരോമാസവും സൗജന്യ കിറ്റിനായി 350 മുതല്‍ 450 കോടി വരെ കണ്ടെത്തണം. റവന്യു കമ്മി കുതിച്ച് ഉയരുന്ന സാഹചര്യത്തില്‍ ഇത്രയും തുക കണ്ടെത്താന്‍ ബുദ്ധിമുട്ടാണെന്നാണ് ധനവകുപ്പ് ചൂണ്ടിക്കാണിക്കുന്നത്.
രക്ഷയായത് കേന്ദ്ര സഹായങ്ങള്‍
സാമ്പത്തിക പ്രതിസന്ധിക്കിടെ കേരളത്തിന് രക്ഷയായത് കേന്ദ്ര സഹായങ്ങള്‍. കൊവിഡുണ്ടാക്കിയ ആഘാതത്തില്‍ നിന്ന് മുക്തരാകാത്ത കേരളത്തിന് ഭക്ഷ്യധാന്യ പദ്ധതി തുടരുന്നത് കുറഞ്ഞ വരുമാനം ഉള്ളവര്‍ക്ക് രക്ഷയാകുമെന്ന് ധനകാര്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ധനകാര്യ കമ്മീഷന്റെ ശിപാര്‍ശ പ്രകാരമുള്ള ജിഎസ്ടി നഷ്ടപരിഹാരത്തുകയും ഗ്രാന്റും സമയാസമയങ്ങളില്‍ കിട്ടിയതിനാലാണ് ട്രഷറി പൂട്ടാതെ രക്ഷപ്പെട്ടത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 176 ശതമാനം വര്‍ധനയാണ് ഉണ്ടായത്. റവന്യു കമ്മി മറികടക്കുന്നതിനായി 1830 കോടി രൂപ കൂടി സംസ്ഥാനത്തിന് കേന്ദ്രം അനുവദിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: