ആലുവ: പൊലീസ് ആസ്ഥാനം ക്രിമിനല്‍ കേസുകളില്‍ പ്രതികളായ പൊലീസുകാരെ സംരക്ഷിക്കാനുള്ള സ്ഥലമാണോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. ആലുവ നിയോജകമണ്ഡലത്തില്‍ കീഴ്മാട് ഇടയപ്പുറത്ത് ആത്മഹത്യ ചെയ്ത എല്‍.എല്‍.ബി വിദ്യാര്‍ത്ഥിനിയായ മോഫിയ പര്‍വീണിന്റെ വസതി സന്ദര്‍ശിച്ച ശേഷം മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടുംബാഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നതായും നീതി ലഭിയ്ക്കുവാനുള്ള പോരാട്ടത്തില്‍ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം ഉറപ്പു നല്കി. മോഫിയയോട് മോശമായി പെരുമാറിയ സിഐ സിഎല്‍ സുധീറിനെ സസ്പെന്‍ഡ് ചെയ്യേണ്ടതിന് പകരം പൊലീസ് ഹെഡ്ക്വോര്‍ട്ടേഴ്സിലേക്ക് മാറ്റുകയാണ് സര്‍ക്കാര്‍ ചെയ്തത്. പിണറായി വിജയന് സര്‍ക്കാരിന്റെ പൊതുസമീപനം തന്നെ കുറ്റവാളികളായ പൊലീസ് ഉദ്യോഗസ്ഥരെ സഹായിക്കലാണ്.
744 പൊലീസ് ഉദ്യോഗസ്ഥരാണ് ഗുരുതരമായ ക്രമിനല്‍ കേസുകളില്‍ പ്രതികളായിട്ടും ഇപ്പോഴും കാക്കി യൂണിഫോമില്‍ വിലസുന്നത്. നിരപരാധിയായ നിയമ വിദ്യാര്‍ത്ഥിയായ ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്യേണ്ടി വന്നത് പൊലീസ് ഉദ്യോ?ഗസ്ഥന്റെ പെരുമാറ്റം കാരണമാണ്. ഗുരുതരമായ വീഴ്ചയാണ് ഉണ്ടായത്. അദ്ദേഹത്തെ ജോലിയില്‍ നിന്നും പിരിച്ചുവിടണം. ഉത്രവധക്കേസില്‍ പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ച ഈ പൊലീസുകാരനെ നേരത്തെ പുറത്താക്കിയിരുന്നെങ്കില്‍ മോഫിയ രക്ഷപ്പെടുമായിരുന്നു. നിര്‍ഭാഗ്യവശാല്‍ പൊലീസ് ഉദ്യോഗസ്ഥനെ സഹായിക്കുകയാണ് സര്‍ക്കാരെന്നും സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: