ന്യൂദല്‍ഹി: സംസ്ഥാനത്തെ ആയിരക്കണക്കിന് കൊവിഡ് മരണങ്ങള് മാസങ്ങളോളം ഒളിപ്പിച്ചുവെച്ച കേരള സര്‍ക്കാരിന്റെ നടപടിക്കെതിരെ കേന്ദ്രആരോഗ്യമന്ത്രാലയം. കൊവിഡ് രണ്ടാം തരംഗത്തില്‍ സംസ്ഥാനത്ത് മരണങ്ങള് സംഭവിച്ചിട്ടില്ലെന്ന് കാണിക്കാന്‍ കേരള സര്‍ക്കാര്‍ കള്ളക്കണക്ക് പുറത്തുവിടുകയായിരുന്നുവെന്നും ആരോഗ്യമന്ത്രാലയം കുറ്റപ്പെടുത്തുന്നു. ഒരു മാസത്തിനുള്ളില്‍ പഴയ 8,684 കൊവിഡ് മരണങ്ങളാണ് കേരളം കണക്കില്‍ ഉള്‍പ്പെടുത്തിയതെന്നും ആരോഗ്യമന്ത്രാലയം കണ്ടെത്തി. മരണങ്ങളും കൊവിഡ് കേസുകളും മറച്ചുപിടിച്ചതാണ് കഴിഞ്ഞ മൂന്നുനാലു മാസങ്ങളായി സംസ്ഥാനത്തെ കൊവിഡ് സാഹചര്യം ഗുരുതരമായി മാറാന്‍ കാരണമെന്നും അധികൃതര്‍ കുറ്റപ്പെടുത്തുന്നു.
കൊവിഡ് മരണങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെയാണ് ഒളിപ്പിച്ചുവെച്ച കൊവിഡ് മരണങ്ങള് കേരളം പുറത്തുവിട്ടു തുടങ്ങിയതെന്നതാണ് ശ്രദ്ധേയം. രാജ്യമെങ്ങും കൊവിഡ് രണ്ടാം തരംഗം ആഞ്ഞടിച്ച ഏപ്രിലില്‍ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങളില്‍ വെറും 1.4 ശതമാനം മാത്രമായിരുന്നു കേരളത്തിലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞിരുന്നത്. മെയില്‍ 2.8 ശതമാനവും ജൂണില്‍ 6.4 ശതമാനവും മരണങ്ങളാണ് സംസ്ഥാനം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ആഗസ്തില്‍ ഇത് ഒറ്റയടിക്ക് 26.9 ശതമാനമായി ഉയര്‍ന്നു. സപ്തംബറില്‍ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങളില്‍ 45.2 ശതമാനവും ഒക്ടോബറില്‍ 64.7 ശതമാനവും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. നവംബറില്‍ 77.4 ശതമാനം കൊവിഡ് മരണങ്ങള് കേരളത്തില്‍ നിന്ന് മാത്രമായി. അതായത് ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ മറച്ചുവെച്ച കൊവിഡ് മരണങ്ങളാണ് സപ്തംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി കേരളം പുറത്തുവിട്ടത്.
2020 മാര്‍ച്ചില്‍ കൊവിഡ് ആരംഭിച്ചപ്പോള്‍ മുതല്‍ ഈ വര്‍ഷം ജൂണ്‍ മാസം വരെ കൊവിഡ് മരണങ്ങള് സംസ്ഥാന സര്‍ക്കാര്‍ മറച്ചു പിടിച്ചിട്ടുണ്ടെന്നാണ് കേന്ദ്രആരോഗ്യമന്ത്രാലയം കണ്ടെത്തിയിരിക്കുന്നത്.
ഒക്ടോബര്‍ 22ന് സംഭവിച്ച 99 കൊവിഡ് മരണങ്ങള്‍ക്കൊപ്പം പഴയ 464 മരണങ്ങള് കൂടി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. 23ന് 399 മരണങ്ങളാണ് ചേര്‍ത്തത്. 27ന് 529 പഴയ മരണങ്ങളും 28ന് 652 പഴയ കൊവിഡ് മരണങ്ങളും കൂട്ടിച്ചേര്‍ത്തു. നവംബറിലെ മിക്ക ദിവസങ്ങളിലും അഞ്ഞൂറോളം പഴയ മരണങ്ങള് വീതമാണ് കണക്കില്‍ അധികമായി ചേര്‍ത്തത്. ഒക്ടോബര്‍ 22 മുതല്‍ നവംബര്‍ 22 വരെ സംസ്ഥാനത്ത് 10,473 കൊവിഡ് മരണങ്ങളുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ഇതില്‍ 8,684 മരണങ്ങളും ഒരു വര്‍ഷം മുമ്പ് വരെ സംഭവിച്ചവയാണ്. 1,789 പേര് മാത്രമാണ് ഒരു മാസത്തിനിടെ കേരളത്തില്‍ കൊവിഡ് വന്ന് മരിച്ചത്. അമ്പതിനായിരം രൂപ നഷ്ടപരിഹാരത്തിനായി ബാക്കിയുള്ളവരെ കൂട്ടിച്ചേര്‍ക്കുകയായിരുന്നുവെന്ന് വ്യക്തം.
എറണാകുളത്ത് 1,824 പഴയ മരണങ്ങളും കോഴിക്കോട് 1,032 മരണങ്ങളും തൃശൂരില്‍ 1,031 മരണങ്ങളും ഒരുമാസത്തിനിടെ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. തിരുവനന്തപുരത്ത് 983, കൊല്ലത്ത് 877, കണ്ണൂരില്‍ 719, ആലപ്പുഴ 537 പഴയ കൊവിഡ്് മരണങ്ങളും ഒരു മാസത്തിനിടെ മാത്രം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: