തിരുവനന്തപുരം : ദത്ത്വിവാദവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കോടതിക്ക് കൈമാറി. കഴിഞ്ഞ ദിവസം പുറത്തുവന്ന ഡിഎന്‍എ പരിശോധനാ ഫലവും വകുപ്പുതല അന്വേഷണവും അടങ്ങുന്ന റിപ്പോര്‍ട്ടാണ് തിരുവനന്തപുരം കുടുംബ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. കേസ് ഇന്ന് തന്നെ പരിഗണിക്കാനും കോടതിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഉച്ചകഴിഞ്ഞ് കേസ് പരിഗണിക്കാമെന്ന് കോടതിയും മറുപടി നല്‍കിയിട്ടുണ്ട്.
കുട്ടിയുടെ അമ്മ അനുപമയുടെ വികാരം പരിഗണിച്ച് കേസ് ഇന്ന് തന്നെ പരിഗണിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടത്. കേസ് ഇതിന് മുമ്പ് 30ന് പരിഗണിക്കുമെന്നാണ് കോടതി അറിയിച്ചത്. ഇതോടെ സിഡബ്ല്യൂസി കോടതിയില്‍ നല്കിയ ഫ്രീ ഫോര്‍ അഡോപ്ഷന്‍ ഡിക്ളറേഷന് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കും. കുഞ്ഞ് അനുപമയും പങ്കാളി അജിത്തിന്റേതും ആണെന്ന് ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞതോടെയാണ് ഈ സര്‍ട്ടിഫിക്കറ്റിന് സാധ്യത ഇല്ലാതാവുന്നത്.
അതേസമയം അനുപമയുടെ കുഞ്ഞിനെ ദത്ത് കൊടുത്തതില്‍ ശിശുക്ഷേമ സമിതിക്കും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്കും ഗുരുതര വീഴ്ചയുണ്ടായതായും വകുപ്പ് തല അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. ഈ റിപ്പോര്‍ട്ടില്‍ ശിശുക്ഷേമ സമിതിക്കും സിഡബ്ല്യുസിക്കും ഉണ്ടായ വീഴ്ചകള്‍ അക്കമിട്ട് പറയുന്നുണ്ട്.
ദത്തുനല്‍കി മൂന്നാംദിവസം അനുപമ പരാതി നല്‍കിയിട്ടും ശിശുക്ഷേമ സമിതി ഒന്നും ചെയ്തില്ല. ദത്ത് പോകുന്നതിന് മൂന്നരമാസം മുമ്പ് സിറ്റിങ് നടത്തിയ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ദത്ത് തടഞ്ഞില്ല. കുഞ്ഞിനെ കിട്ടിയ ഉടന്‍ അജിത്ത് ശിശുക്ഷേമ സമിതിയില്‍ വന്നതിന്റെ രേഖകള്‍ ചുരണ്ടി മാറ്റി.
2020 ഒക്ടോബര്‍ 22 ന് രാത്രി 12.30 നാണ് അനുപമയുടെ കുഞ്ഞ് ശിശുക്ഷേമ സമിതിയില്‍ എത്തുന്നത്. ഓഗസ്റ്റ് ഏഴിനാണ് കുഞ്ഞിനെ ദത്ത് നല്‍കുന്നത്. കുഞ്ഞിനെ കിട്ടിയെന്ന പത്രപരസ്യത്തിന് പിന്നാലെ അജിത്ത് പലതവണ ശിശുക്ഷേമസമിതി ഓഫീസിലും ജനറല്‍ സെക്രട്ടറി ഷിജുഖാന്റെ മുന്നിലും എത്തി. ഈ തെളിവുകളെല്ലാം അധികൃതര്‍ നശിപ്പിച്ചു. ദത്ത് കൊടുത്തതിന്റെ നാലാംനാള്‍ അനുപമ കുഞ്ഞിനെ പരാതിക്കാരിക്ക് കാണിച്ച് കൊടുക്കണമെന്ന സിഡബ്ല്യൂസി ഉത്തരവുമായി ശിശുക്ഷേമസമിതിയില്‍ എത്തിയിട്ടും കുഞ്ഞിനെ തിരിച്ചുകൊണ്ടുവരാന്‍ നടപടി എടുത്തില്ല. മാത്രമല്ല കുഞ്ഞിനുമേല്‍ ആരും അവകാശവാദം ഉന്നയിച്ചിട്ടില്ലെന്ന രീതിയില്‍ ദത്ത് സ്ഥിരപ്പെടുത്താന്‍ സമിതി കോടതിയില്‍ സത്യവാങ്മൂലം നല്കി.
ദത്ത് പോകുന്നതിന് മൂന്നരമാസം മുമ്പ് സിഡബ്ല്യൂസി 18 മിനുട്ട് അനുപമയുമായി സിറ്റിങ് നടത്തി. കുഞ്ഞിനുമേല്‍ അവകാശവാദം അനുപമ ഉന്നയിച്ചിട്ടും ദത്ത് നടപടി തടയാനോ പോലീസിനെ അറിയിക്കാനോ സിഡബ്ല്യൂസി തയ്യാറായില്ല. ഏപ്രില്‍ 19ന് അനുപമ പേരൂര്‍ക്കട പോലീസിലും പരാതി നല്കി. നാല് മാസം കഴിഞ്ഞിട്ട് അവരും നടപടി കൈക്കൊണ്ടില്ല്
അതേസമയം പോലീസില്‍ പരാതി നല്‍കിയിട്ടും ദത്ത് കൊടുക്കുന്നത് വരെ അനുപമ കാര്യമായ അന്വേഷണം നടത്തിയില്ലെന്ന വിമര്‍ശനവും റിപ്പോര്‍ട്ട് ഉന്നയിക്കുന്നുണ്ട്. ആന്ധ്രാ ദമ്പതികളുടെ കണ്ണീരിന്റെ ഉത്തരവാദികള്‍ ശിശുക്ഷേമ സമിതിയും സിഡബ്ല്യുസിയും ആണെന്ന് അടിവരയിടുന്നതാണ് ടിവി അനുപമയുടെ റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: