ന്യൂദല്‍ഹി: രാജ്യത്ത് എകെ 203 തോക്കുകളുടെ നിര്‍മ്മാണത്തിന് ധാരണയായി. ഇന്ത്യന്‍ കരസേനയ്ക്ക് വേണ്ടിയാണ് തോക്ക് നിര്‍മാണം. ഇതു സംബന്ധിച്ച് ഇന്ത്യയും റഷ്യയും തമ്മില്‍ ധാരണയിലെത്തി. 5000 കോടിയുടെ പദ്ധതിയ്ക്ക് ധാരണയായത്. ഉത്തര്‍പ്രദേശിലെ അമേത്തി ജില്ലയിലാണ് തോക്കുകളുടെ നിര്‍മ്മാണം. 10 വര്‍ഷത്തിനുള്ളില്‍ 6 ലക്ഷം എകെ 203 തോക്കുകളായിരിക്കും ഇവിടെ നിര്‍മ്മിക്കുന്നത്.
കഴിഞ്ഞ മാസമാണ് അമേത്തിയിലെ ആയുധ നിര്‍മ്മാണ കേന്ദ്രം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റെ ഇന്ത്യ സന്ദര്‍ശനത്തിന് മുന്നോടിയായാണ് പദ്ധതിയ്ക്ക് ധാരണയായത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സിലിലാണ് ഇതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം എടുത്തതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. വീടുകളിലും കെട്ടിടങ്ങളിലും ഒളിച്ചിരുന്ന് സുരക്ഷാസേനയെ ആക്രമിക്കുന്ന ഭീകരരെ നേരിടാന്‍ എകെ 203 തോക്കുൾ ഫലപ്രദമാകുമെന്നാണ് വിലയിരുത്തല്‍.
ഒരു മിനിറ്റിൽ 600 വെടിയുണ്ടകളെ ഉതിർക്കാനുള്ള ശേഷി എകെ 203നുണ്ട്. എകെ 47 തോക്കിന്റെ മറ്റൊരു പതിപ്പാണ് കലാഷ്നികോവിന്റെ എകെ 203. ഇന്ത്യന്‍ കരസേനാംഗങ്ങളുടെ കൈയിലുള്ള ഇന്‍സാസ് തോക്കുകള്‍ക്ക് പകരം ആയിട്ടായിരിക്കും എകെ203 ഉപയോഗിക്കുന്നത്. അതിനോടൊപ്പം ഇന്ത്യന്‍ എയര്‍ ഫോഴ്സിന്റെ 2,236 കോടിയുടെ പദ്ധതിയായ ജിഎസ്എടി 7സി ഉപഗ്രഹം വിക്ഷേപിക്കുന്നതിനായുള്ള അനുമതിയും നല്‍കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: