കണ്ണൂര്‍ : കണ്ണൂര്‍ യൂണിവേഴ്സിറ്റിയെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമം നടക്കുകയാണെന്ന് വൈസ് ചാന്‍സിലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ പ്രിയ വര്‍ഗീസിനെ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട് സ്വകാര്യ മാധ്യമത്തിന് നല്കിയ പ്രതികരണത്തിലാണ് ഇക്കാര്യം അറിയിച്ചത്.
നിയമനവുമായി ബന്ധപ്പെട്ടുള്ള സേവ് യൂണിവേഴ്സിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ പോസിറ്റീവായി കാണുന്നില്ല. അടിസ്ഥാന യോഗ്യതയായി ഗവേഷണ ബിരുദവും അസിസ്റ്റന്റ് പൊഫസര്‍ എന്ന നിലയില്‍ എട്ടുവര്‍ഷത്തെ അധ്യാപന പരിചയവും എട്ടില്‍ കുറയാത്ത ഗവേഷണ പ്രബന്ധങ്ങളും വേണമെന്നാണ് യുജിസി ചട്ടം. 2012 ല്‍ അസിസ്റ്റന്റ് പ്രൊഫസറായ പ്രിയ മൂന്ന് വര്‍ഷം പിഎച്ച്ഡി ചെയ്യാന്‍ അവധിയില്‍ പോയി. രണ്ട് കൊല്ലം യൂണിവേഴ്സിറ്റി സ്റ്റുഡന്റ് ഡയറക്ടര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷനായിരുന്നു. ഇത് രണ്ടും അധ്യാപന പരിചയമായി കാണാനാകില്ലെന്നും നാലുവര്‍ഷത്തെ മാത്രം പരിചയമുള്ള പ്രിയയെ പട്ടികയില്‍ നിന്ന് ഒഴിവാക്കണം എന്നുമാണ് സേവ് യൂണിവേഴ്സിറ്റിയും പ്രതിപക്ഷ സംഘടനകളും ആവശ്യപ്പെടുന്നത്.
പിഎച്ച്ഡി കാലയളവ് അധ്യാപന പരിചയമായി കണക്കാക്കണോ എന്നതില്‍ വ്യക്തതയില്ല. സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് പ്രിയയെ ഇന്റര്‍വ്യൂവില്‍ പങ്കെടുപ്പിച്ചത്. ഒരാള്‍ക്ക് അവസരം നഷ്ടമാകരുത് എന്നാണ് യൂണിവേഴ്സിറ്റി കരുതിയത്. ആ തിരുമാനത്തിന്റെ ഭാഗമായാണ് ഇന്റര്‍വ്യൂവിന് പങ്കെടുപ്പിച്ചത്. നിയമ ഉപദേശം കിട്ടിയ ശേഷമേ നിയമനം സംബന്ധിച്ച് നടപടി ഉണ്ടാകൂവെന്നും അദ്ദേഹം പറഞ്ഞു. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാത്ത സാഹചര്യത്തില്‍ പ്രിയാ വര്‍ഗീസിനാണോ ഒന്നാം റാങ്ക് എന്ന കാര്യത്തില്‍ ഇപ്പോള്‍ പറയാന്‍ കഴിയില്ല.
എയിഡഡ് കോളേജുകളില്‍ കേറാന്‍ വേണ്ടി അമ്പതും അറുപതും ലക്ഷങ്ങളാണ് എന്നോട് ആളുകള്‍ പറയുന്നത്. ഈ രീതിയോട് യോജിപ്പില്ല. തുറന്ന കൈക്കൂലി വാങ്ങി ജോലിനേടുന്ന ഈ രീതിയാണ് മാറേണ്ടത്. ഇടതുപക്ഷ പ്രത്യയശാസ്ത്രത്തോട് യോജിപ്പുള്ളയാളാണ് ഞാന്‍. പക്ഷേ നിയമം വിട്ട് ഒന്നും ചെയ്തിട്ടില്ല. വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാന്‍ തയ്യാറാണെന്നും ഗോപിനാഥ് രവീന്ദ്രന് കൂട്ടിച്ചേര്‍ത്തു.
അതേസമയം മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിനെ നിയമിക്കാനുള്ള യൂണിവേഴ്സിറ്റിയുടെ നീക്കം വിവാദമായതോടെ ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ വിഷയത്തില്‍ ഇടപെട്ടു. വിസിയോട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വിശദീകരണം തേടി. നിയമനത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: