തിരുവനന്തപുരം : കുഞ്ഞിനെ ദത്ത് നല്‍കിയതുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം വേണം. ശിശു ക്ഷേമ സമിതി തെളിവ് നശിപ്പിക്കാന്‍ ശ്രമം നടത്തുകയാണെന്നും അനുപമ ആരോപിച്ചു. ശിശുക്ഷേമ സമിതി സെക്രട്ടറി ഷിജു ഖാന് അടക്കമുള്ളവര്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടത്തുകയാണെന്നും അനുപമ ആരോപിച്ചു.
കുട്ടിക്കടത്താണ് നടന്നത്. ഇപ്പോള്‍ നടക്കുന്ന വകുപ്പ് തല അന്വേഷണം കള്ളനെ തന്നെ ഏല്‍പ്പിക്കുന്നത് പോലെയാണ്. വിഷയം സിബിഐ അന്വേഷിക്കണം. ഇതിനായുള്ള നടപടികള്‍ തുടങ്ങിയെന്നും അനുപമ പറഞ്ഞു.
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുനന്ദയും ശിശുക്ഷേമസമിതി സെക്രട്ടറി ഷിജു ഖാനും അടക്കമുള്ളവരും പോലീസും ചേര്‍ന്ന് തെളിവ് നശിപ്പിക്കാനാണ് ശ്രമിക്കുന്നത്. സംഭവിച്ച വീഴ്ചകള്‍ മുഴുവന്‍ തന്റെ തലയില്‍ കെട്ടിവയ്ക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. കുഞ്ഞിനെ കിട്ടിയാലും സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ സമരം തുടരാനാണ് തീരുമാനമെന്നും അവര്‍ പ്രതികരിച്ചു.
ആന്ധ്രയില്‍ നിന്ന് എത്തിച്ച കുഞ്ഞിന്റെ ഡിഎന്‍എ സാമ്പിള്‍ തിങ്കളാഴ്ച ശേഖരിത്ത് പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിന്റെ പരിശോധനാ ഫലം ഇന്ന് വൈകിട്ടോടെ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എ്ന്നാല്‍ ഡിഎന്‍എ പരിശോധന ചിത്രീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉറപ്പു നല്‍കിയെങ്കിലും അത് നടപ്പായില്ല. സിസിടിവി ദൃശ്യങ്ങളില്‍ വിശ്വാസ്യതയില്ല. കുറ്റക്കാരെ സംരക്ഷിക്കാന്‍ നീക്കം നടക്കുന്നു. വകുപ്പുതല അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും അനുപമ മാധ്യമങ്ങളോട് പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് വനിതാ ശുശുക്ഷേമ ഡയറക്ടര്‍ അനുപമയുടേയും അജിത്തിന്റേയും മൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിലടക്കം സംശയമുണ്ട്. മൊഴി എടുത്തപ്പോള്‍ തന്നെ കുറ്റപ്പെടുത്തുന്ന വിധത്തിലുള്ള ചോദ്യങ്ങളാണ് ഉന്നയിച്ചത്. ശിശുക്ഷേമ സമിതിയില്പോയി അന്വേഷിച്ചതിന് രജിസ്റ്ററില്‍ തെളിവുകളില്ല തുടങ്ങിയ കാര്യങ്ങളാണ് ഇപ്പോള്‍ വനിതാ ശിശു വികസന ഡയറക്ടര്‍ പറയുന്നത്. അത് കൊണ്ട് തെളിവടക്കം നശിപ്പിക്കുന്ന ഒരു നടപടി ഉണ്ടായിട്ടുണ്ടെന്നും അനുപമ ആരോപിച്ചു.
അതേസമയം ഡിഎന്‍എ ഫലം പോസിറ്റീവായാല്‍ കുഞ്ഞിനെ തിരികെ നല്‍കാനുള്ള നടപടികള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി സ്വീകരിക്കും. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ന്നുള്ള നടപടികള്‍. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കാണ് പരിശോധനാ ഫലം ലഭിക്കുക. ഇത് അന്വേഷണ റിപ്പോര്‍ട്ടിനൊപ്പം കോടതിയില്‍ സമര്‍പ്പിക്കുക.
ഈ മാസം മുപ്പതാം തീയതിക്ക് അകം ഡിഎന്‍എ പരിശോധനാ ഫലം ഉള്‍പ്പെടെ റിപ്പോര്‍ട്ട് നല്കാന് തിരുവനന്തപുരം കുടുംബകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ആന്ധ്രയില്‍ നിന്ന് തിരികെയെത്തിച്ച കുഞ്ഞിപ്പോള്‍ നിര്‍മലാ ഭവന് ശിശുസംരക്ഷണ കേന്ദ്രത്തിലാണ്. കുഞ്ഞിനെ കാണണമെന്നാവശ്യപ്പെട്ട് അനുപമ കത്ത് നല്‍കിയിരുന്നുവെങ്കിലും ഇത് നിലവില്‍ അനുവദിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: