തിരുവനന്തപുരം : ശിശുക്ഷേമ സമിതി ദത്ത് നല്കിയ കുഞ്ഞിന്റെ ഡിഎന്‍എ ഫലം ഇന്ന് വൈകിട്ടോടെ ലഭിക്കും. ആന്ധ്രയില്‍ നിന്നും എത്തിച്ച കുഞ്ഞിന്റെ ഡിഎന്‍എ സാമ്പിള്‍ തിങ്കളാഴ്ച ശേഖരിച്ചിരുന്നു. തുടര്‍ന്ന് അനുപമയും അജിത്തും, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്നോളജിയില്‍ നേരിട്ടെത്തി രക്തസാമ്പിള്‍ നല്കി.
ഡിഎന്‍എ ഫലം പോസിറ്റീവായാല്‍ കുഞ്ഞിനെ അനുപമയ്ക്കും അജിത്തിനും തിരികെ നല്‍കാനുള്ള നടപടികള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി സ്വീകരിക്കും. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് ലഭിക്കുന്ന പരിശോധനാഫലം അന്വേഷണ റിപ്പോര്‍ട്ടിനൊപ്പമായിരിക്കും കോടതിയില്‍ സമര്‍പ്പിക്കുക. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ന്നുള്ള നടപടികള്‍.
ഡിഎന്‍എ പരിശോധനയ്ക്കുള്ള സാംപിള്‍ ശേഖരിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ പരിശോധനാഫലം ലഭിക്കും. സര്‍ക്കാര്‍ ഏജന്‍സികള്‍ക്കോ കോടതികള്‍ക്കോ മാത്രമേ ഡിഎന്‍എ പരിശോധനാഫലം കൈമാറാനാകൂ. ഇത് പ്രകാരമാണ് റിപ്പോര്‍ട്ട് സിഡബ്ല്യുസിക്ക് കൈമാറുന്നത്. പരിശോധനക്കായി മൂന്ന് പേരുടേയും സാമ്പിള്‍ ശേഖരിച്ചപ്പോഴും സിഡബ്ല്യുസി ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു.
ദത്ത് നടപടിക്രമങ്ങളുമായുള്ള അന്വേഷണ റിപ്പോര്‍ട്ട് ഈ മാസം 29 ന് കോടതിയില്‍ സമര്‍പ്പിക്കാനിരിക്കുകയാണ്. ഈ മാസം 30 നാണ് കേസ് തിരുവനന്തപുരം കുടുംബകോടതി പരിഗണിക്കുന്നത്. ഡിഎന്‍എ ടെസ്റ്റ് നടത്തുന്നത് പരിഗണിച്ച് കോടതി സമയം നീട്ടി നല്‍കുകയായിരുന്നു.
അതേസമയം അനുപമ ശിശുക്ഷേമ സമിതിക്ക് മുന്നില്‍ നടത്തുന്ന സമരം തുടരുകയാണ്. ആന്ധ്രയില്‍ നിന്ന് തിരികെയെത്തിച്ച കുഞ്ഞിപ്പോള്‍ നിര്‍മലാ ഭവന് ശിശുസംരക്ഷണ കേന്ദ്രത്തിലാണ്. കുഞ്ഞിനെ കാണണമെന്നാവശ്യപ്പെട്ട് അനുപമ കത്ത് നല്‍കിയിരുന്നുവെങ്കിലും ഇത് നിലവില്‍ അനുവദിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: