ഫറ്റോര്‍ഡ: സ്പാനിഷ് സ്ട്രൈക്കര്‍ ഇഗോര്‍ അംഗുളോയുടെ ഇരട്ട ഗോളില്‍ മുംബൈ സിറ്റിക്ക് ഉശിരന്‍ വിജയം. എട്ടാമത് ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റി കരുത്തരായ എഫ്സി ഗോവയെ മടക്കമില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തി.
മൂന്ന് മിനിറ്റിനിടെയാണ് ഇഗോര്‍ അംഗുളോ രണ്ട് ഗോള്‍ നേടിയത്. 33, 36 മിനിറ്റുകളിലാണ് സ്കോര്‍ ചെയ്തത്. ബ്രസീലിയന്‍ താരം യോര്‍ കറ്റാറ്റുവാണ് മുംബൈയുടെ മൂന്നാം ഗോള്‍ നേടിയത്. ഈ വിജയത്തോടെ മുംബൈ സിറ്റിക്ക്് മൂന്ന്് പോയിന്റായി.
തുടക്കം മുതല്‍ ഇരു ടീമുകളും തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവച്ചത്. ആദ്യ മിനിറ്റില്‍ തന്നെ എഫ്സി ഗോവയ്ക്ക്് കോര്‍ണര്‍ കിട്ടി. എന്നാല്‍ അത് ലക്ഷ്യത്തിലെത്തിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അല്‍ബര്‍ട്ടോ നല്കിയ ക്രോസില്‍ ഉയര്‍ന്ന് ചാടി റാല്‍ട്ടെ തലവെച്ചെങ്കിലും പന്ത് പുറത്തേക്ക് പോയി. തൊട്ടു പിന്നാലെ മുംബൈയ്ക്ക് കോര്‍ണര്‍ ലഭിച്ചെങ്കിലും ഗോള്‍ നേടാനായില്ല.
മുപ്പത്തിമൂന്നാം മിനിറ്റില്‍ മുംബൈ സിറ്റി എഫ്സി മുന്നിലെത്തി. പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഇഗോര്‍ അംഗുളോയാണ് മുംബൈ സിറ്റിക്ക് ലീഡ് നേടി കൊടുത്തത്. പെനാല്‍റ്റി ഏരിയയില്‍ വച്ച്് മുംബൈ സിറ്റി താരത്തെ എഫ്സി ഗോവന്‍ താരം ഇവാന് ഗോണ്‍സാലസ് ഫൗള്‍ ചെയ്തതിനാണ് റഫറി മുംബൈ സിറ്റിക്ക് അനുകൂലമായി പെനാല്‍റ്റി വിധിച്ചത്.
മൂന്ന് മിനിറ്റുകള്‍ക്കുള്ളില്‍ രണ്ടാം ഗോള്‍ നേടി ഇഗോര്‍ അംഗുളോ മുംബൈ സിറ്റിയുടെ ലീഡ് 2-0 ആയി ഉയര്‍ത്തി. റെയ്നിയര്‍ ഫെര്‍ണാണ്ടസിന്റെ പാസ്് ഇഗോര്‍ ഗോളിലേക്ക് തിരിച്ചുവിടുകയായിരുന്നു. ആദ്യ പകുതിയില്‍ മുംബൈ സിറ്റി എഫ്സി 2-0 ന്് മുന്നിട്ടുനിന്നു.
ഇടവേളയ്ക്ക് ശേഷവും മികച്ച പ്രകടനം കാഴ്ചവച്ച മുംബൈ സിറ്റി 76-ാം മിനിറ്റില്‍ മൂന്നാം ഗോളും നേടി ബ്രസീലിയന്‍ താരം യോര്‍ കറ്റാറ്റുവാണ് ഇത്തവണ സ്കോര്‍ ചെയ്തത്. അഹമ്മദ് ജഹൂഹ് ഗോള്‍ മുഖത്തേക്ക് ഉയര്‍ത്തിവിട്ട പന്ത് തലകൊണ്ട്് കറ്റാറ്റു എഫ്സി ഗോവയുടെ വലയിലേക്ക തിരിച്ചുവിട്ടു. അവസാന നിമിഷങ്ങളില്‍ ഗോള്‍ നേടാന്‍ ഗോവ നടത്തിയ നീക്കങ്ങളൊക്കെ പരാജയപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: