ഇടുക്കി: വന്മരം ഒഴുകിയെത്തി, അതിവേഗത്തിലുള്ള ഇടപെടലൂടെ ഇടുക്കിയുടെ ഷട്ടര്‍ അടച്ച് കെഎസ്ഇബി. ഒഴിവായത് വലിയ അപകടം. ശനിയാഴ്ച രാത്രി വൈകിയാണ് സംഭവം. ഈ സമയം ജലനിരപ്പ് 2400 അടിയിലെത്തിയിരുന്നു.ചെറുതോണി അണക്കെട്ടിന്റെ തുറന്നിരുന്ന ഒരു ഷട്ടര്‍ കനത്ത മഴയെ തുടര്‍ന്ന് ശനിയാഴ്ച രാവിലെ ഒരു മീറ്റായി ഉയര്‍ത്തിയിരുന്നു. ഷട്ടര്‍ തുറന്നിരിക്കുന്നതിനാല്‍ ഈ ഭാഗത്തേക്ക് വെള്ളത്തിന്റെ ശക്തമായ ഒഴുക്കുണ്ടാകും.
ജലനിരപ്പ് ഉയര്‍ന്നതിനാല്‍ വനത്തിലെവിടെയോ ഉണങ്ങി കിടന്ന വന്മരം വെള്ളത്തിലാകുകയും അണക്കെട്ടിന്റെ ഷട്ടറിന് സമീപത്തേക്ക് ഒഴുകിയെത്തുകയായിരുന്നു. ഇടുക്കി ആര്‍ച്ച് ഡാമിന് സമീപം മരം എത്തിയപ്പോള്‍ ആന നീന്തുന്നത് പോലെ ചെറിയ ഭാഗം വെള്ളത്തിന് മുകളില്‍ സുരക്ഷാ ഡ്യട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ കണ്ടു. പിന്നാലെ സൂക്ഷ്മമായി നീരീക്ഷിച്ചപ്പോള്‍ വലിയ തേക്ക് മരം ഒഴുകി വരുന്നതാണെന്ന് മനസിലായി.
ഉടനെ കെഎസ്ഇബിയുടെ അണക്കെട്ടിലുണ്ടായിരുന്ന മുതിര്‍ന്ന അധികൃതരെ വിവരം അറിയിച്ചു. ഇവര്‍ വിവരം ഡാം സേഫ്റ്റിയുടെ ചീഫ് എഞ്ചിനീയറെ ധരിപ്പിച്ചു. ഉടന്‍ ഷട്ടറടയ്ക്കാന്‍ നിര്‍ദേശം നല്‍കിയെങ്കിലും ജില്ലാ കളക്ടറുടെ അനുമതി ഇതിന് ആവശ്യമായിരുന്നു. കളക്ടറുടെ കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തി 15 മിനിറ്റിനകം ഷട്ടറടച്ചു. ഈ സമയം മരം ഏതാണ്ട് ഷട്ടറിന് അടുത്ത് വരെ എത്തിയിരുന്നു.
ഷട്ടര്‍ തുറന്നിരിക്കുന്നതിനാല്‍ ഇതിനിടയില്‍ മരം കുടങ്ങാനുള്ള സാധ്യത ഏറെയാണ്. മരത്തിന്റെ വേര് ഭാഗത്തിന് 1.5 മീറ്ററോളം വീതിയുണ്ട്. ഇത്തരത്തില്‍ കുടുങ്ങിയാല്‍ ഷട്ടര്‍ പിന്നീട് 3-4 മീറ്റര്‍ വരെ ഉയര്‍ത്തേണ്ടി വരും. ഇതിനൊപ്പം ഷട്ടറിന്റെ ഭാഗങ്ങളിലെവിടെയെങ്കിലും മരം ഉടക്കിയാല്‍ ജലനിരപ്പ് താഴാതെ നീക്കാനും ആകില്ല. ജലനിരപ്പ് ഷട്ടര്‍ നിരപ്പായ 2373ന് താഴെ എത്തിക്കേണ്ടിയും വരും. സമാനമായി നേരത്തെ ചെറിയ ഡാമുകളില്‍ ഇത്തരം വിഷയങ്ങള്‍ ഉണ്ടായിട്ടുണ്ട്.
ഇത്തരം സംഭവങ്ങള്‍ തടയുന്നതിനായി ഇടുക്കിയില്‍ മുഴുവന്‍ സമയവും പ്രത്യേകിച്ച് ഷട്ടര്‍ തുറന്നാല്‍ എല്ലാ സ്ഥലത്തും പരിശോധനയും നിരീക്ഷണവും ഉണ്ട്. ഇതാണ് വിവരം നേരത്തെ അറിയാനും ഷട്ടര്‍ അടക്കാനും അപകടമൊഴുവാക്കാനും സഹായിച്ചത്. സിവില്‍ എഞ്ചിനീയേഴ്സ് ഉള്‍പ്പെടുന്ന കെഎസ്ഇബിയുടെ ഡാം സേഫ്റ്റി വിഭാഗമാണ് സുരക്ഷയുടെ പൂര്‍ണ്ണ ചുമതല നോക്കുന്നത്. ഷട്ടര്‍ അടച്ച ശേഷം അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ ബോട്ടിലെത്തി മരം കെട്ടി വലിച്ച് കരയിലേക്ക് മാറ്റി. അതേ സമയം പുതിയ റൂള്‍ കര്‍വ് നിലവില്‍ വന്നതിനാല്‍ മുല്ലപ്പെരിയാറിലെ ഷട്ടര്‍ ഒരെണ്ണം അടക്കുകയും രണ്ടാമത്തേത് 10 സെ.മീ. ആയി കുറയ്ക്കുകയും ചെയ്തു. നിലവില്‍ 141.10 അടിയാണ് ജലനിരപ്പ്. ഇടുക്കിയില്‍ 2400.12 അടിയാണ്. റൂള്‍ ലെവല്‍ മാറിയതിനാല്‍ ഷട്ടര്‍ ഉടന്‍ തുറക്കേണ്ട സാഹചര്യം ഇല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: