ആലപ്പുഴ: വി.എസ്. അച്യുതാനന്ദന്റെയും ജി. സുധാകരന്റെയും തട്ടകമായ അമ്പലപ്പുഴ ഏരിയയില്‍ സിപിഎമ്മിലെ വിഭാഗീയത അക്രമത്തിലേക്ക് വഴിമാറി. പുന്നപ്രയില്‍ പാര്‍ട്ടി കുടുംബത്തെ സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ട സംഘം വീടുകയറി അക്രമിച്ചു. പാര്‍ട്ടി സമ്മേളനത്തെ ചൊല്ലിയുണ്ടായ ഭിന്നതയാണ് സ്ത്രീകളെ അടക്കം ആക്രമിക്കുന്നതിലേക്ക് നയിച്ചത്.
പുന്നപ്ര വടക്ക് പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് പുത്തന്‍ പുരയില്‍ ഗലീലിയ പള്ളിക്ക് സമീപം സോളമന്, ഭാര്യ ജൂലിയത്ത്, മകന് കുര്യാക്കോസ് എന്നിവരെ ശനിയാഴ്ച രാത്രി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിബി വിദ്യാനന്ദന്റെ നേതൃത്വത്തില്‍ വീട് കയറി അക്രമിച്ചു. കുര്യാക്കോസ് പാര്‍ട്ടി അംഗവും, മാതാപിതാക്കള്‍ പാര്‍ട്ടി പ്രവര്‍ത്തകരുമാണ്. ഇവരുടെ വീട്ടിലുണ്ടായിരുന്ന പ്രവര്‍ത്തകരായ പാലപ്പറമ്പില്‍ ഫ്രഡി, കുര്യന് എന്നിവര്‍ക്കും മര്‍ദ്ദനമേറ്റു. സോളമനെയും കുര്യാക്കോസിനെയും ക്രുരമായി മര്‍ദ്ദിച്ച സംഘം തടയാനെത്തിയ ജൂലിയത്തിനെ നിലത്തിട്ട് ചവിട്ടി. ഒടുവില്‍ നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴാണ് അക്രമിസംഘം പിന്‍വാങ്ങിയത്.
കഴിഞ്ഞ ദിവസം നടന്ന ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങളില്‍ തങ്ങള്‍ക്കൊപ്പം നിന്നില്ലെന്ന കാരണം പറഞ്ഞായിരുന്നു അക്രമമെന്ന് മര്‍ദ്ദനമേറ്റവര്‍ പറഞ്ഞു. ഇവരെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താന്‍ ജീവന് തുല്യം സ്നേഹിക്കുന്ന പാര്‍ട്ടിയുടെ നേതാക്കള്‍ ക്രൂരമായി അക്രമിച്ചെന്ന് പരാതി പറയുന്ന സോളമന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അക്രമ വിവരം പോലീസില്‍ അറിയിച്ചെങ്കിലും സ്ഥലത്തെത്താന്‍ പോലും ആദ്യം തയ്യാറായില്ല. ഒടുവില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് പോലീസ് സോളമന്റെ വീട്ടിലെത്തിയത്.
സിപിഎം ലോക്കല്‍ കമ്മിറ്റിയംഗങ്ങളായ ബിജു പുന്നയ്ക്കല്‍, എസ്. രാജീവ്, പ്രവര്‍ത്തകരായ അര്ജുന്, മുഹമ്മദ് സഹീര്‍, മിഥുന് ലാല്‍ തുടങ്ങിയവര്‍ അക്രമി സംഘത്തിലുണ്ടായിരുന്നതായി സോളമന് പറഞ്ഞു. വി.എസ്. അച്യുതാനന്ദന്റെ വീട് ഉള്‍പ്പെടുന്ന പ്രദേശത്തെ ലോക്കല്‍ കമ്മിറ്റി ഔദ്യോഗിക പക്ഷത്തെ പരാജയപ്പെടുത്തി മറുപക്ഷം കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു. ബ്ലോക്ക് പഞ്ചായത്തംഗം ബിബിയുടെ അച്ഛന് വിദ്യാനന്ദനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ബിബിയും ലോക്കല്‍ കമ്മിറ്റിയംഗമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തുടര്‍ന്നാണ് അക്രമങ്ങള്‍ അരങ്ങേറിയത്.
മുന്‍പ് ഔദ്യോഗിക പക്ഷമായിരുന്ന ജി. സുധാകര വിഭാഗവും, അടുത്ത കാലത്ത് രൂപം കൊണ്ട എംഎല്‍എ എച്ച്. സലാമിനെ പിന്തുണയ്ക്കുന്ന വിഭാഗവും പാര്‍ട്ടി നേതൃത്വം പിടിച്ചെടുക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ് നാട്ടിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നത്. ഏരിയ സമ്മേളനങ്ങള്‍ ആരംഭിക്കുന്നതോടെ ഏറ്റുമുട്ടല്‍ രൂക്ഷമാകാനാണ് സാധ്യത. അമ്പലപ്പുഴ ഏരിയ കമ്മിറ്റി പിടിച്ചെടുക്കുക ഇരുപക്ഷത്തിന്റെയും അഭിമാന പോരാട്ടമായി മാറുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: