കൊച്ചി : മോഡലുകളുടെ അപകട മരണത്തെ തുടര്‍ന്ന് വിവാദത്തിലായ ഫോര്‍ട്ട്കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിന്റെ ബാര്‍ ലൈസന്‍സ് റദ്ദാക്കിയേക്കും. ഇത് സംബന്ധിച്ച് എക്സൈസ് ശക്തമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് വിവരം. അനുവദനീയമായ സമയ പരിധി കഴിഞ്ഞും മദ്യം വിളമ്പിയെന്ന പരാതിയെ തുടര്‍ന്ന് നിലവില്‍ ബാറിന്റെ ലൈസന്‍സ് താല്‍ക്കാലികമായി റദ്ദാക്കിയിരിക്കുകയാണ്.
കഴിഞ്ഞ 23ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കൊച്ചി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജയരാജ് ഹോട്ടലില്‍ പരിശോധന നടത്തുകയും പിന്നീട് ഹോട്ടലിന്റെ ബാര്‍ ലൈസന്‍സ് താല്‍ക്കാലികമായി റദ്ദ് ചെയ്യുകയുമായിരുന്നു. പാലാരിവട്ടം അപകടം നടന്നതിന് ശേഷമാണ് ലൈസന്‍സ് റദ്ദ് ചെയ്ത് കൊണ്ട് എക്സൈസ് ഉത്തരവ് വന്നത്. ഇത്തരത്തില്‍ ഒരു പരാതി നിലവിലുണ്ടാകുകയും എക്സൈസ് പരിശോധന നടത്തുകയും ചെയ്തിട്ടും സമയം കഴിഞ്ഞുള്ള മദ്യ വിതരണം ഹോട്ടലുടമ നിര്‍ബാധം തുടരുകയായിരുന്നുവെന്ന് വേണം മോഡലുകളുടെ അപകട മരണത്തിലൂടെ വ്യക്തമാകുന്നത്.
ഇങ്ങനെ തന്നെയാണ് എക്സൈസും കരുതുന്നതെന്നാണ് സൂചന. 31 ന് അര്‍ധരാത്രിയാണ് ഹോട്ടലില്‍ നിന്ന് പോയ മോഡലുകള്‍ ഉള്പെടെയുള്ളവര് സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍ പെടുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ രാത്രി ഒമ്പത് മണി വരെ മാത്രമാണ് ബാറുകളില്‍ മദ്യം വിളമ്പാന്‍ അനുവാദമുള്ളത്. എന്നാല്‍ ഉന്നതരുടെ ഒത്താശയോടെ നമ്പര്‍ 18 ഹോട്ടലില്‍ സമയപരിധി കഴിഞ്ഞും മദ്യം വിളമ്പിയിരുന്നതായാണ് പുറത്ത് വരുന്ന വിവരം. ഇവിടെ നിരന്തരം നിയമ ലംഘനം നടക്കുന്നുവെന്ന പോലീസ് റിപ്പോര്‍ട്ട് എക്സൈസിന് ലഭിച്ചതായാണറിവ്.
ഇത് കൂടി ചേര്‍ത്തുള്ള വിശദമായ റിപ്പോര്‍ട്ട് എക്സൈസ് ഉടന്‍ തന്നെ മേലധികാരികള്‍ക്കും കോടതിക്കും സമര്‍പ്പിക്കുമെന്നാണ് വിവരം. ഇതിന് ശേഷം എക്സൈസ് വകുപ്പ് ബാര്‍ ലൈസന്‍സ് സ്ഥിരമായി റദ്ദാക്കുമെന്നാണ് എക്സൈസ് വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. ഹോട്ടലില്‍ ബാര്‍ അനുവദിച്ചതിന് ശേഷം വ്യാപകമായ പരാതികളാണുയര്‍ന്നത്. നിലവില്‍ ഈ ഹോട്ടലിന്റെ ബാര്‍ ലൈസന്‍സ് സ്ഥിരമായി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മഹാത്മാ സാംസ്കാരിക വേദി എക്സൈസിന് പരാതി നല്‍കിയിട്ടുണ്ട്.
നേരത്തേ ലോക്ക്ഡൗണ്‍ വേളയില്‍ മദ്യം വിതരണം ചെയ്തതിനും ഈ ഹോട്ടലിനെതിരെ പരാതി ഉയര്‍ന്നിരുന്നു. അതേസമയം ഇത്രയും വിവാദങ്ങള്‍ ഉയര്‍ന്നിട്ടും പ്രധാന പാര്‍ട്ടികളൊന്നും തന്നെ ഹോട്ടലിനെതിരെ സമര രംഗത്ത് വരാത്തത് സംബന്ധിച്ച് നാട്ടുകാര്‍ക്കിടയില്‍ വലിയ ചര്‍ച്ചയാണ് ഉയര്‍ന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: