അക്ഷരം പഠിച്ചവരുടെ സ്ഥിതി അനുദിനം മാറിമറിയുന്ന നിലയിലെത്തിയിരിക്കുന്നു. ചെറുപ്പത്തില്‍ ഏറെ കഷ്ടപ്പെട്ട് അതു പഠിച്ചിട്ടും ദയനീയമാണ് അവസ്ഥയെങ്കില്‍ പിന്നെ അക്ഷരം പഠിക്കാത്തവരുടെ കാര്യമോ? ഒന്നോര്‍ത്താല്‍ അത്തരക്കാരെ കുറ്റം പറയാന്‍ കഴിയുമോ?
പിറന്നുവീണ് അധികകാലം കഴിയും മുമ്പു തന്നെ കുഞ്ഞുങ്ങള്‍ അച്ഛ, അമ്മ, കാക്ക… എന്നിത്യാദി പറയുന്നത് അക്ഷരം അറിഞ്ഞിട്ടല്ലെന്ന് ആര്‍ക്കാണറിയാത്തത്. സാമിപ്യം, ഇടപഴകല്‍, കൊഞ്ചിക്കല്‍ തുടങ്ങിയ കലാപരിപാടികളിലൂടെയാണ് കുഞ്ഞുങ്ങളുടെ മനസ്സിലേക്ക് അവരുടെ പ്രിയപ്പെട്ടവര്‍ ചേക്കേറുന്നത്. അതിനാല്‍ അക്ഷരങ്ങളുടെ ആവശ്യമില്ല. ഈയൊരു കാഴ്ചപ്പാടിന്റെ പിന്‍ബലത്തിലാണ് വിദ്യാഭ്യാസത്തിന്റെ മൊത്തക്കച്ചവടക്കാര്‍ പുതിയ സിദ്ധാന്തവുമായി അന്ന് രംഗത്തുവന്നത്. ഇതിന്റെ തലതൊട്ടപ്പന്മാര് പലതും കുളംതോണ്ടിയ ഇടതന്മാര് തന്നെയായിരുന്നു. കുട്ടികള്‍ അക്ഷരങ്ങളിലൂടെയല്ല, മറിച്ച് ആശയങ്ങളിലൂടെ വേണം അക്ഷരങ്ങളിലെത്താന് എന്നായിരുന്നു നിലപാട്. വാസ്തവത്തില്‍ അവരെ സംബന്ധിച്ചിടത്തോളം അതു ശരിയാണുതാനും. വിളിച്ചു കൊടുക്കുന്ന മുദ്രാവാക്യം ഏറ്റു വിളിക്കയല്ലാതെ ആരെങ്കിലും അതിന്റെ അര്‍ത്ഥം തിരക്കുമോ? ആശയങ്ങള്‍ അക്ഷരങ്ങളിലേക്ക് പരകായപ്രവേശം ചെയ്യുന്നതോടെ കാര്യം എളുപ്പമാവുന്നു. പണ്ടൊക്കെ പ്രൈമറി സ്കൂളിനടുത്തുകൂടി പോവുമ്പോള്‍ എന്തൊരു ബഹളമായിരുന്നു. അ, ആ, ഇ… തുടങ്ങി ഒരു ആരവം തന്നെയായിരുന്നു. ചിലര്‍ക്കത് വല്ലാത്തൊരു പ്രശ്നമുണ്ടാക്കിയിരുന്നു. പ്രത്യേകിച്ചും അന്തരീക്ഷ മലിനീകരണമാണെന്ന നിലപാടായിരുന്നു അത്തരക്കാര്‍ക്ക്. അക്ഷരങ്ങള്‍ അന്തരീക്ഷത്തിലേക്കു ചിതറി വീഴുമ്പോഴുള്ള പ്രശ്നങ്ങള്‍ അവസാനിപ്പിക്കാനാണ് കുട്ടികളില്‍ നിന്ന് അക്ഷരങ്ങളെ അകറ്റിയത്. പിന്നെ, സിന്ദാബാദ് വിളിക്കാനും ബസ്സിന് കല്ലെറിയാനും അക്ഷരം പഠിക്കണം എന്ന് നിര്‍ബ്ബന്ധമൊന്നുമില്ലല്ലോ.
ഡിപിഇപി വഴി അക്ഷരങ്ങള്‍ക്ക് അന്ത്യകൂദാശയൊരുക്കിയതോടെ കാര്യങ്ങള്‍ ഒരുവഴിക്കായി. അക്ഷരങ്ങളെ ആത്മാവില്‍ പ്രതിഷ്ഠിച്ചവരൊന്നും അലഞ്ഞു നടക്കേണ്ടിവരില്ലെന്ന പ്രകടമായസത്യം അറിഞ്ഞവര്‍ തന്നെ അതെല്ലാം അട്ടിമറിച്ചു എന്നു സാരം. അക്ഷരമറിഞ്ഞവന് പാര്‍ട്ടിക്കൊടി പിടിക്കാന്‍ തയ്യാറാവില്ലെന്ന് അനുഭവത്തിലൂടെ അറിഞ്ഞതുകൊണ്ട് നടത്തിയ പദ്ധതി തലമുറയെ തന്നെ അധ:പതനത്തില്‍ എത്തിച്ചു. അക്ഷരങ്ങള്‍ അന്യമായതോടെ രാക്ഷസീയ ചോദനകളുടെ വിളനിലമായി കുട്ടികള്‍. അതിന്റെ ആത്യന്തിക ഫലം നാം അനുഭവിച്ചു കൊണ്ടേയിരിക്കുകയല്ലേ?. ഇതിന്റെ വെളിച്ചത്തിലാവാം ഇടതു സര്‍ക്കാരിന് പുതിയ ബോധോദയമുണ്ടായിരിക്കുന്നത്. പഴയതുപോലെ അക്ഷരങ്ങള്‍ പഠിക്കാനുള്ള അവസരമുണ്ടാവണമെന്നാണ് നിലപാട്. വിദ്യാഭ്യാസ വകുപ്പുമന്ത്രി അക്കാര്യം നിയമസഭയില്‍ വ്യക്തമാക്കുകയും ചെയ്തു. എന്താണിപ്പോള്‍ ഇങ്ങനെയൊരു സ്ഥിതിയിലേക്കെത്താന്‍ കാരണമെന്ന് പറയേണ്ടതില്ല. ഒരു സിനിമയിലെ ഡയലോഗ് ഇത്തരുണത്തില്‍ ഓര്‍ക്കുന്നത് നന്നായിരിക്കും.’ വിവരമുള്ള ഒരുത്തനുമില്ലേടേ നമ്മുടെ പാര്‍ട്ടിയില്‍’. ഇന്നത്തെ അവസ്ഥാന്തരങ്ങളിലേക്ക് ഊളിയിട്ട് പോവുമ്പോള്‍ ഇത്തരത്തിലുള്ള ഒരുപാട് കാര്യങ്ങള്‍ നമ്മുടെ ഉമ്മറക്കോലായയില്‍ കലപില കൂട്ടിയിരിക്കുന്നുണ്ടാവും. അക്ഷരം പഠിച്ചാലേ രാക്ഷസീയത നമ്മില്‍ നിന്ന് അകന്നു നില്ക്കൂ എന്ന തിരിച്ചറിവിന്റെ വെളിച്ചത്തിലാണ് പഴമക്കാര്‍ കുട്ടികളെ അക്ഷരം പഠിപ്പിച്ചിരുന്നത്. അക്ഷരങ്ങളിലൂടെ ജ്വലിക്കുന്ന അഗ്നിയില്‍ അറിവില്ലായ്മയുടെയും വിവരക്കേടിന്റെയും മലിനവസ്തുക്കള്‍ കത്തിച്ചാമ്പലാവുമായിരുന്നു.
എന്നാല്‍ അതൊക്കെ അട്ടിമറിച്ച് പുതു വിദ്യാഭ്യാസത്തിന്റെ ചിറകിലേറി യാത്രയായപ്പോള്‍ അഭ്യാസം മാത്രമായി തുടക്കത്തില്‍; പിന്നെ ആഭാസമായി. വിദ്യ എന്നേ പറന്നും പോയി. തിരിച്ചറിവിന്റെ നേരമെത്തിയപ്പോള്‍ രാക്ഷസീയത മാത്രം ബാക്കി. ഇടതുവിശ്വാസവും വ്യാഖ്യാനവും എന്നും അങ്ങനെ തന്നെയാണല്ലോ. ഏതായാലും ഇത്തവണ ചെറിയൊരു ബോധോദയമുണ്ടായതില്‍ ആശ്വസിക്കുക. പിന്നെ തെറ്റുപറ്റിയാല്‍ ഏറ്റുപറഞ്ഞാല്‍ അതൊക്കെ തീരും എന്നല്ലേ താത്വികാചാര്യമതം.ഏതായാലും നിയമസഭയില്‍ നിന്നുതന്നെ അ, ആ, ഇ, ഈ… തുടങ്ങട്ടെ. മാതൃകാ സ്ഥാനത്തു നിന്ന് മാതൃഭാഷയുടെ മടിത്തട്ടിലേക്ക് ഊര്‍ന്നിറങ്ങാന്‍ അടുത്ത വിജയദശമി നാള് എത്തേണ്ടി വരുമെന്ന പ്രശ്നമേയുള്ളൂ. പിന്നെ നിയമസഭയില്‍ നിന്ന് അക്ഷരമാല ചൊല്ലിപ്പഠിക്കണമെന്നു പറഞ്ഞതിന് ഒരു കാരണമുണ്ട്. അത് സ്പീക്കര്‍ക്കറിയാം.
ഒരു എംഎല്‍എ സഭയില്‍ വേറൊരു ഭാഷ നിരന്തരം ഉപയോഗിക്കുന്നു എന്നാണ് സ്പീക്കര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. എന്താ കാരണം എന്നു നോക്കിയിട്ടുണ്ടോ? അക്ഷരം കൃത്യമായി അറിഞ്ഞാലല്ലേ ഭാഷ നന്നായി ഉപയോഗിക്കാനാവൂ. ആയതിനാല്‍ അ, ആ… തറ, പറ നമുക്ക് അവിടന്ന് തന്നെയല്ലേ തുടങ്ങേണ്ടത്. അക്ഷരവിരോധത്തിന് തുടക്കമിടാന്‍ ഊര്‍ജം കിട്ടിയ സ്ഥലത്തു നിന്ന് അക്ഷര വിജയത്തിനായി അരിയില്‍ അക്ഷരമെഴുതുക തന്നെ! എല്ലാ അക്ഷരങ്ങളിലും മന്ത്രം ഒളിഞ്ഞിരിപ്പുണ്ട് എന്നല്ലേ? മനുഷ്യസ്നേഹത്തിന്റെ മഹാമന്ത്രങ്ങളായ അക്ഷരങ്ങളെ കുഞ്ഞുമക്കള്‍ നെഞ്ചേറ്റട്ടെ. അടുത്ത തലമുറ ധന്യരാവട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: