കൊച്ചി: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല സിപിഎം നേതാക്കളുടെ ഭാര്യമാര്‍ക്ക് ജോലി നല്കുന്ന തൊഴിലുറപ്പ് മേഖലയായെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണന്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാകേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായി നിയമനം നല്‍കുന്നത് എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തിയാണ്. പ്രിയ വര്‍ഗീസിന് മതിയായ യോഗ്യതയില്ലെന്നും ബി. ഗോപാലകൃഷ്ണന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ആറുപേരാണ് കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലെ ഓണ്‍ലൈന്‍ അഭിമുഖത്തില്‍ പങ്കെടുത്തത്. ഇതില്‍ ഒന്നാം റാങ്ക് നല്‍കിയാണ് പ്രിയയുടെ നിയമനം. മിനിമം എട്ട് വര്‍ഷത്തെ അധ്യാപന പരിചയം എങ്കിലും ആവശ്യമാണ്. ഇതുപോലും ഇല്ലാത്ത ആളെ എങ്ങനെ നിയമിച്ചു. മുമ്പ് ഇവര്‍ക്ക് തൃശൂര്‍ കേരള വര്‍മ്മയില്‍ അസി, പ്രൊഫസറായി നിയമനം നല്കിയതും ചട്ടം ലംഘിച്ചാണ്.
ഇടതുപക്ഷ ദേവസ്വം ബോര്‍ഡാണ് അന്ന് ഇവര്‍ക്ക് നിമയനം നല്‍കിയത്. കണ്ണൂര്‍ സര്‍വകലാശാല വി.സി മുഖ്യമന്ത്രിയുടെ പോക്കറ്റിലെ നായയായി മാറിയിരിക്കുകയാണ്. ചട്ടം ലംഘിച്ചുള്ള നിയമനത്തിനെതിരെ ഗവര്‍ണറെയും കോടതിയേയും സമീപിക്കുമെന്ന് ബി. ഗോപാലകൃഷ്ണന് പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണന്, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.എസ്. ഷൈജു എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: