തിരുവനന്തപുരം : അനുപമയുടെ കുഞ്ഞിനെ ദത്ത് നല്കിയ വിഷയത്തില്‍ ലൈസന്‍സിനായി ശിശുക്ഷേമ സമിതി വ്യക്തമായ വിവരങ്ങള്‍ നല്‍കിയില്ലന്ന് രൂക്ഷ വിമര്‍ശനവുമായി കുടുംബ കോടതി. യഥാര്‍ത്ഥ ദത്ത് രേഖകളല്ല ശിശുക്ഷേമ സമിതി ഹാജരാക്കിയതെന്നും കോടതി അറിയിച്ചു.
അനധികൃതമായി തന്റെ കുഞ്ഞിനെ ശിശുക്ഷേമ സമിതി ദത്ത് നല്‍കിയെന്ന അനുപമയുടെ ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം അറിയിച്ചത്. ശിശുക്ഷേമ സമിതിക്കു സ്റ്റേറ്റ് അഡോപ്ഷന്‍ റഗുലേറ്ററി അതോറിട്ടി നല്കിയ അഫിലിയേഷന് ലൈസന്‍സ് 2016ല്‍ അവസാനിച്ചിരുന്നു. ഇതിന്റെ പുതുക്കിയ യഥാര്‍ഥ രേഖ സത്യവാങ്മൂലത്തോടൊപ്പം ഹാജരാക്കാത്തതിലാണ് കോടതി ഇത്തരത്തില്‍ വിമര്‍ശിച്ചത്.
എന്നാല്‍ ലൈസന്‍സ് നീട്ടാന്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് ശിശുക്ഷേമ സമിതി അറിയിച്ചു. അന്വേഷണം അവസാനഘട്ടത്തിലാണെന്നും ഇത് പൂര്‍ത്തിയാക്കാന്‍ 30 വരെ സമയം വേണമെന്നും ശിശുക്ഷേമ സമിതി ആവശ്യപ്പെട്ടു. അതേസമയം ഇതുമായി ബന്ധപ്പെട്ടുള്ള അന്വേഷണം അന്തിമ ഘട്ടത്തിലാണെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കോടതിയില്‍ അറിയിച്ചു. അന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പത്തു ദിവസത്തെ സമയം വേണമെന്നും കോടതിയില്‍ ആവശ്യപ്പെട്ടു. വിശദമായ വാദത്തിനായി കോടതി കേസ് മാറ്റി.
അതിനിടെ കുഞ്ഞിനെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിനായി പോലീസ് സംഘം ആന്ധ്രാപ്രദേശിലേക്ക് തിരിച്ചു. ആന്ധ്രാപ്രദേശ് ദമ്പതികളുടെ വീട്ടിലെ സാഹചര്യം കൂടി പരിഗണിച്ചശേഷം ആയിരിക്കും പ്രത്യേക സംഘം തിരിച്ചുവരുക.
അഞ്ച് ദിവസത്തിനുള്ളില്‍ കുട്ടിയെ ഹാജരാക്കാനാണ് സിഡബ്ല്യൂസി ഉത്തരവിരക്കിയിരിക്കുന്നത്. ഇതിനായി കേരളത്തില്‍ നിന്ന് ഉദ്യോഗസ്ഥ സംഘമെത്തുന്ന വിവരം നേരത്തെ തന്നെ ദമ്പതികളെ അറിയിച്ചിട്ടുണ്ട്. കുഞ്ഞുമായി ശനിയാഴ്ച തിരിച്ചുവരാന്‍ കഴിഞ്ഞില്ലെങ്കില്‍ ഉദ്യോഗസ്ഥസംഘം ഞായറാഴ്ച കേരളത്തിലെത്തും.
കുഞ്ഞിനെ തിരുവനന്തപുരത്ത് എത്തിച്ചാല്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കാണ് സംരക്ഷണ ചുമതല. തുടര്‍ന്ന് അനുപമയുടെയും അജിത്തിന്റേയും കുഞ്ഞിന്റേയും ഡിഎന്‍എ പരിശോധനയ്ക്കായി സാമ്പിള്‍ ശേഖരിക്കും. ഫലം പോസിറ്റീവായാല്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി കുഞ്ഞിനെ വിട്ടുകൊടുക്കുന്ന നടപടിയിലേക്ക് നീങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: