കൊച്ചി: ശബരിമല അയ്യപ്പന്റെ ശ്രീകോവിലിന്റെ മുന്നിലെത്തിയ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന് കൈനീട്ടി വാങ്ങിയ തീര്‍ത്ഥം കൊറോണ സാനിറ്റൈസര്‍ പോലെ തൂത്ത് തറയില്‍ കളഞ്ഞത് ഉചിതമായില്ലെന്ന് കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവ് കെ. ബാബു.
ഇതുവഴി മന്ത്രി കെ. രാധാകൃഷ്ണന് ശബരിമലയെ അപമാനിക്കുകയായിരുന്നു. കോടിക്കണക്കിന് വിശ്വാസികളെ അപമാനിക്കുന്ന ദേവനിന്ദയാണിത്. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ ദേവസ്വം മന്ത്രിയായി തുടരണോയെന്നത് ആലോചിക്കണമെന്നും ബാബു പറഞ്ഞു.
ഭക്തജനങ്ങള്‍ ഏറെ ഭവ്യതയോടെ പ്രാര്‍ത്ഥനാപൂര്‍വ്വമാണ് തീര്‍ത്ഥജലം വാങ്ങി സേവിക്കുന്നത്. ഭഗവാനെ അഭിഷേകം ചെയ്ത ജലമാണ് മന്ത്രി കയ്യിലിട്ടു തുടച്ച് താഴെ കളഞ്ഞത്. ഇത് ഭക്തജനങ്ങളെ വളരെയേറെ വേദനിപ്പിച്ചു. വിശ്വാസമില്ലാത്തവര്‍ ശ്രീകോവിലിന് മുന്നില്‍ പോകരുതായിരുന്നു. ഇനി പോയെങ്കില്‍ തന്നെ തീര്‍ത്ഥം നല്കുമ്പോള് വാങ്ങാതെ മാറിനില്ക്കണമായിരുന്നു. – അദ്ദേഹം പറഞ്ഞു.
വിശ്വാസമില്ലാത്തവര്‍ ഇനിയെങ്കിലും ശ്രീകോവിലിന് മുന്നില്‍ ചെല്ലാതിരിക്കണം. അവിശ്വാസികള്‍ ഭക്തജനങ്ങളുടെ മുന്പില് ചെന്ന് ആചാരങ്ങളെ നിന്ദിക്കുന്നത് ഒരു മതവിഭാഗക്കാരും സഹിക്കില്ല. മന്ത്രി രാധാകൃഷ്ണന് വിശ്വാസിക്കാനും വിശ്വസിക്കാതിരിക്കാനും സ്വാതന്ത്ര്യമുണ്ട്. പക്ഷെ വിശ്വാസികളെ വേദനിപ്പിക്കാന്‍ സ്വാതന്ത്ര്യമില്ല. ഇത് എന്റെ രീതിയാണെന്ന അദ്ദേഹത്തിന്റെ വാദം പോലും പൊള്ളയാണ്. – ബാബു പറഞ്ഞു.
വേളാങ്കണ്ണി തീര്‍ത്ഥാടനകേന്ദ്രത്തില്‍ നിന്ന് തീര്‍ത്ഥജലം കൊണ്ടുവന്നു സേവിക്കുകയും സൂക്ഷിച്ചുവെക്കുകയും ചെയ്യുന്നവരുണ്ട്. പരിശുദ്ധ ഹജ്ജിനും ഉംറക്കും പോയവര്‍ സംസം ജലം കൊണ്ടുവന്നു സൂക്ഷിക്കുകയും സേവിക്കുകയും ചെയ്യാറുണ്ട്. ഇതെല്ലാം വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള കാര്യങ്ങളാണ്.ഈശ്വരവിശ്വാസിയല്ലാത്ത രാധാകൃഷ്ണന് ദേവസ്വം വകുപ്പിന്റെ ചുമതലയില്‍ തുടരണോയെന്ന് തീരുമാനിക്കാനുള്ള സമയമാണിത്- ബാബു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: