കോട്ടയം: ഒക്ടോബറിലുണ്ടായ കനത്ത മഴയിലും ഉരുള്‍പൊട്ടലിലും പൊതുമരാമത്ത് റോഡുകള്‍ക്ക് 158.5 കോടിയുടെ നാശനഷ്ടം. ദേശീയപാത വിഭാഗത്തിന്റെ പരിധിയില്‍ വരുന്ന റോഡുകള്‍ക്ക് മാത്രം 14.60 കോടിയുടെ നാശനഷ്ടമുണ്ടായി. എന്‍എച്ച് 183ല്‍ 12.25 കോടി, എന്‍എച്ച് 183എയില്‍ 1.19 കോടി, എന്‍എച്ച് 185ല്‍ മൂന്ന് ലക്ഷം, എന്‍എച്ച് 766ല്‍ 0.45 കോടി, എന്‍എച്ച് 966ല്‍ 0.75 കോടി എന്നിങ്ങനെയാണ് നാശം.
കെഎസ്ടിപി വിഭാഗത്തിന്റെ പുനലൂര്‍-പൊന്‍കുന്നം സംസ്ഥാന പാതയില്‍ പൊന്‍കുന്നം, പ്ലാച്ചേരി റീച്ചില്‍ രണ്ട് കോടിയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. പുനരുദ്ധാരണം നടത്തുന്ന മല്ലപ്പള്ളി-കോമളം റോഡിലെ 30 മീറ്ററോളം വരുന്ന ഭാഗത്തിനും താവളം – മുള്ളി പാതയിലെ നിര്‍മാണത്തിലിരിക്കുന്ന ഭാഗത്തിനും നാശമുണ്ടായി.
പാലങ്ങളുടെ പുനര്‍ നിര്‍മാണം വൈകിയേക്കും. എസ്റ്റിമേറ്റ് തയ്യാറാക്കി ടെണ്ടര്‍ നടത്തി പുനര്‍നിര്‍മിക്കാന്‍ ഒന്നര വര്‍ഷമെടുക്കുമെന്നാണ് സര്‍ക്കാര്‍ വാദം. ചെറിയ കേടുപാടുകള്‍ സംഭവിച്ച പാലങ്ങള്‍ അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കുന്നതിന് മൂന്നുമാസമെടുക്കും.
ഉരുള്‍പൊട്ടല്‍ ഉണ്ടായ കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പാലങ്ങള്‍ക്ക് നാശം ഉണ്ടായത്. 16 പാലങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചു. ശബരിമല തീര്‍ഥാടന പാതയായ എരുമേലി-കാഞ്ഞിരപ്പള്ളി റോഡില്‍ 26-ാം മൈല്‍ പാലത്തിന് 19.60 ലക്ഷവും മൂന്നിലവ് രണ്ടാം പാലത്തിന് 1.40 കോടി, ഇളങ്കാട്-വാഗമണ്‍-വല്യന്ത റോഡിലെ കലുങ്ക് 68 ലക്ഷം, ചേനപ്പാടി കടവനാല്‍കടവ് പാലത്തിന് ഒരുകോടി, മുണ്ടക്കയം കോസ് വേ 9.4 ലക്ഷം, ഊരണ്കാല്കടവ് കോസ്വേ 15 ലക്ഷം, മൂക്കന്‍പെട്ടി കോസ്വേ മൂന്ന് ലക്ഷം, പഴയിടം കോസ്വേ 9 ലക്ഷം, ചിറ്റാര്‍, മണ്ണാറക്കയം പാലം എന്നിവയ്ക്ക് 4 ലക്ഷം, ചിറ്റാനിക്കര കോസ്വേ, കാവുംകടവ് പാലം എന്നിവയ്ക്ക് അഞ്ച് ലക്ഷം, കുളത്തൂര്‍മൂഴി പാലം 3.2 ലക്ഷം, 35-ാം മൈല്‍ പാലൂര്‍ക്കാവ് പാലം 22.7 എന്നിങ്ങനെയാണ് നഷ്ടം ഉണ്ടായിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: