കൊച്ചി : മുന്‍ മിസ് കേരള വാഹനാപകടത്തില്‍ പെടുന്നതിന് മുമ്പായി ഹോട്ടല്‍ ഉടമ റോയി വയലാട്ട് മദ്യവും മയക്കുമരുന്നും നല്‍കിയെന്ന് പോലീസ്. ഇത് പുറത്ത് വരാതിരിക്കാനാണ് ഹോട്ടലിലെ ഹാര്‍ഡ് ഡിസ്ക് ഉള്‍പ്പടെയുള്ള തെളിവുകള്‍ ഇയാള്‍ നശിപ്പിച്ചത്. ഇക്കാര്യം അന്വേഷണത്തില്‍ കണ്ടത്തിയിട്ടുണ്ടെന്നും പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
നമ്പര്‍ 18 ഹോട്ടലിന്റെ റൂഫ് ടോപ്പില്‍ ആയിരുന്നു ഡിജെ പാര്‍ട്ടി നടന്നത്. എന്നാല്‍ ഇവിടുത്തെ സിസിടിവി ക്യാമറകളിലേക്കുള്ള വൈദ്യുതി ബന്ധം ഉച്ചയ്ക്ക് 3.45ഓടെ തന്നെ വിച്ഛേദിക്കുകയായിരുന്നു. റോയിയും സൈജുവും തെറ്റായ ഉദ്ദേശ്യത്തോടെ യുവതികളോട് ഹോട്ടലില്‍ തങ്ങാനും ഇതിനായി നിര്‍ബന്ധിക്കുകയും ചെയ്തു. ഹോട്ടലിന് പുറത്തിറങ്ങിയപ്പോള്‍ സൈജുവും റോയിയും ഇക്കാര്യം സംസാരിച്ചു. ഇവിടെ തന്നെ ഒരു പാര്‍ട്ടി കൂടി കൂടാം എന്ന് പറഞ്ഞു.
തുടര്‍ന്ന് മോഡലുകളുടെ കാര്‍ കുണ്ടന്നൂരിലെത്തിയപ്പോള്‍ സൈജു പിന്തുടരുന്നത് കണ്ട് റഹ്മാന് വാഹനം നിര്‍ത്തി. അവിടെ വെച്ച് ഹോട്ടലിലോ ലോഡ്ജിലോ മുറി ബുക്ക് ചെയ്യാമെന്ന് സൈജു നിര്‍ബന്ധിച്ചു. യുവതികളും സുഹുത്തുക്കളും വഴങ്ങിയില്ല. പിന്നീട് അമിത വേഗതയില്‍ ഇരുകാറുകളും ചേസ് ചെയ്തു. പലവട്ടം പരസ്പരം മറികടന്നു. ഇതോടെ വാഹനത്തിന്റെ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു.
ഇടപ്പള്ളി വരെ പോയശേഷം സൈജു തിരികെ എത്തിയപ്പോഴാണ് അപകടം കാണുന്നത്. തുടര്‍ന്ന് റോയിയെ ഫോണില്‍ വിളിച്ച് അറിയിച്ചു. റോയി മറ്റു പ്രതികളുമായി ചേര്‍ന്ന് ഹാര്‍ഡ് ഡിസ്ക് ഊരിമാറ്റി. പിന്നീട് റോയിയുടെ വീടിനടുത്തുള്ള കായലില്‍ ഡിസ്ക് വലിച്ചെറിഞ്ഞുവെന്നും റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. നരഹത്യ, പ്രേരണ, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പോലീസ് ചുമത്തിയിരുന്നത്.
എന്നാല്‍ ഈ പ്രോസിക്യൂഷന്റെ ഈ വാദമെല്ലാം കോടതി തള്ളി പ്രതികള്‍ക്ക് ജാമ്യം നല്‍കുകയായിരുന്നു. നമ്പര്‍ 18 ഹോട്ടലുടമ റോയി വയലാട്ടും ജീവനക്കാരായ അഞ്ച് പേരും ഉള്‍പ്പടെ ആറ് പ്രതികള്‍ക്ക് വ്യാഴാഴ്ച രാത്രി 8.45ഓടെ ജാമ്യം അനുവദിച്ചത്. ഇവര്‍ക്കെതിരെ പ്രഥമദൃഷ്ട്യാ ഒരു കുറ്റവും നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്. മജിസ്ട്രേറ്റ് വിധിക്കെതിരെ പോലീസ് അപ്പീല്‍ നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: