ഡോ. സുകുമാരന്‍ കാനഡ
മണ്ഡലവ്രതത്തിന്റെ 41 ദിവസങ്ങളില്‍ നല്ല കുറേ ശീലങ്ങള്‍ നാം തുടങ്ങിവയ്ക്കുകയും അവ ജീവിതകാലം മുഴുവനും തുടരാന്‍ കഴിയുമെന്ന ്പ്രത്യാശിക്കുകയും ചെയ്യുന്നു. ആ സദ്ശീലങ്ങള്‍ നമ്മെ കൂടുതല്‍ നന്മയുള്ളവരും ലോകത്തിന് ഉപകാരമുള്ളവരുമാക്കി മാറ്റുമെന്നാണ് പ്രതീക്ഷ. സദ്ശീലങ്ങള്‍ സ്വഭാവത്തെ പവിത്രമാക്കുന്നു. വ്രതകാലത്ത് ദേഹവും മനസ്സും ചേതനയും ഏറ്റവും നിര്‍മ്മലമാക്കി വയ്ക്കാന്പരിശ്രമിക്കണം. മനോദേഹങ്ങളുടെ പരിശുദ്ധി ഏതൊരു ആത്മീയസാധനയുടേയും മുന്നോടിയാണല്ലോ.
ആത്മീയപാതയില്‍ ചരിക്കാന്‍ ആഗ്രഹിക്കുന്നവരുടെ ആദ്യ ചവിട്ടുപടിയാണ് മണ്ഡലവ്രതം. ലക്ഷക്കണക്കിന് ആളുകളാണ് മണ്ഡലവ്രതം നോല്‍ക്കുന്നത്. ലളിതജീവിതം നയിച്ച് സ്വാര്‍ത്ഥപരമായ കാര്യങ്ങളില്‍നിന്നും മാറി അവര്‍ പാവനമായ ഒരുജീവിതശൈലി പിന്തുടരാന് ശ്രമിക്കുന്നു. മണ്ഡലകാലത്ത് മനസ്സിനെ കലുഷവും ചഞ്ചലവുമാക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും സാധകന് മാറിനില്‍ക്കണം. ഒരുസംന്യാസിയുടെ, അല്ലെങ്കില്‍ ഭിക്ഷാംദേഹിയുടെ ജീവിതം നയിച്ച് ആന്തര, ബാഹ്യശുദ്ധികള് പരിപാലിച്ച് സാധകന് മനശ്ശാന്തി കണ്ടെത്തുന്നു. ആദ്യമാദ്യം ഇതത്ര എളുപ്പമാവില്ല. പക്ഷേ പിന്നീട് ആ ജീവിതശൈലി അനായാസമായി അയാള്‍ക്ക് അനുഭവപ്പെടുന്നു. മാത്രമല്ല അത ് ആനന്ദദായകവുമാകുന്നു. ഈ അവസ്ഥയില്‍ മനസ്സിനെ പിടിച്ചുനിര്‍ത്താന്‍ സത്സംഗങ്ങളും സാധകരുമായുള്ള സഹവാസവും അയാളെ തുണയ്ക്കുന്നു. ജീവിതം സ്വഛന്ദമാവുന്നു. ശാന്തിയും കൈവരുന്നു. മറ്റുള്ളവരുമായുള്ള സാധകന്റെ ബന്ധം ഊഷ്മളമാവുന്നു. വീട്ടുകാരും അയല്‍ക്കാരുമായും നല്ലബന്ധം സ്ഥാപിച്ചെടുക്കാന്‍ കഴിയുന്നു.
മണ്ഡലവ്രത സാധനകള്‍ തുടങ്ങും മുന്‍പ് അച്ഛനമ്മമാരില്‍ നിന്നും അനുവാദം വാങ്ങിയ ശേഷം അടുത്തുള്ള ഒരു ഗുരുസ്വാമിയില്‍ നിന്ന് മാര്‍ഗ്ഗ നിര്‍ദ്ദേശം തേടണം.18 തവണ മണ്ഡലവ്രതം നോറ്റ് ജ്ഞാനവാനായ അയ്യപ്പനാണ് ഗുരു സ്വാമിയാവാന്‍ അര്‍ഹന്‍. അങ്ങനെ ഒരാളെ കിട്ടിയില്ലെങ്കില്‍ ഗുരുസ്ഥാനീയനായ ഒരാളെ സമീപിക്കാവുന്നതാണ്. അയല്‍ക്കാരും കൂട്ടുകാരുമായി തനിക്കുണ്ടായിരുന്ന പ്രശ്നങ്ങളെല്ലാം പറഞ്ഞ് തീര്‍ത്ത്, സമാധാനത്തോടെയാണ് വ്രതം ആരംഭിക്കേണ്ടത്.
വ്രത ചിഹ്നമായി സാധകന് അടുത്തുള്ള ക്ഷേത്രത്തില്‍ പോയി അവിടെ പൂജിച്ച ഒരു മുത്തുമണിമാല അണിയുന്നു. മണ്ഡലമാലയണിഞ്ഞ സാധകന് അന്നുമുതല്‍ സ്വാമിയാണ് അല്ലെങ്കില്‍ അയാളെ അയ്യപ്പന് എന്നാണ് അഭിസംബോധന ചെയ്യുക. കറുപ്പോനീലയോ മുണ്ടുടുത്ത് പരിപൂര്‍ണ്ണ സസ്യഭുക്കായി ബ്രഹ്മചര്യവ്രതത്തോടെയാണ് മണ്ഡലകാലം ചിലവഴിക്കേണ്ടത്. മനസ്സ് വ്യതിചലിച്ചേക്കും എന്നു തോന്നുമ്പോള്‍ മറ്റ്സാധകരുമായി ചേര്‍ന്ന് ജപാദിസാധനകള് അനുഷ്ഠിക്കണം. അല്ലെങ്കില്‍ ഗുരുസ്വാമിയുടെ ഉപദേശത്തോടെ കൂടുതല്‍ കഠിനമായ വ്രതനിഷ്ഠകളില്‍ ഏര്‍പ്പെടണം.ആത്മീയ പ്രഭാഷണങ്ങള്‍ കേള്‍ക്കുക, ഭക്തിഗാനങ്ങള്‍ പാടുക, അവ കേള്‍ക്കുക, ധ്യാനത്തിലും യോഗാഭ്യാസത്തിലും ശ്രദ്ധചെലുത്തുക എന്നിവയെല്ലാം വ്രതനിഷ്ഠയെ ശക്തമാക്കുന്നു.
മണ്ഡലകാലത്ത് ജോലിസ്ഥലങ്ങളിലും മാറ്റം പ്രകടമാണ്. ഉച്ചനീചത്വങ്ങളും സ്ഥാനമാനങ്ങളും അയ്യപ്പസ്വാമിയുടെ നാമത്തില്‍ നിഷ്പ്രഭമാകുന്നു. ഉയര്‍ന്ന ചിന്താഗതിയോടെ വ്രതമനുഷ്ഠിക്കുന്നത് പരിഷ്കൃത സമൂഹത്തില്‍ സ്വീകാര്യമാണല്ലോ. മണ്ഡലകാലത്ത് സാധകരില്‍ നല്ല ശീലങ്ങള്‍ ഉണ്ടാവുന്നു എന്നത് നമ്മുടെ ഗുരുപരമ്പരയുടെ വിജയമായി കാണാം. ഈ കാലയളവില്‍ മദ്യത്തിന്റെ ഉപയോഗവും ഹൈന്ദവര്‍ക്കിടയില്‍ കുറയുന്നു. അങ്ങനെ അയ്യപ്പപ്രഭാവം തെക്കേ ഇന്ത്യയില്‍ എങ്ങും പ്രകടമത്രേ. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയും മണ്ഡലവ്രതത്തെയും ശബരിമലയാത്രയേയും ആശ്രയിച്ചാണിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: