കാഞ്ഞങ്ങാട്: വടക്കേമലബാറിലെ ചെങ്കല്‍പ്പാറകളില്‍ ഗൃഹാതുരതകളുണര്‍ത്തി നെയ്മുളികള് (പാറപുല്ല്) വിളഞ്ഞു. കൊയ്ത്തുപാട്ടിന്റെ ഈണമില്ലെങ്കിലും ഇതും ഒരു കൊയ്ത്തുത്സവമാണ്. ഉണങ്ങി നില്ക്കുന്ന മുളി കൊയ്തെടുക്കാനുള്ള കാലമാണ് വരാന്‍ പോകുന്നത്. ഒരു കാലത്ത് പ്രൗഢിയുടെ പ്രതീകമായിരുന്ന പുല്ല് പുതച്ച വീടുകള്‍ ഇന്ന് അപ്രത്യക്ഷമായെങ്കിലും ചില വഴിയോര ഭോജന ശാലകള്‍ മോടി കൂട്ടുന്നതിന് ഇത്തരം പുല്ലുകള്‍ ഉപയോഗിക്കുന്നുണ്ട്.
പുര പുതയ്ക്കുക എന്നത് ഒരു കാലത്ത് ഉത്സവ പ്രതീതിയായിരുന്നു. പ്രത്യേക വൈദഗ്ദ്ധ്യം സിദ്ധിച്ചവരാണ് ഈ മേഖലയിലെ ജോലികള്‍ ചെയ്തിരുന്നത്. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ കൊയ്തുകൂട്ടിയ നെയ്മുളികള് ഉപയോഗിച്ച് ഏപ്രില്‍, മെയ് മാസങ്ങളിലാണ് പുര പുതയ്ക്കാറുള്ളത്. വശം ചെത്തിയൊരുക്കിയ പുല്ക്കറ്റകളുടെ കൊടി ഭാഗം മേല്കൂരയ്ക്ക് മടഞ്ഞു കെട്ടിയ ഓലകള്‍ക്കിടയിലേക്ക് കയറ്റി വച്ച് പടിപടിയായിട്ടാണ് നിരത്തി വെക്കുന്നതാണ് പുര പുതയ്ക്കല്‍.
ധാന്യങ്ങളും നാണ്യവിളകളും കേടുകൂടാതെ സംരക്ഷിക്കാനും, അമിതമായ ചൂടിനെ പ്രതിരോധിക്കാനും നെയ്മുളിക്ക് സാധിക്കും. ഒപ്പം തണുപ്പ് കാലത്ത് ആവശ്യമായ തരത്തില്‍ വീട്ടിനുള്ളില്‍ ഊഷ്മാവ് ക്രമീകരിക്കാനും ഈ പ്രകൃതി സൗഹൃദ വീടുകള്‍ക്ക് കഴിയുമായിരുന്നു. കന്നുകാലികള്‍ക്കുള്ള തീറ്റയായും ഈ പുല്ല് ഉപയോഗിക്കാറുണ്ട്. സപ്പോട്ട (ചിക്കു), സീത പഴം, മാങ്ങയും മറ്റ് പഴങ്ങളും പഴുപ്പിച്ചെടുത്തിരുന്നതും ഈ പുല്കെട്ടിനിടയില് വച്ചായിരുന്നു.
പല ആവശ്യങ്ങള്‍ക്കും ഉപയോഗിച്ചിരുന്ന നെയ്മുളി ഇന്ന് വര്‍ദ്ധിച്ചു വരുന്ന വ്യവസായശാലകളും ചെങ്കല്‍പ്പണകള്‍ കാരണം വിസ്മൃതിയിലേക്ക് മാഞ്ഞു കൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: