ഇടുക്കി : വൃഷ്ടിപ്രദേശങ്ങളില്‍ നിന്നുള്ള നീരൊഴുക്ക് ശക്തമായതോടെ മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 141 അടിയായി. രാവിലെ 5.30ഓടെയാണ് ജല നിരപ്പ് 141 അടിയിലേക്ക് എത്തിയത്. ജലനിരപ്പ് ഉയര്‍ന്നതോടെ അണക്കെട്ടിന്റെ രണ്ട് സ്പില്‍വേ ഷട്ടറുകള്‍ തമിഴ്നാട് തുറന്നു. രാവിലെ എട്ട് മണിയോടെയാണ് ഷട്ടറുകള്‍ തുറന്നത്.
രാവിലെ ആറ് മണിയോടെ രണ്ടാമത്തെ ജാഗ്രതാ നിര്‍ദേശവും നല്കി കഴിഞ്ഞാണ് ഷട്ടര്‍ തുറന്നത്. 772 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുകിയെത്തുന്നത്. ഇതിനെ തുടര്‍ന്ന് പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നിലവില്‍ മഴ മാറിനില്ക്കുകയാണെങ്കിലും ഹൈറേഞ്ച് ഉള്‍പ്പെടെയുള്ള മേഖലകളില്‍ ബുധനാഴ്ച രാത്രി ശക്തമായ മഴയാണ് ലഭിച്ചത്. രാത്രി 12 മണിവരെയും തുടര്‍ച്ചയായി മഴ പെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മുല്ലപ്പെരിയാറിലെയും ഇടുക്കിയിലെയും ജലനിരപ്പ് വര്‍ധിച്ചത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് നിലവിലെ അപ്പര്‍ റൂള്‍ കര്‍വായ 141 അടിയിലേക്ക് എത്തിക്കഴിഞ്ഞു. നവംബര്‍ 20 വരെയാണ് ഈ അപ്പര്‍ റൂള്‍ കര്‍വുള്ളത്. അതിനു ശേഷം അപ്പര്‍ റൂള്‍ കര്‍വ് 142 അടിയാകും. അപ്പര്‍ റൂള്‍ കര്‍വായ 141 അടിയിലേക്ക് എത്തിയ സാഹചര്യത്തിലാണ് സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തുന്ന കാര്യം തമിഴ്നാട് അറിയിച്ചത്. ഇക്കാര്യം തമിഴ്നാട് സര്‍ക്കാര്‍ ഔദ്യോഗികമായി കേരള സര്‍ക്കാരിനെയും അറിയിച്ചിട്ടുണ്ട്. ഒക്ടോബര്‍ 29-നാണ് ഒടുവില്‍ സ്പില്‍വേ ഷട്ടറുകള്‍ തുറന്നത്.
ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഇടുക്കി ഡാമും തുറക്കാന്‍ തീരുമാനമായി. ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രാദേശത്ത് ശക്തമായ മഴ തുടരുകയാണ്. ഈ സാഹചര്യത്തില്‍ ഡാമിലെ ജലനിരപ്പ്, അപ്പര്‍ റൂള്‍ ലെവലായ 2400.03 അടിക്ക് മുകളിലെത്തുന്നതിന് സാധ്യതയുള്ളതിനാല്‍ അധിക ജലം ക്രമീകരിക്കുന്നതിനായി ആണ് തുറക്കുന്നത്. പത്ത് മണിയോടെ ചെറുതോണി ഡാമിന്റെ ഷട്ടര്‍ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കി വിടും. ഡാമിന്റെ ഒരു ഷട്ടര്‍ 40 സെന്റിമീറ്റര്‍ ഉയര്‍ത്തി സെക്കന്റില്‍ 40000 ലീറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കിവിടും. ചെറുതോണി, പെരിയാര്‍ എന്നീ പുഴകളുടെ ഇരുകരകളിലും താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: