കണ്ണൂർ: ഈ മാസം 20 മുതല്‍ ഹൈദരാബാദില്‍ ആരംഭിക്കുന്ന ബിസിസിഐ അണ്ടര്‍ 25 ഏകദിന ഇന്റര്‍ സ്റ്റേറ്റ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിന് വേണ്ടി കണ്ണൂര്‍ ജില്ലക്കാരനായ സല്മാന് നിസാര്‍ പാഡണിയും. കണ്ണൂര്‍ക്കാരനായ എ.കെ. രാഹുല്‍ ദാസാണ് കേരള ടീമിന്റ ട്രെയിനര്‍. 2018-19 സീസണില്‍ ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫിയില്‍ സെമി ഫൈനലില്‍ പ്രവേശിച്ച കേരള ടീമിന്റെ ഭാഗമായിരുന്നു സല്മാന്.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കേരള സീനിയര്‍ ടീമിലെ സ്ഥിര സാന്നിദ്ധ്യമാണ് സല്മാന് നിസാര്‍. അണ്ടര്‍ 14, അണ്ടര്‍ 16, അണ്ടര്‍ 19, അണ്ടര്‍ 23 കേരള ടീമിലെ സ്ഥിരസാന്നിദ്ധ്യമായിരുന്നു സല്മാന്. സ്ഥിരതയാര്‍ന്ന പ്രകടനമാണ് ഇടംകയ്യന്‍ മധ്യനിര ബാറ്റ്സ്മാനായ സല്‍മാനെ കേരള ടീമിലേക്ക് സ്ഥാനമുറപ്പിക്കാന്‍ സഹായിച്ചത്. തലശ്ശേരി ചേറ്റംകുന്നിലെ മുഹമ്മദ് നിസാര്‍-നിലോഫര്‍ ദമ്പതികളുടെ മകനാണ്.
രണ്ടാം തവണയാണ് കേരള ടീമിലേക്ക് എ.കെ. രാഹുല്‍ ദാസ് നിയമിതനാകുന്നത്. 2017-18 സീസണില്‍ 16 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളുടെ കേരള ടീമിന്റെ ട്രെയിനറായിരുന്നു. ബിസിസിഐ ലെവല്‍ എ സര്‍ട്ടിഫൈഡ് കോച്ചായ രാഹുല്‍ ദാസ് പ്രീഹാബ് അക്കാദമിയില്‍ നിന്ന് സ്ട്രെന്‍ങ്ങ്ത്ത് ആന്‍ഡ് കണ്‍ഡീഷനിങ്ങ് കോഴ്സില്‍ പ്രത്യേക പരിശീലനം നേടിയിട്ടുണ്ട്. അണ്ടര്‍ 16 മുന്‍ സംസ്ഥാന താരമായ രാഹുല്‍ ദാസ് നാല് വര്‍ഷം കണ്ണൂര്‍ സര്‍വകലാശാല ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്നു. അണ്ടര്‍ 14, അണ്ടര്‍ 16, അണ്ടര്‍ 19, അണ്ടര്‍ 23 ജില്ലാ ടീമിലെ സ്ഥിര സാന്നിദ്ധ്യമായിരുന്നു രാഹുല്‍.
സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ഗവ ബ്രണ്ണന്‍ കോളേജ്, തലശ്ശേരി സ്റ്റുഡന്റ്സ് സ്പോര്‍ട്ടിങ്ങ് ക്ലബ്ബ്, തലശ്ശേരി ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബ്, തലശ്ശേരി ബി.കെ 55 ക്രിക്കറ്റ് ക്ലബ് എന്നീ ടീമുകള്‍ക്ക് വേണ്ടി ജില്ലാ ലീഗ് മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. തലശ്ശേരി സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ഗവണ്മെന്റ് ബ്രണ്ണന്‍ കോളേജ്, സ്കൂള്‍ ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ആന്റ് സ്പോര്‍ട്സ് സയന്‍സ് കണ്ണൂര്‍ യൂണിവേഴ്സിറ്റി മങ്ങാട്ടുപറമ്പ് കാമ്പസ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ധര്‍മ്മടം അട്ടാരക്കുന്ന് രമണികയില്‍ ദാസന്-രമണി ദമ്പതികളുടെ മകനാണ്. സഹോദരന് രോഹില്‍ ദാസ്. എലൈറ്റ് ഗ്രൂപ്പ് ഡിയില്‍ ഹിമാചല്‍ പ്രദേശ്, ജമ്മു കാശ്മീര്‍, ബീഹാര്‍, ഉത്തരാ ഖണ്ഡ്, ബംഗാള്‍ എന്നിവരാണ് കേരളത്തിന്റെ എതിരാളികള്‍.
20 ന് ഹിമാചല്‍ പ്രദേശുമായിട്ടാണ് കേരളത്തിന്റെ ആദ്യ മല്‍സരം. സിജോമോന്‍ ജോസഫാണ് ടീം ക്യാപ്റ്റന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: