ഇരിയ: പുല്ലൂര്‍ ഇരിയ ഗവ.ഹൈസ്ക്കൂളിലെത്തുന്നവരെ കാത്തിരിക്കുന്നത് നിറയെ കായ്ച്ചു നില്ക്കുന്ന ഹരിതഭംഗി പകരുന്ന നെല്ലി മരങ്ങള്‍. വിദ്യാലയ വളപ്പില്‍ മതിലിനോട് ചേര്‍ന്ന് അമ്പതിലധികം നെല്ലിമരങ്ങളാണ് വളര്‍ന്ന് പന്തലിച്ച് നില്‍ക്കുന്നത്. കൂടാതെ ജൈവ ഉദ്യാനവും ഒരുക്കിയിട്ടുണ്ട്. കൃത്യമായ പരിചരണമില്ലാത്തതിനാല്‍ മരങ്ങള്‍ നശിച്ചുപോകുന്നുമുണ്ട്.
ചെങ്കല്‍ പാറകളാല്‍ ചുറ്റപ്പെട്ട ഈ സ്ഥലത്ത് കുഴിയെടുത്ത് മണ്ണിട്ട് നികത്തി മരത്തൈകള്‍ വച്ചുപിടിക്കുന്നതിന് ഭാരിച്ച ചിലവ് വരുന്നതിനാല്‍ വനം വകുപ്പിന്റേയോ തദ്ദേശ സ്ഥാപനങ്ങളുടേയോ വനവത്കരണ പദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിയുന്നില്ല. പകരം പാറയിടുക്കുകളില്‍ വളര്‍ന്നു പന്തലിച്ചു കിടക്കുന്ന മരങ്ങളെ അതേപടി സംരക്ഷിക്കുകയാണ് ഇപ്പോള്‍ ചെയ്തു വരുന്നത്.
കാഞ്ഞങ്ങാട്, പാണത്തൂര്‍ സംസ്ഥാന പാതയോട് ചേര്‍ന്ന് നില്ക്കുന്ന വിദ്യാലയത്തിലെ നെല്ലിമരങ്ങള്‍ കാടു കേറുന്നുവെന്ന കാരണത്താല്‍ ചിലര്‍ ചില്ലകള്‍ വെട്ടിമാറ്റിയിരുന്നു. ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. അതിന്റെ പൂര്‍ണതയോടെ നെല്ലിമരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: