മലയാളസിനിമയില്‍ അയ്യപ്പഭക്തിഗാനങ്ങള്‍ ഒട്ടേറെയുണ്ട്. അവയില്‍ തികച്ചും വ്യത്യസ്തമായ മൂന്ന് ഗാനങ്ങളെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്. മൂന്നും രചിച്ചത് വയലാര്‍ രാമവര്‍മ്മ.
‘ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ
ശബരിഗിരിനാഥാ സ്വാമീ ശരണമയ്യപ്പാ’
(ചിത്രം ചെമ്പരത്തി)
‘ശബരിമലയില്‍ തങ്ക സൂര്യോദയം ഈസംക്രമ പുലരിയില്‍ അഭിഷേകം
ഭക്തകോടി തേടിയെത്തും സന്നിധാനത്തില്‍
വന്നെത്തുമെന്റെ ഹൃദയവും ഉടുക്കും കൊട്ടി’
(ചിത്രം സ്വാമി അയ്യപ്പന്)
‘തേടിവരും കണ്ണുകളില്‍ ഓടിയെത്തും സ്വാമീ
തിരുവിളക്കിന് കതിരൊളിയില്‍ കുടിയിരിക്കും സ്വാമി
വാടിവീഴും പൂവുകളെ തുയിലുണര്ത്തും സ്വാമി
വെള്ളി മണി ശ്രീകോവിലില്‍ വാണരുളും സ്വാമീ’
(ചിത്രം സ്വാമി അയ്യപ്പന്)
ഈ മൂന്ന് ഗാനങ്ങളിലും ഭക്തരുടെ ഹൃദയവികാരങ്ങള്‍ക്കൊപ്പം ആത്മീയതത്ത്വങ്ങളും കാവ്യഭംഗിയോടെ ആവിഷ്ക്കരിച്ചിരിക്കുന്നു. കേള്‍ക്കുന്ന മാത്രയില്‍ത്തന്നെ അവ ഭക്തരുടെ മനസ്സിലേക്ക് ഇറങ്ങും; ഈശ്വരനില്‍ സര്‍വ്വവും സമര്‍പ്പിക്കുന്നതിനു സജ്ജരാക്കാന്‍ അവരെ പ്രേരിപ്പിക്കും.
പമ്പയില്‍ കുളിച്ചു തോര്‍ത്തി
ഉള്ളിലുറങ്ങും
അമ്പലക്കിളിയേയുണര്‍ത്തി
പൊള്ളയായോരുടുക്കുമായ്
പേട്ടതുള്ളി പാട്ടുപാടി
പതിനെട്ടാം പടി ചവിട്ടാന്‍
വരുന്നൂ ഞങ്ങള്‍
കുളിച്ചുതോര്ത്തല് ശരീരത്തിലെയും മനസ്സിലെയും മാലിന്യങ്ങളകറ്റലാണ്. ശരീരത്തിലെ മാലിന്യം അഴുക്കാണെങ്കില്‍ മനസ്സിലേത് അജ്ഞാനമാണ്. അതകന്നാലെ ഉള്ളിലുറങ്ങുന്ന അമ്പലക്കിളി ഉണരൂ. അമ്പലക്കിളിയെ ഉണര്ത്തലെന്നാല് ആത്മസത്തയുണര്ത്തി ഭഗവാനു സമര്‍പ്പിക്കല്‍ തന്നെ.
കല്ലുമല മുള്ളുമല
മലകള്‍ ചവിട്ടി- ഉള്ളില്‍
വില്ലടിച്ചാന്പാട്ടുപാടും
കിളിയെയുണര്ത്തി
(തേടിവരും കണ്ണുകളില്‍)
ഈ വരികളിലും ആത്മസത്തയാകുന്ന കിളിയെ കാണാം.
സുഖദുഃഖങ്ങളടക്കം തങ്ങള്‍ക്കുള്ളതെല്ലാം ഭഗവാനു സമര്‍പ്പിക്കലാണല്ലോ ഉത്തമ ഭക്തരുടെ ലക്ഷ്യം.
ശ്രീകോവില്‍ തിരുനടയിങ്കല്‍
കര്‍പ്പൂരമലകള്‍
കൈകൂപ്പിത്തൊഴുതുണരുകുമ്പോള്
പത്മനാഭപ്രഭ വിടര്‍ത്തും
തൃപ്പദങ്ങള്‍ ചുംബിക്കും
കൃഷ്ണതുളസി പൂക്കളാകാന്
വരുന്നു ഞങ്ങള്‍’
(ശരണമയ്യപ്പാ…)
തൃപ്പദങ്ങളില്‍ വീഴുന്ന കൃഷ്ണതുളസി പൂക്കള്‍ പോലെ, തൊഴുതുരുകുന്ന കര്‍പ്പൂരം പോലെ, ഭഗവാനില്‍ സ്വയം സമര്‍പ്പിതരാകാന്‍ ഭക്തര്‍ ആഗ്രഹിക്കുന്നു. ഞാനെന്ന ഭാവം പൂര്‍ണമായി ഉപേക്ഷിച്ചുകൊണ്ടുള്ള ആത്മസമര്‍പ്പണം.
നെഞ്ചിലെ വെളിച്ചത്തിന്
കതിരെടുത്ത് -അതില്‍
നിന് പ്രസാദം ചാലിച്ച്
നെറ്റിയിലിട്ട്…
(ശബരിമലയില്‍)
ഇവിടെ ഈ ആത്മസമര്‍പ്പണത്തിന്റെ മറ്റൊരു ഭാവം കാണാം. അതിലെ വെളിച്ചമാണല്ലോ ഭഗവാനിലേക്കുള്ള വഴി തെളിയിക്കുക!
വിഷ്ണുവും നീ ശിവനും നീ
ശ്രീമുരുകനും നീ
പരാശക്തിയും നീ ബുദ്ധനും നീ
അയ്യപ്പസ്വാമീ
കാലവും നീ പ്രകൃതിയും നീ
കാരണവും നീ -എന്നും
കാത്തരുളുക വരമരുളുക
കൈ വണങ്ങുന്നേന്‍
(തേടിവരും കണ്ണുകളില്‍)
ഭഗവാന് എല്ലാമാണ്. അല്ലെങ്കില്‍ എല്ലാം ഭഗവാനാണ.് ചരങ്ങളിലും അചരങ്ങളിലും തുടിക്കുന്നത് ഒരേ ചൈതന്യം. അതറിയണമെങ്കില്‍ ‘എന്നിലെ ഞാന്‍’ അലിഞ്ഞില്ലാതെയാകണം. അപ്പോള്‍ ഭക്തനു മുന്നില്‍ എല്ലാമായ ഭഗവാന് മാത്രമേ ഉണ്ടാകൂ. ആ സത്യമറിഞ്ഞുള്ള സമര്‍പ്പണത്തിലൂടെ ഭഗവാനും ഭക്തനും ഒന്നാകുന്നു. ഈ അഭേദബോധത്തെയാണ് തത്വമസി (അതു നീയാകുന്നു) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഈ അവസ്ഥയിലെത്താന്‍ സാധാരണക്കാര്ക്കാശ്രയം നിഷ്കളങ്കമായ ഭക്തി മാത്രം. അയ്യപ്പ, ശാസ്താ സങ്കല്പങ്ങള്ക്കാധാരമായ തത്ത്വമസിയുടെ സമഗ്രവും സംക്ഷിപ്തവും ലളിതവും സുന്ദരവുമായ ആഖ്യാനങ്ങളാണ് ഈ മൂന്നു ഗാനങ്ങളും. നമ്മുടെ ഭക്തി സാഹിത്യത്തെ ഇവ കൂടുതല്‍ സമ്പന്നമാക്കി. യഥാര്‍ത്ഥ ഭക്തരുടെ വികാരവിചാരങ്ങളും അന്തര്‍ദ്ദാഹവും അതേപടി ഉള്‍ക്കൊണ്ട് രചിക്കാനായതിനാലാണ് ഈ ഗാനങ്ങള്‍ ആപാതമധുരവും ആലോചനാമൃതവുമായത്. രൂപഭാവഭംഗിയില് ഇവ മലയാളത്തിലെ പ്രഖ്യാതങ്ങളായ കീര്‍ത്തനങ്ങള്‍ക്കൊപ്പം നില്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: