മറയൂര്‍: രണ്ടാഴ്ചയിലധികമായി തുടരുന്ന കനത്ത മഴയിലും മൂടല്‍മഞ്ഞിലും ശീതകാല കൃഷിക്ക് പേരുകേട്ട കാന്തല്ലൂര്‍, വട്ടവട മേഖലയില്‍ വ്യാപക വിളനാശം. വട്ടവടയില്‍ കാബേജ്, ക്യാരറ്റ് എന്നീ വിളകളാണ് കാലാവസ്ഥയെ അതിജീവിക്കാന്‍ കഴിയാതെ നശിക്കുന്നത്.
ഓണക്കാലത്തിന് ശേഷം തുടര്‍ച്ചായി മഴ എത്തിയതിനാല്‍ പഴവര്‍ഗ്ഗങ്ങളുടെ വിപണനവും പ്രതിസന്ധിയിലായി. സ്ട്രോബറി തൈകള്‍ പഞ്ചായത്തും കൃഷിഭവനും മുഖേന വിതരണം ചെയ്തെങ്കിലും കനത്ത മഴയില്‍ ഇവയെല്ലാം ചീഞ്ഞു നശിക്കുകയാണെന്ന് കര്‍ഷകര്‍ പറയുന്നു. ഓറഞ്ച്, സ്ട്രോബറി പഴങ്ങള്‍ വിളവെടുപ്പിന് പാകമാകുന്നത് നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ്. മഴ തുടരുന്നത് ഓറഞ്ച്, ആപ്പിള്‍ മരങ്ങളില്‍ ഫംഗസ് ബാധയ്ക്കും പിന്നാലെ വേനലില്‍ ഇവ ഉണങ്ങി നശിക്കുന്നതിനും കാരണമാകും.
ബീന്‍സ്, വെളുത്തുള്ളി കര്‍ഷകരും പ്രതിസന്ധിയിലാണ്. മഴ തുടരുന്നതിനാല്‍ പല തോട്ടങ്ങളിലും കളകള്‍ കടന്നുകയറി സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ വേറെയും. മറയൂരിലെ പരമ്പരാഗത ശര്‍ക്കര നിര്‍മ്മാണശാലകളുടെ പ്രവര്‍ത്തനങ്ങളും പ്രതിസന്ധിയിലായി. തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ പാടങ്ങളില്‍ വെള്ളം കെട്ടി നിന്നതിനെത്തുടര്‍ന്ന് വട്ടവട ഗ്രാമപഞ്ചായത്തിലെ കോവില്ലൂര്‍, കൊട്ടാകൊമ്പൂര്‍ പ്രദേശങ്ങളില്‍ നിരവധിപേരുടെ കൃഷി നശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: