അന്റാര്‍ട്ടിക്കയ്ക്ക് മുകളില്ലായി ഓസോണ്‍ പാളിയില്‍ വലിയൊരു ദ്വാരം രൂപപ്പെട്ടതായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ റിപ്പോര്‍ട്ടു ചെയ്തു. ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോയും നാസ പുറത്തുവിട്ടു. 1979 ന് ശേഷം ഇത് പതിമൂന്നാമത്തെ തവണയാണ് ഇത്ര വലിയ ദ്വാരം രൂപപ്പെടുന്നത്. 2021ല്‍ ഓസോണ്‍ പാളിയിലെ ദ്വാരം ഏറ്റവും വലുതായി മാറിയിരുന്നു. ഈ ദ്വാരത്തിന് ഏകദേശം വടക്കേ അമേരിക്കയുടെ വലുപ്പമുണ്ട്. അതായത് 2.48 കോടി ചതുരശ്ര കിലോമീര്‍.
ഇങ്ങനെയൊരു ദ്വാരം രൂപപ്പെടാനുള്ള പ്രധാന കാരണം ആഗോളതാപനമാണെന്നാണ് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്. നാസയുടെ മൂന്ന് ഉപഗ്രഹങ്ങളും നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷനുമാണ് ഓസോണ്‍ പാളിയെ നിരീക്ഷിക്കുന്നത്. ഓറ, സോമി എന്‍പിപി, എന്‍ഒഎഎ 20 എന്നീ മൂന്ന് ഉപഗ്രഹങ്ങളാണ് ഓസോണ്‍ പാളിയെ നിരീക്ഷിക്കുന്നത്.
സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മികള്‍ ഭൂമിയുടെ അന്തരീക്ഷത്തിലെ ഓക്സിജന്‍ തന്മാത്രകളുമായി കൂട്ടിയിടിക്കുമ്പോഴാണ് ഓസോണ്‍ രൂപപ്പെടുന്നത്. മൂന്ന് ഓക്സിജന്‍ ആറ്റങ്ങള്‍ ചേരുന്ന ഒരു തന്മാത്രയാണ് ഓസോണ്‍. ഇങ്ങനെയുള്ള നിരവധി തന്മാത്രകള് ചേര്‍ന്ന് ഭൂമിയുടെ മുകളില്‍ രൂപാന്തരപ്പെടുന്നതാണ് ഓസോണ്‍ പാളി. ഭൂമിയുടെ രണ്ടാമത്തെ പാളിയായ സ്റ്റ്രാറ്റോസ്ഫിയറിലാണ് ഓസോണ്‍ കാണപ്പെടുന്നത്. സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് ഭൂമിയെ ഒരു വലയം പോലെ സംരക്ഷിക്കുകയെന്നതാണ് ഓസോണ്‍ പാളിയുടെ ധര്‍മ്മം. മനുഷ്യന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പുറന്തള്ളുന്ന ക്ലോറിന്‍, ബ്രോമിന് എന്നിവ കാരണമാണ് ഓസോണ്‍ പാളിയില്‍ വിള്ളല്‍ വീഴുന്നത്. ഇത് സൂര്യന്റെ അള്‍ട്രാവയലറ്റ് രശ്മികളേ ഭൂമിയിലേക്ക് നേരിട്ട് പതിക്കാനിടയുണ്ടാക്കും. ഇത് ഭൂമിയെ പ്രതികൂലമായി ബാധിക്കും.
സ്ട്രാറ്റോസ്ഫെറിക്ക് മേഖലയില്‍ ഇപ്പോള്‍ മുന്പത്തേക്കാള് തണുപ്പുള്ളതു കാരണം ഇത് പ്രതീക്ഷിക്കുന്നതിലും വലിയ ദ്വാരമാണ്. മോണ്ട്രിയല് പ്രോട്ടോക്കോള്‍ നടപ്പായിരുന്നില്ലെങ്കില്‍ ഇത് ഇനിയും വലുതാകുമായിരുന്നുവെന്ന് നാസയുടെ ഗോദാര്‍ഡ് സ്പേസ് ഫ്ളൈറ്റ് സെന്ററിലെ എര്‍ത്ത് സയന്‍സസ് ചീഫായ പോള്‍ ന്യൂമാന്‍ പറഞ്ഞു.
1987ല്‍ മോണ്ട്രിയല് പ്രോട്ടോക്കോള്‍ പ്രകാരം 50 രാജ്യങ്ങള്‍ ഓസോണ്‍ പാളിയെ നശിപ്പിക്കുന്ന വസ്തുക്കളുടെ ഉത്പാദനം നിരോധിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവച്ചു. ഇനിയും അതില്‍ ഒപ്പുവെക്കാത്ത കുറച്ച് രാജ്യങ്ങളുണ്ട്. മോണ്ട്രിയല് പ്രോട്ടോക്കോള്‍ ഭൂമിക്ക് വലിയൊരു ആശ്വാസമാണെന്ന് നാസ ഇപ്പോഴും വിശ്വസിക്കുന്നു. ഈ പ്രോട്ടോക്കോള്‍ നടപ്പാക്കിയിരുന്നില്ലെങ്കില്‍ ഓസോണ്‍ പാളിയുടെ ദ്വാരത്തിന്റെ വലുപ്പം നാല് ദശലക്ഷം ചതുരശ്ര അടിയോ അല്ലെങ്കില്‍ അതില്‍ കൂടുതലോ ആകുമായിരുന്നുവെന്നും നാസ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: