ഡോ. എല്‍ മുരുഗന്
കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി
ഇന്ത്യ, സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം ആഘോഷിക്കുന്ന വേളയില്‍ കിരാതമായ ബ്രിട്ടീഷ് രാജിനെതിരെ നമ്മുടെ സ്വാതന്ത്ര്യത്തിനായി നിര്‍ഭയം പോരാടിയ താരങ്ങള്‍ക്കിടയില്‍ ഒരു ഉജ്വല നക്ഷത്രം തിളങ്ങി നില്ക്കുന്നു. അത് ഭഗവാന് ബിര്‍സ മുണ്ടയാണ്. ഹ്രസ്വമായിരുന്നു മുണ്ടയുടെ ജീവിതം. കേവലം 25 വര്‍ഷം. എങ്കിലും ധീര ജന്മമായിരുന്നു അത്. പക്ഷെ, വീരോചിതമായ പ്രവര്‍ത്തനങ്ങളും, മാന്യമായ പെരുമാറ്റവും അദ്ദേഹത്തിന് അനേകം അനുയായികളെ നേടിക്കൊടുത്തു. അനീതിക്കും അടിച്ചമര്‍ത്തലിനും എതിരെയുള്ള സാഹസിക പോരാട്ടങ്ങള്‍ നിറഞ്ഞ ആ ജീവിത കഥ, ബ്രിട്ടീഷ് കോളനി വാഴ്ച്ചയ്ക്കെതിരെയുള്ള ശക്തമായ ചെറുത്തു നില്‍പ്പിന്റെ ശബ്ദത്തെ പ്രതിനിധീകരിക്കുന്നു.
ഇന്നത്തെ ജാര്‍ഖണ്ഡിലെ ഉളിഹത്തു ഗ്രാമത്തില്‍, മുണ്ട ഗോത്ര കുടുംബത്തില്‍ 1875 നവംബര്‍ 15 ന് ബിര്‍സ ജനിച്ചു. ബാല്യം മുഴുവന്‍ കൊടിയ ദാരിദ്ര്യമായിരുന്നു. പ്രകൃതി വിഭവങ്ങളെ ഉപജീവിച്ച് കാടിനുള്ളില്‍ കഴിഞ്ഞിരുന്ന ഗോത്ര സമൂഹങ്ങളുടെ സമാധാനപരമായ ജീവിതത്തിന് ഭംഗം വരുത്തിക്കൊണ്ട് മധ്യ പൂര്‍വ ഇന്ത്യയിലെ ഉള്‍വനങ്ങളിലേയ്ക്ക് ചൂഷകരായ ബ്രിട്ടീഷ് ഭരണാധികാരികള്‍ നുഴഞ്ഞു കയറി തുടങ്ങിയ സംഘര്‍ഷഭരിതമായ കാലമായിരുന്നു അത്. ഗോത്ര സമൂഹത്തില്‍ അതു വരെ നിലനിന്നിരുന്ന ഖുന്ത്കട്ടി കാര്‍ഷിക സമ്പ്രദായം തകര്‍ത്തുകൊണ്ട് ഛോട്ടാ നാഗ്പൂര്‍ പ്രവിശ്യയില്‍ ബ്രിട്ടീഷുകാര്‍ സെമിന്ദാരി ജന്മിത്ത ഭരണം ആരംഭിച്ചു. ഗോത്രസമൂഹങ്ങളെ ചൂഷണം ചെയ്യുന്നതിനായി ബ്രിട്ടീഷുകാര്‍ പുറമെ നിന്ന് വട്ടിപ്പലിശക്കാരെയും കരാറുകാരെയും ജന്മിമാരെയും കൊണ്ടുവന്നു. ബ്രിട്ടീഷ് ഭരണാധികാരികളുടെ പിന്തുണയോടെ നിര്‍ദ്ദയമായ മിഷനറി പ്രവര്‍ത്തനങ്ങള്‍ നിര്‍ബാധം തുടരുകയും കാട്ടില്‍ താമസിച്ചിരുന്ന ആദിവാസികളുടെ മത സാംസ്കാരിക ആചാരങ്ങളെ അതു തടസപ്പെടുത്തുകയും വ്രണപ്പെടുത്തുകയും ചെയ്തു.
തന്റെ കണ്മുന്നില് സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ കാര്യങ്ങളെല്ലാം നിരീക്ഷിച്ചാണ് ബാലനായ ബിര്‍സ വളര്‍ന്നത്. ആദിവാസികളുടെയും ഗോത്രസമൂഹത്തിന്റെയും താല്പര്യങ്ങള്ക്കു വിരുദ്ധമായി കോളോണിയല്‍ ശക്തികളും, വനത്തിനു പുറത്തു നിന്നു വന്ന വര്‍ഗ്ഗ ശത്രുക്കളും എങ്ങിനെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് ആ യുവമനസ് ഗ്രഹിച്ചു തുടങ്ങി. ഈ അവിശുദ്ധ കൂട്ടുകെട്ടിനെതിരെ പോരാടുന്നതിനുള്ള അദ്ദേഹത്തിന്റെ തീരുമാനം ശക്തിപ്പെടാന്‍ ഈ തിരിച്ചറിവ് ഇന്ധനമായി.
1880 കളില്‍ ആ മേഖലയില്‍ നടന്ന സര്‍ദാരി ലാറായി പ്രക്ഷാഭത്തെ വളരെ അടുത്തു നിന്ന് കാണുവാന്‍ യുവാവായ ബിര്‍സയ്ക്ക് അവസരം ലഭിച്ചു. ഗോത്രസമൂഹത്തിന്റെ അവകാശങ്ങള്‍ പുനസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് ബ്രിട്ടീഷ് ഭരണാധികാരികള്‍ക്ക് പരാതി അയച്ചുകൊണ്ടുള്ള അക്രമരഹിത പ്രതിഷേധ പരിപാടിയായിരുന്നു അത്. എന്നാല്‍, ഈ ആവശ്യത്തെ കൊളോണിയല്‍ അധികാരികള്‍ നിഷ്കരുണം തള്ളിക്കളഞ്ഞു. ഭൂവുടമകളായിരുന്ന ഗോത്രവര്‍ഗ്ഗക്കാര്‍ സെമിന്ദാരി സംവിധാനത്തില്‍ വെറും തൊഴിലാളികളായി മാറി. ഭൂപ്രഭുത്വ വ്യവസ്ഥിതിയില്‍ ഗോത്ര സമൂഹത്തിന്റെ വനമേഖലയില്‍ നിര്‍ബന്ധിത കൂലിവേല കൂടുതല്‍ കര്‍ശനമാക്കി. നിഷ്കളങ്കരും പാവങ്ങളുമായ ഗോത്രവര്‍ഗ്ഗത്തിനു നേര്‍ക്കുള്ള ചൂഷണം ഒടുവില്‍ പൊട്ടത്തെറിയുടെ വക്കിലെത്തി.
അങ്ങിനെ ബിര്‍സ ആദിവാസികളുടെ പ്രശ്നം ഏറ്റെടുത്തു. മതവിശ്വാസത്തിന്റെ കാര്യത്തില്‍ അദ്ദേഹം തന്റെ സഹ ഗോത്രങ്ങള്‍ക്ക് പുതിയ പ്രകാശം കാണിച്ചുകൊടുത്തു. ഗോത്രസമൂഹത്തിന്റെ ജീവിതത്തെയും സംസ്കാരത്തെയും നിസാരമാക്കി കാണിച്ച മിഷനറിമാര്‍ക്കെതിരെ അദ്ദേഹം ശക്തമായ നിലപാട് സ്വീകരിച്ചു. അതോടൊപ്പം ഗോത്ര സമൂഹത്തിന്റെ മതപരമായ ആചാരങ്ങളെ ബിര്‍സ പരിഷ്കരിക്കുകയും പുതുക്കുകയും ചെയ്തു. നിരവധി അനാചാരങ്ങളെ അദ്ദേഹം നിരുത്സാഹപ്പെടുത്തി. പുതിയ വിശ്വാസ പ്രമാണങ്ങളും പ്രാര്‍ത്ഥനകളും കൊണ്ടുവന്നു. പല ശീലങ്ങളും നവീകരിച്ചു. ഗോത്രസമൂഹത്തിന്റെ ആത്മാഭിമാനം പുനസ്ഥാപിക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനും വേണ്ടി അദ്ദേഹം നിലകൊണ്ടു. പൂര്‍വിക രാജാവിന് വിജയം എന്ന മന്ത്രവുമായി അദ്ദേഹം ആദിവാസി മനസുകളെ സ്വാധീനിച്ചു, അങ്ങനെ ഗോത്രവര്‍ഗ്ഗത്തിന്റെ പരമാധികാരവും ഭൂമിയിന്മേലുള്ള അവരുടെ പരമ്പരാഗത നിയന്ത്രണവും വീണ്ടെടുക്കുവാന്‍ അദ്ദേഹം പ്രചോദനമായി. ബിര്‍സ അങ്ങിനെ ജനകീയ നേതാവായി, അദ്ദേഹം അനുയായികള്‍ക്കു ഭഗവാനും ധരാതി ആബയുമായി.
എല്ലാ നിക്ഷിപ്ത താല്പര്യങ്ങളുടെയും ചൂഷക നിഷ്ഠുര സ്വഭാവത്തെ കുറിച്ച് അദ്ദേഹം ഗോത്രവര്‍ഗ്ഗക്കാരെ ബോധവാന്മാരാക്കി. പുറത്തു നിന്നു വന്നിരിക്കുന്നവര്‍ ഉള്‍പ്പെടെയുള്ള ശത്രുക്കള്‍ ആരാണ് എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അദ്ദേഹം ബ്രിട്ടീഷ് ഭരണത്തിന് എതിരായിരുന്നു. എല്ലാ പ്രശ്നങ്ങളുടെയും കഷ്ടപ്പാടുകളുടെയും മൂലകാരണം കോളനിവാഴ്ച്ചയാണ് എന്ന് ബിര്‍സ മുണ്ട വ്യക്തമായി തിരിച്ചറിഞ്ഞു. രാജ്ഞിയുടെ രാജ്യം അവസാനിക്കട്ടെ, ഞങ്ങളുടെ രാജ്യം സ്ഥാപിതമാകട്ടെ എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഈ തീപ്പൊരി അദ്ദേഹം ജനക്കൂട്ടത്തിന്റെ മനസിലേയ്ക്ക് വലിച്ചെറിഞ്ഞു. മുണ്ടകള്‍, ഒറവോണ്‍ തുടങ്ങി ആദിവാസികളും അല്ലാത്തവരും അദ്ദേഹത്തിന്റെ ആഹ്വാനത്തോട് ക്രിയാത്മകമായി പ്രതികരിച്ചു. ഒപ്പം ചേര്‍ന്നു, സ്വന്തം സാമൂഹിക, സാമ്പത്തിക, രാഷ്ട്രിയ, സാംസ്കാരിക വിമോചനത്തിനായി കൊളോണിയല്‍ നേതൃത്വത്തിനെതിരെയും പുറമെ നിന്നുള്ള ചൂഷകര്‍ക്കെതിരെയും ബിര്‍സയുടെ നേതൃത്വത്തില്‍ അവര്‍ വിപ്ലവം ആരംഭിച്ചു. കരം നല്‍കരുത് എന്നും, ബ്രിട്ടീഷ് ഭരണാധികളുടെയും മിഷനറിമാരുടെയും, പ്രഭുക്കളുടെയും സ്ഥാപനങ്ങള്‍ ആക്രമിക്കുക എന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പരമ്പരാഗത ആയുധങ്ങളായ അമ്പും വില്ലും ഉപയോഗിച്ച് ഗോത്ര സമൂഹം മധ്യ പൂര്‍വ ഇന്ത്യയില്‍ ബ്രിട്ടീഷ ഭരണത്തിനെതിരെ ഫലപ്രദമായി പിടിച്ചു നിന്നു. ഇങ്ങനെ ചെയ്യുമ്പോഴും ചൂഷകര്‍ മാത്രമെ ആക്രമിക്കപ്പെടുന്നുള്ളു എന്ന് ഉറപ്പു വരുത്താനും സാധാരണക്കാര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാനും ബിര്‍സ ശ്രദ്ധിച്ചിരുന്നു. ബിര്‍സ ഊര്‍ജ്ജസ്വലതയുടെയും ദൈവികതയുടെയും പ്രതീകമായി മാറി. വൈകിയില്ല ബ്രിട്ടീഷ് പോലീസ് അദ്ദേഹത്തെ പിടികൂടി അഴിക്കുള്ളിലാക്കി. 1900 ജൂണ്‍ 9-ന് കാരാഗൃഹത്തില്‍ അദ്ദേഹം മരിച്ചു.
പക്ഷെ ഭഗവാന് ബിര്‍സ മുണ്ടയുടെ പോരാട്ടം വ്യര്‍ത്ഥമായില്ല. ഗോത്രസമൂഹത്തെ ചൂഷണം ചെയ്യുന്നതിലെ അവസ്ഥ മനസിലാക്കുവാന്‍ ബ്രിട്ടീഷ് ഭരണകൂടും നിര്‍ബന്ധിതരാവുകയും ആദിവാസി സമൂഹത്തിന്റെ സംരക്ഷണത്തിനായി ഛോട്ടാ നാഗപ്പൂര്‍ കുടിയാന് നിയമം -1908 പ്രാബല്യത്തില്‍ കൊണ്ടുവരികയും ചെയ്തു. ഗോത്രവര്‍ഗ്ഗക്കാരുടെ ഭൂമി ഗോത്രവര്‍ഗ്ഗക്കാരല്ലാത്തവര്‍ക്കു കൈമാറ്റം ചെയ്യുന്നതു തടയുന്ന സുപ്രധാന നിയമമാണ് ഇത്. ഗോത്രസമൂഹത്തിന് ഈ നിയമം വലിയ ആശ്വസമായി. ഗോത്രസമൂഹത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന നിയമത്തിലെ നാഴിക കല്ലായി ഈ നിയമം മാറി. നിര്‍ബന്ധിത കൂലിവേല റദ്ദാക്കുന്നതിനുള്ള നടപടികളും ബ്രിട്ടീഷ് ഭരണകൂടം സ്വീകരിച്ചു.
കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ 121 സംവത്സരങ്ങള്‍ കഴിഞ്ഞിട്ടും ഭഗവാന് ബിര്‍സ മുണ്ട ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ഇന്നും ആവേശവും പ്രചോദനവുമാണ്. നേതൃത്വത്തിന്റെയും ധീരതയുടെയും പൗരുഷത്തിന്റെയും പ്രതീകമാണ് അദ്ദേഹം. തന്റെ സമ്പന്നമായ സംസ്കാരത്തിലും മഹത്തായ പാരമ്പര്യങ്ങളിലും ആത്മാഭിമാനം കൊണ്ടിരുന്ന നേതാവായിരുന്നു മുണ്ട്. അതെ സമയം സ്വന്തം വിശ്വാസത്തില്‍ ആവശ്യമായ പരിഷ്കാരങ്ങള്‍ വരുത്തുന്നതില്‍ അദ്ദേഹം ലജ്ജിച്ചിരുന്നുമില്ല.
നമ്മുടെ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിലെ സമുന്നത പ്രതീകങ്ങളില്‍ ഒന്നാണ് ഭഗവാന് ബിര്‍സ മുണ്ട. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് മുണ്ട, ഒറാവോണ്‍, സന്തല്, തമാര്‍, കോല, ഭില്‍, ഖാസി, കോയാ, മിസോ, തുടങ്ങി നിരവധി ഗോത്ര സമൂഹങ്ങള്‍ ശക്തി പകര്‍ന്നിട്ടുണ്ട്. ഗോത്രസമൂഹം സംഘടിപ്പിച്ച സമരങ്ങളും വിപ്ലവങ്ങളും അവരുടെ അതിരില്ലാത്ത ധീരതയും പരമോന്നത ത്യാഗവും കൊണ്ട് അടയാളപ്പെടുത്തപ്പെട്ടവയും രാജ്യത്തെ മുഴുവന്‍ ആവേശം കൊള്ളിക്കുകയും ചെയ്യുന്നവയാണ്. എന്നാല്‍ വ്യവസ്ഥാപിത ചരിത്രകാരന്മാര്ക്ക് എന്തുകൊണ്ടോ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് ഇവര്‍ നല്കിയ സംഭാവനകളോട് നീതി പുലര്‍ത്താന്‍ സാധിച്ചിട്ടില്ല.
എന്നാല്‍ ക്രാന്തദര്‍ശിയായ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ ഇന്ത്യക്കാരോടും സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കാനും, ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ പുകഴ്ത്തപ്പെടാതെ പോയ ധീരരെയും അവരുടെ ത്യാഗത്തെയും ധൈര്യത്തെയും കുറിച്ച് മനസിലാക്കാനും പഠിക്കാനും അഭ്യര്‍ത്ഥിക്കുകയും ചെയ്തരിക്കുന്നു. അദ്ദേഹത്തിന്റെ ഊര്‍ജ്ജസ്വലമായ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും ഭഗവാന് ബിര്‍സ മുണ്ടെയുടെ ജ•ദിനമായ നവംബര്‍ 15 ജന്‍ ജാതിയ ഗൗരവ് ദിവസമായി ആചരിച്ചുകൊണ്ട് ഇതാദ്യമായി ഗോത്ര സമൂഹത്തിന്റെ അഭിമാനവും സംഭവനകളും ആദരിക്കപ്പെടുകയാണ്.
ധീരതയുടെയും ദേശബോധത്തിന്റെയും ആതിഥ്യ മര്യാദയുടെയും മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനും ഈ ജന്‍ ജാതീയ ഗൗരവ് ദിനത്തില്‍ നമ്മുടെ ഇന്ത്യന്‍ ഗോത്ര സമൂഹത്തെ നമുക്ക് ഓര്‍മ്മിക്കാം അവരുടെ സംഭാവനകളെ അംഗീകരിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: