വെംബ്ലി: അല്‍ബേനിയയെ തകര്‍ത്ത് ഇംഗ്ലണ്ട് ഖത്തര്‍ ലോകകപ്പിലേക്കുള്ള യോഗ്യതയുടെ തൊട്ടടുത്ത്. മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്കായിരുന്നു സ്വന്തം മണ്ണില്‍ ഇംഗ്ലണ്ടിന്റെ വിജയം. ക്യാപ്റ്റന്‍ ഹാരി കെയ്നിന്റെ ഗംഭീര ഹാട്രിക്കാണ് വിജയം സമ്മാനിച്ചത്. 18,33 മിനിറ്റുകളിലും ആദ്യപകുതിയുടെ പകുതി സമയത്തുമായിരുന്നു കെയ്നിന്റെ ഗോളുകള്‍. ഒന്‍പതാം മിനിറ്റില്‍ ഹാരി മഗ്വെയര്‍, 28-ാം മിനിറ്റില്‍ ജോര്‍ദാന്‍ ഹെന്ഡേഴ്സന് എന്നിവരും ഗോള്‍ നേടി. ഇംഗ്ലണ്ടിന്റെ അഞ്ച് ഗോളുകളും പിറന്നത് ആദ്യ പകുതിയിലായിരുന്നു. വിജയത്തോടെ ഗ്രൂപ്പ് ഐയില്‍ 9 കളികളില്‍ നിന്ന് 23 പോയിന്റുമായാണ് ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്ത് തുടരുന്നത്. ഗ്രൂപ്പിലെ അവസാന കളിയില്‍ ഒരു സമനില മാത്രം മതി ഇംഗ്ലണ്ടിന് ഖത്തര്‍ ടിക്കറ്റ് ഉറപ്പിക്കാന്‍. 15ന് ദുര്‍ബലരായ സാന്‍ മരിനോയാണ് അവസാന കളിയില്‍ ഇംഗ്ലണ്ടിന്റെ എതിരാളികള്‍.
ഗ്രൂപ്പിലെ മറ്റ് മത്സരങ്ങളില്‍ പോളണ്ട് സൂപ്പര്‍ താരം റോബര്‍ട്ടോ ലെവന്‍ഡോസ്കിയുടെ ഇരട്ട ഗോള്‍ കരുത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് അന്‍ഡോറയെ തകര്‍ത്തു. കളിയുടെ ആദ്യ മിനിറ്റില്‍ തന്നെ അന്‍ഡോറയുടെ ഫെര്‍ണാണ്ടസ് ബെട്രിയു ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായശേഷം പത്തുപേരുമായാണ് അവര്‍ കളിച്ചത്. വിജയത്തോടെ പോളണ്ട് 20 പോയിന്റുമായി രണ്ടാം റൗണ്ട് ഉറപ്പിച്ചു. മറ്റൊരു മത്സരത്തില്‍ ഹംഗറി 4-0ന് സാന്‍മരിനോയെ കീഴടക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: