ജനസംഖ്യയില്‍ ഒന്നാമത്തെയും കരവിസ്തൃതിയില്‍ മൂന്നാമത്തെ രാജ്യവുമാണ് ചൈന. പല കാര്യങ്ങളിലും അമേരിക്കയുമായി മത്സരിക്കുന്ന ചൈന, പലപ്പോഴും അവരുടെ മിത്രവും ശത്രുവുമായിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും ജനാധിപത്യാവകാശങ്ങള്‍ അനുവദിക്കുന്നതില്‍ അറച്ചുനില്ക്കുന്ന രാജ്യവും ഇന്ന് ചൈനയെപ്പോലെ മറ്റൊന്നില്ല. അല്‍പ്പം സ്വാതന്ത്ര്യത്തിനായി ശബ്ദിച്ച വിദ്യാര്‍ഥികളെ ടിയാനമെന്‍ സ്ക്വയറില്‍ ചതച്ചരച്ച് കൊന്നതിന് ഏറെ കാലപ്പഴക്കമില്ല. എന്നാലും ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യാക്കാരില്‍ പോലും ‘മധുര മനോഹര മനോജ്ഞ ചൈന’ എന്ന് പാടിപ്പുകഴ്ത്താന്‍ ആളുണ്ടെന്നതാണ് അത്ഭുതകരം.
65,000 വര്‍ഷം മുമ്പ് ആഫ്രിക്കയില്‍ നിന്നാണ് ആധുനിക മനുഷ്യന് ചൈനയിലെത്തിയത്. 1923 ല്‍ കണ്ടെത്തിയ പീക്കിങ് മനുഷ്യന്റെ അവശിഷ്ടങ്ങള്‍ക്ക് അത്രയും പഴക്കമുള്ളതായി ശാസ്ത്രീയമായി തെളിഞ്ഞിട്ടുണ്ട്. ആദിമ നരവംശമായ ഹോമോ ഇറക്റ്റസ് എന്ന ജാതിയില്‍പ്പെട്ടവരാണ്. ബിസി. 25000 ല്‍ പുരാതന ശിലായുഗത്തിലെ ആധുനിക മനുഷ്യന് ചൈനയില്‍ ആവാസം തുടങ്ങി. ബി.സി. 5000 ല്‍ നവീന ശിലായുഗത്തിലെ കാര്‍ഷിക സമൂഹവും ആവിര്‍ഭവിച്ചു. ഷിയ രാജവംശം ഉദയം ചെയ്ത താമ്രയുഗാരംഭമായ കാലത്ത് കൃഷിയും ജലസേചനവും വികസിച്ചു. എഴുത്തുവിദ്യയ്ക്കും തുടക്കം കുറിച്ചു. മുഖ്യ രാജവംശമായ ഷാങ് ആവിര്‍ഭവിച്ചു. കലണ്ടര്‍ വികസിച്ചു വന്നത് ഈ കാലഘട്ടത്തിലാണ്. പടിഞ്ഞാറന്‍ ചൈനയില്‍ നിന്നുള്ള രാജവംശം, ഷാങ് വംശത്തെ പുറത്താക്കി അധികാരം പിടിച്ചെടുത്തു. ഹൊനാന്‍ പ്രവിശ്യയില്‍ വാണിരുന്ന ആദ്യ രാജവംശമാണ് ഷാങ്. കാലഘട്ടം ബി.സി 16-ാം ശതകം മുതല്‍ 11-ാം ശതകം വരെ. ഈ കാലഘട്ടത്തില്‍ വന്‍ നഗരങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിരുന്നു. വെങ്കലത്തിലുള്ള നിര്‍മ്മാണ വിദ്യ വശമായിരുന്നു. അഗ്നി ദേവന്റെ പിന്‍ഗാമികളാണ് തങ്ങളെന്ന് ഷാങ് അവകാശപ്പെടുന്നു. ശേഷം പല രാജവംശങ്ങളും ചൈന ഭരിച്ചു. കാലം മാറിമറിഞ്ഞു. രാജാക്കന്മാരും ഒട്ടനവധിയായി. സമീപകാലത്ത് ഏറെ സ്വാധീനം നേടിയത് മാവോസേതൂങ്ങ്. എല്ലാം തികഞ്ഞ സര്‍വാധികാരി. അതും കഴിഞ്ഞാണ് ഇന്നത്തെ ഷി ചിന്‍പിംങ് ഭരണത്തിലേറുന്നത്. മാവോയുടെ തനിപ്പകര്‍പ്പ്.
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്ലീനം ‘ചരിത്രപരമായ പ്രമേയം’ ഇപ്പോള്‍ പാസാക്കിയതോടെ ചരിത്രത്തില്‍ ഇടംപിടിക്കുകയാണ് പ്രസിഡന്റ് ഷി ചിന്‍പിങ്. എല്ലാ ഉന്നത നേതാക്കളും പങ്കെടുത്ത പ്ലീനത്തെ ‘ചരിത്രം മാറ്റിയെഴുതാന്‍’ ചേര്‍ന്നതെന്നാണ് നിരീക്ഷിച്ചത്. കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി പദവി തുടര്‍ച്ചയായി രണ്ട് തവണ എന്ന വ്യവസ്ഥ 2018 ല്‍ നീക്കം ചെയ്തപ്പോള്‍ തന്നെ ചൈനയുടെ ഭാവി ചരിത്രം ഷി ചിന്‍പിങ്ങിന് (68) ചുറ്റുമാകുമെന്ന് വ്യക്തമായിരുന്നു.
മാവോ സെ തൂങ്ങിനു ശേഷമുള്ള ഏറ്റവും പ്രമുഖ നേതാവ് എന്ന ഷിയുടെ സ്ഥാനം ഊട്ടിയുറപ്പിക്കുന്നതായിരുന്നു സമ്മേളനം. പാര്‍ട്ടിയുടെ 100 വര്‍ഷത്തെ ചരിത്രത്തില്‍ മൂന്നാം തവണയാണ് ‘ചരിത്രപരമായ പ്രമേയം’ പാസാക്കാന്‍ പ്ലീനം വിളിച്ചുചേര്‍ത്തത്. മുന്‍പ് 1945 ല്‍ മാവോയുടെ അധീശത്വം സ്ഥാപിക്കുന്നതിനും 1981 ല്‍ മാവോയിസത്തെ തള്ളി ഡെങ്ങിന്റെ പരിഷ്കാരങ്ങള്‍ക്കു പിന്തുണ പ്രഖ്യാപിക്കുന്നതിനുമാണ് സമാനമായ സമ്മേളനം നടന്നത്.
സമ്മേളനത്തില്‍ പൊളിറ്റ് ബ്യൂറോയ്ക്കു വേണ്ടി ഷി ചിന്‍പിങ്ങ് പ്രവര്‍ത്തന രേഖ അവതരിപ്പിച്ചു. തുടര്‍ന്ന് പ്രമേയത്തിന്റെ ഉള്ളടക്കത്തെപ്പറ്റിയും സംസാരിച്ചു. അടുത്ത വര്‍ഷം പകുതിയോടെ ബെയ്ജിങ്ങില്‍ നടത്താനിരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിനെപ്പറ്റിയും ചര്‍ച്ച നടന്നു. 370 നേതാക്കള്‍ പങ്കെടുത്തു. ഭാവി നേതാക്കളെ തെരഞ്ഞെടുക്കുന്നതും പ്ലീനം ആണ്.
കൊറിയന്‍ യുദ്ധത്തിലെ ചൈനയുടെ ഇടപെടല്‍ മൂലം അമേരിക്കന്‍ ഐക്യനാടുകള്‍ ചൈനക്കു മേല്‍ ഒരു വ്യാപാരം നിരോധനം നടപ്പിലാക്കിയിരുന്നു. എന്നാല്‍ പിന്നീട് അമേരിക്കന്‍ പ്രസിഡന്റായിരുന്ന റിച്ചാര്‍ഡ് നിക്സണ് ചൈനയുമായുള്ള ബന്ധം പുനഃസ്ഥാപിച്ചു. റഷ്യയുമായുള്ള ബന്ധത്തില്‍ ചൈന ഒരു വലിയ സഹായമായിരിക്കും എന്നാണ് നിക്സണ് വിശ്വസിച്ചിരുന്നത്.
മാവോയുടെ സൈനിക അനുഭവങ്ങളെക്കുറിച്ചുള്ള രചനകള്‍ പില്ക്കാലത്ത് ഈ രീതി പിന്തുടരാനാഗ്രഹിച്ച സംഘടനകള്‍ക്കും, രാജ്യങ്ങള്‍ക്കും, പോരാളികള്‍ക്കും ഒരു വേദപുസ്തകം പോലെയായിത്തീര്‍ന്നു. ഗറില്ലാ യുദ്ധതന്ത്രങ്ങള്‍ ഇത്ര വലിയ രീതിയില്‍ നടപ്പിലാക്കിയ മറ്റൊരു നേതാവില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (മാവോയിസ്റ്റ്), അദ്ദേഹത്തിന്റെ ഗറില്ലാ യുദ്ധമുറകള്‍ പിന്തുടര്ന്നാണ് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും വിജയം പിടിച്ചെടുത്തത്. കൊറിയന്‍ യുദ്ധത്തില്‍ മൊബൈല്‍ യുദ്ധതന്ത്രങ്ങളായിരുന്നു ഐക്യരാഷ്ട്രസേനക്കെതിരേ പ്രയോഗിച്ചത്. മാവോ, ഒരു ആണവയുദ്ധത്തെപ്പോലും സ്വാഗതം ചെയ്തിരുന്നതായി ചരിത്രകാരന്മാര് പറയുന്നു. കോടിക്കണക്കിനാളുകളുടെ ജീവന് ബലികൊടുത്തിട്ടാണെങ്കിലും അത്തരം ഒരു യുദ്ധത്തെ നേരിടാനുള്ള കരുത്ത് ചൈനക്കുണ്ടെന്ന് മാവോ വിശ്വസിച്ചിരുന്നു.
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ ഉദ്ഘാടന പ്രസംഗത്തിന്റെ ഔദ്യോഗിക ചൈനീസ് പരിഭാഷ ആരംഭിക്കുന്നതു തന്നെ മാവോയുടെ കവിതയിലെ ചില വരികള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ്. 2008 ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ഒബാമ, ജോണ്‍ മക്കെയിന് മാവോയുടെ ചില വാചകങ്ങള്‍ തന്റെ പ്രസംഗങ്ങള്‍ക്കിടെ ഉദ്ധരിക്കുമായിരുന്നു. മൂന്നാം ലോക രാജ്യങ്ങളിലെ പല കമ്മ്യൂണിസ്റ്റുകളും മാവോയിസം തങ്ങളുടെ പ്രത്യയശാസ്ത്രമായി സ്വീകരിച്ചു വന്നു. കംബോഡിയയിലെ മെര് റോഗ്, നേപ്പാളിലെ നേപ്പാളീസ് റെവല്യൂഷണറി മൂവ്മെന്റ്, പെറുവിലെ ഷൈനിംഗ് പാത്ത് എന്നീ സംഘടനകള്‍ മാവോയിസത്തെ സമര മാര്‍ഗ്ഗമായി സ്വീകരിച്ച രാജ്യങ്ങളാണ്.
1990 കളുടെ മദ്ധ്യത്തില്‍ ചൈനയുടെ ഔദ്യോഗിക കറന്‍സിയായ റെന്‍മിന്‍ബിയില്‍ മാവോയുടെ ചിത്രം ഔദ്യോഗികമായി ഉപയോഗിച്ചു തുടങ്ങി. കറന്‍സിയിലുള്ള ഈ ചിത്രം കള്ളനോട്ടു തടയാനുള്ള ഔദ്യോഗിക തെളിവായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 2006 ല്‍ ഷാങ്ഹായ് സര്‍ക്കാര്‍ മാവോയുടെ ചരിത്രം ഉള്‍പ്പെടുത്താത്ത സ്കൂള്‍ ചരിത്ര പാഠപുസ്തകങ്ങള്‍ പുറത്തിറക്കി. ഒരു ആചാര മര്യാദക്കുവേണ്ടിപ്പോലും മാവോയുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്താന്‍ അവര്‍ തയ്യാറായില്ല. ഷാങ്ഹായിലെ വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ മാവോയെക്കുറിച്ചു പഠിക്കുന്നത് താഴ്ന്ന ക്ലാസ്സുകളില്‍ മാത്രമാണ്. ഏതായാലും ലോകത്തെങ്ങുമുള്ള ജനാധിപത്യമോഹികളെ സന്തോഷിപ്പിക്കുന്നതാകില്ല ചൈനയിലെ ഇപ്പോഴത്തെ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: